മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി; കോലിയും ശുഭ്മാനും തകർത്തടിക്കുമ്പോൾ ഗാലറിയിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ; വിമർശനവുമായി യുവരാജ് സിങ്ങും
തിരുവനന്തപുരം: 'വിരാടും ശുഭ്മാനും നന്നായി കളിച്ചു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോൾ ഏകദിന ക്രിക്കറ്റ് മത്സരം ഇല്ലാതാവുകയാണോയെന്ന് എനിക്ക് ആശങ്കയുണ്ട്..'
കാര്യവട്ടം സ്‌റ്റേഡിയത്തിൽ ഇന്ത്യശ്രീലങ്ക മൂന്നാം ഏകദിനത്തിലെ ഒഴിഞ്ഞ ഗാലറിയെ കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റാണിത്.
ഉച്ചയ്ക്ക് 1.30 ഓടെ മത്സരം ആരംഭിച്ചെങ്കിലും കളിക്കാർക്ക് മുന്നിൽ ഗാലറി പകുതിയും ഒഴിഞ്ഞു കിടന്നു. മുൻ കാലങ്ങളിൽ പ്രവേശനം അനുവദിച്ച് ആദ്യ മണിക്കൂറിൽ തന്നെ നിറഞ്ഞിരുന്ന സ്റ്റേഡിയത്തിൽ വളരെ കുറവ് കാണികളാണ് ഇക്കുറി എത്തിയത്.
നട്ടുച്ചയക്കും കാണികൾ ആവേശത്തോടെയെത്തിയിരുന്ന കാര്യവട്ടത്ത് മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പുവരെ രണ്ടായിരം പേരേ ഉണ്ടായിരുന്നുള്ളൂ. 39,571 സീറ്റുകളിലേക്ക് വെയിൽ കുറഞ്ഞ ശേഷവും എത്തിയത് പകുതിയോളം പേർ മാത്രം. കോംപ്ലിമെന്ററി ടിക്കറ്റെടുത്ത് വന്നവരുൾപ്പെടെയാണിത്. ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് ഇന്നലെ മത്സരം നടന്നത്.
ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതും ഇതിനെ ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞ 'പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ല' എന്ന പ്രസ്താവനയും വലിയ വിവാദമായിരുന്നു. ഇതോടെ ടിക്കറ്റ് വിൽപന കുത്തനെ കുറഞ്ഞിരുന്നു. മാച്ച് ആരംഭിക്കുന്നതിന് മിനുട്ടുകൾ മുമ്പുവരെ ടിക്കറ്റ് വിറ്റിട്ടും പതിനായിരത്തിൽ താഴെ മാത്രമാണ് വിറ്റഴിക്കാനായതെന്നാണ് വിവരം.
ടിക്കറ്റിന് ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തിൽ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കിയത്. ഇതോടെ 1,000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2,000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വന്നു. ഇതിന് പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനം ആയി. നികുതി എത്ര ഉയർത്തിയാലും ബാധ്യത ടിക്കറ്റ് എടുക്കുന്നവർക്കായതിനാൽ ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."