മതമേൽക്കോയ്മയും ഘർവാപസിയും
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരം വർഷമായി യുദ്ധത്തിലായിരുന്ന രാജ്യത്തെ ഹിന്ദുസമൂഹം ഉണർന്നെന്നും 'ആധിപത്യ ചിന്ത' ഉപേക്ഷിച്ചാൽ മുസ്‌ലിംകൾക്ക് ഇവിടെ സുരക്ഷിതരായി കഴിയാമെന്നും അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. ഇവിടെ മുസ്‌ലിംകൾ കഴിയുന്നതിൽ കുഴപ്പമില്ല. പൂർവികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയാവാം. അക്കാര്യത്തിൽ ഹിന്ദുക്കൾക്ക് കടുംപിടിത്തമില്ല. അതേസമയം, മുസ്‌ലിംകൾ അവർ 'കേമന്മാരാണെന്ന ' ചിന്ത ഉപേക്ഷിക്കണം. തങ്ങൾ ഉന്നതരാണ്, ഇവിടെ ഭരിച്ചവരാണ്, വ്യത്യസ്തരാണ് ഇത്തരം ചിന്തകൾ എല്ലാവരും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീഷണിയുടെ സ്വരത്തിലാണ് മോഹൻ ഭാഗവത് സംസാരിക്കുന്നത്. ഈ വാക്കുകൾ രാജ്യത്തെ ഓരോ പൗരനും തുല്യാവകാശമാണുള്ളതെന്ന ഇന്ത്യൻ ഭരണഘടനയുടെ ഉറപ്പിനു നേരെയുള്ള വെല്ലുവിളിയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 അനുസരിച്ച് നിയമത്തിനു മുമ്പിലുള്ള സമത്വം, മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരന്മാർക്കിടയിൽ യാതൊരു വിവേചനവും പാടില്ലയെന്നു അടിവരയിടുന്നുണ്ട്. ഇതിന്റെ നഗ്നമായ ലംഘനമാണ് ആർ.എസ്.എസ് മേധാവിയുടെ വാക്കുകൾ. രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി തീർന്നതുപോലെയാണ് ഈ സംസാരം കേട്ടാൽ തോന്നുക. അഭിമുഖത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദികൾ ചെയ്തു കൂട്ടിയ എല്ലാ ആക്രമണങ്ങളെയും ചരിത്രപരമായ തെറ്റുകൾ തിരുത്താനാണെന്ന പേര് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ന്യായീകരിക്കുന്നത്. അതായത് മൊറാദാബാദ്, മീററ്റ്, വഡോദര, അഹമ്മദാബാദ്, ഹൈദരാബാദ്, ഭീവണ്ടി തുടങ്ങിയ നഗരങ്ങളിൽ നടന്ന വർഗീയ കലാപങ്ങളിൽ നുറുകണക്കിനു പേർ കൊല്ലപ്പെട്ടതും ആയിരങ്ങൾ മരിക്കാൻ കാരണമായ 2002 ലെ ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് തകർത്തതും നരേന്ദ്ര ദബോൽക്കർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ കൊല ചെയ്തതുമെല്ലാം ധർമ്മത്തെയുംസംസ്‌കാരത്തെയും സംരക്ഷിക്കാൻ നടത്തിയ യുദ്ധങ്ങളാണെന്നർഥം.
