ശങ്കര്‍ മിശ്ര കള്ളം പ്രചരിപ്പിക്കുന്നു, കൂടുതല്‍ ഉപദ്രവിക്കുക ലക്ഷ്യം; സ്വയം മൂത്രമൊഴിച്ചതെന്ന വാദത്തിനെതിരെ പരാതിക്കാരി
ന്യൂഡല്‍ഹി: വിമാനത്തില്‍ വയോധികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി രംഗത്ത്. അയാള്‍ ചെയ്ത തീര്‍ത്തും മ്ലേച്ഛമായ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനു പകരം, എന്നെ കൂടുതല്‍ ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി പരസ്പരവിരുദ്ധമായ ആരോപണമാണ് പ്രതി ഉയര്‍ത്തിയതെന്നും അവര്‍ വ്യക്തമാക്കി.
തന്റേതിന് സമാനമായ മോശം അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാനുള്ള മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് പരാതിക്കാരി പറയുന്നു
ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട ഡല്‍ഹി പൊലിസിന്റെ അപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ നോട്ടിസിന് മറുപടിയായാണ് പ്രതി ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന ആരോപണം നിഷേധിച്ചത്.
മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും പ്രതി കോടതിയില്‍ വാദിച്ചിരുന്നു.
അതേസമയം,ശങ്കര്‍ മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന പൊലിസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ കഴിഞ്ഞ ശനിയാഴ്ച 144 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചിരുന്നു.
നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനവും ഇയാളെ പുറത്താക്കിയിരുന്നു. വെല്‍സ് ഫാര്‍ഗോ എന്ന കമ്പനിയാണ് ശങ്കര്‍ മിശ്രയെ പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."