ചരിത്രത്തിലെ തെറ്റുകൾ തിരുത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ആർ.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന ചരിത്ര ദർശനം എന്താണ്? പ്രാചീന ഇന്ത്യയെന്ന മിത്തിന് ഊന്നൽ നൽകുന്നതാണല്ലോ സംഘ്പരിവാർ ചരിത്ര ദർശനം. ഇതനുസരിച്ച് ഇന്ത്യയുടെ സാമൂഹിക രൂപവൽക്കരണത്തിൽ മുസ്‌ലിംകൾക്ക് ഒരു പങ്കുമില്ല. അവർ രാജ്യത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തവരാണ്. ആർ.എസ്.എസ് കാഴ്ചപ്പാടിൽ 'ദേശീയത' എന്നു പറയുന്നതുതന്നെ മുസ്‌ലിം ഭരണകാലഘട്ടത്തിന്റെ സ്വാധീനത്തിൽ നിന്ന് മോചനം നേടുകയെന്നതാണ്.യഥാർഥത്തിൽ ആർ.എസ്.എസിന്റെ ചരിത്ര വീക്ഷണവും ഇത് സ്ഥാപിക്കാൻ അവർ നടത്തുന്ന ന്യായീകരണങ്ങളും വെറും പൊള്ളയാണെന്നു കാണാം. ആർ.എസ്.എസ് ഉയർത്തുന്ന വാദങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി കടന്നുവന്ന പടയോട്ടത്തെ മുസ്‌ലിം ആക്രമണമോ ഇസ്‌ലാമികാക്രമണമോ ആയി അവർ അവതരിപ്പിക്കുന്നത് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ്. പൗരാണിക കാലഘട്ടങ്ങളിലെല്ലാം ഇത്തരം രാജ്യം വെട്ടിപ്പിടിക്കലുകൾ സർവസാധാരണമായിരുന്നു. മുസ്‌ലിം ഭരണകാലത്ത് ഇവിടുത്തെ ഹിന്ദുക്കൾ ഏറെ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നതാണ് ആർ.എസ്.എസ് പ്രചാരണം. അന്നു ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ഹിന്ദുക്കൾക്കുമേൽ നികുതി ചുമത്തപ്പെടുകയും ചെയ്തിരുന്നു. അതെല്ലാം രാജാക്കന്മാരുടെ ഭരണക്രമ ചരിത്രങ്ങൾ മാത്രമാണ്. അതൊന്നും ഇസ്‌ലാമിന്റെ പേരിൽ ചാർത്തുന്നതിൽ അടിസ്ഥാനമില്ല. മഹമൂദ് ഗസ്‌നി ക്ഷേത്ര സമ്പത്തുകൾ കൊള്ളയടിച്ചതുപോലതന്നെ ഹിന്ദുരാജാവായ ഹർഷ വർധനനും ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ രാജാക്കന്മാരുടെ ചെയ്തികൾക്ക് ഇന്ത്യാ സ്വാതന്ത്ര്യത്തിന് ശേഷമുള്ള തലമുറയും അനുഭവിക്കണമെന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? അന്നത്തെ രാജഭരണകൂടങ്ങളുടെ പേരിൽ മുസ്‌ലിംകൾ ഇപ്പോഴും ആധിപത്യ ചിന്തകൾ പുലർത്തുന്നവരാണെന്നു പറയുന്നതിന് എന്തർഥമാണുള്ളത്?
അകത്തുള്ള ശത്രുക്കൾക്കെതിരേയാണ് സംഘ്പരിവാർ യുദ്ധങ്ങൾ നടത്തുന്നതെന്നു ആർ.എസ്.എസ് തലവൻ പറയുമ്പോൾ അത് മുൻകാല നേതാക്കളായ ഹെഡ്‌ഗേവാറിന്റെയും ഗോൾവാൾക്കറിന്റെയും വർഗീയവിദ്വേഷ രചനകളുടെ ആവർത്തനമാണ്. രാജ്യത്ത് അരാജകത്വം വിതയ്ക്കുന്ന വിധ്വംസക ശക്തികളുടെ ഗണത്തിൽ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ എന്നിവരെ 'വിചാരധാര'യടക്കമുള്ള സംഘ്പരിവാർ സാഹിത്യങ്ങളിൽ നേരത്തെ എഴുതിവച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായിട്ടാണ് ഇവരെ പരിചയപ്പെടുത്തുന്നത്. ഈ മൂന്ന് സംഘത്തിൽ അവർ ഏറ്റവും കൂടുതൽ ഉന്നംവയ്ക്കുന്നത് മുസ്‌ലിംകളെയാണ്. അവരുടെ വീക്ഷണത്തിൽ ഏറ്റവും വലിയ വിധ്വംസക ശക്തി ഇസ്‌ലാമാണ്. ഈ മുസ്‌ലിം വിരുദ്ധ വികാരമാണ് ആർ.എസ്.എസിന്റെ തുടക്കത്തിനും വികാസത്തിനും ഇന്ധനമായത്.
പൂർവികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ മുസ്‌ലിംകളോട് മോഹൻ ഭാഗവത് ആഹ്വാനം ചെയ്യുമ്പോൾ അതിന്റെ വസ്തുത പരിശോധിക്കണം. ഹിന്ദുക്കളെ നിർബന്ധപൂർവം മുസ്‌ലിംകൾ മതപരിവർത്തനം നടത്തിയെന്നുള്ളതിന് ഒരു തെളിവും ഹാജരാക്കാൻ ചരിത്രകാരൻമാർക്ക് സാധിച്ചിട്ടില്ല. ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന മുസ്‌ലിം രാജാക്കന്മാർ ആരെയെങ്കിലും നിർബന്ധിച്ചു മതപരിവർത്തനം നടത്തിയെന്നതിനും തെളിവില്ല. ഇസ്‌ലാം വാൾകൊണ്ടു പ്രചരിപ്പിച്ച മതമാണെന്നത് ഇസ്‌ലാം ശത്രുക്കളുടെ ആരോപണം മാത്രമാണ്. നൂറ്റാണ്ടുകൾ മുസ്‌ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 15 ശതമാനത്തോളമേയുള്ളു. അവർ നിർബന്ധമതപരിവർത്തനം നടത്തിയിരുന്നെങ്കിൽ മുസ്‌ലിം ജനസംഖ്യ ഇങ്ങനെയാകുമായിരുന്നില്ലല്ലോ. യഥാർഥത്തിൽ ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് ഏറ്റവും കൂടുതൽ പരിവർത്തനങ്ങൾ നടക്കുന്നത് പിന്നോക്ക ജാതി വിഭാഗങ്ങളിൽ നിന്നാണ്. അവരാകട്ടെ, ഹിന്ദു വർണ-ജാതി സമ്പ്രദായത്തിന്റെ എല്ലാ പീഡാനുഭവങ്ങളും ഏറ്റുവാങ്ങിയവരും ശ്രേണീകരണത്തിന്റെ താഴ്‌നിലകളിൽ നിന്ന് രക്ഷപ്പെടാനാഗ്രഹിക്കുന്നവരുമാണ്. അവർ കൂടുതലും പരിവർത്തനം ചെയ്യപ്പെട്ടത് ബുദ്ധമതത്തിലേക്കാണ്. അതുകൊണ്ടാണല്ലോ ബുദ്ധിസ്റ്റുകളെ തകർക്കാൻ ഹിന്ദുത്വശക്തികൾ പോരാട്ടങ്ങൾ നടത്തിയത്. മതപരമായ സഹിഷ്ണുത ഉയർത്തിപ്പിടിക്കാൻ ഒരിക്കലും ഹിന്ദുത്വവാദികൾക്ക് സാധ്യമായിരുന്നില്ല.
ഇന്ത്യയിൽ പിറന്ന ബുദ്ധമതത്തെ ഈ നാട്ടിൽ നിന്നുതന്നെ കെട്ടുകെട്ടിച്ചു. ഹിന്ദുമതത്തിൽ നിന്ന് ആരെങ്കിലും ഇസ്‌ലാംമതമോ ക്രിസ്തുമതമോ സ്വീകരിക്കുന്നത് രാജ്യത്തോടുള്ള അവരുടെ കുറ് കുറയുന്നതിന് കാരണമാകുമെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നുമാണ് സംഘ്പരിവാർ നിലപാട്. അതിനാൽ മതപരിവർത്തനം നിയമംമൂലം നിരോധിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതിനകം മതപരിവർത്തന നിരോധിത നിയമം നടപ്പാക്കിയിട്ടുണ്ട്.
മതപരിവർത്തനം ദേശക്കൂറ് ഇല്ലാതാക്കുമെന്ന വാദംതന്നെ നിരർഥകമാണ്. ആർ.എസ്.എസിന്റെ കാഴ്ചപ്പാടിൽ 'അഖണ്ഡ ഭാരതം' എന്നു പറയുന്നതിൽ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുമല്ലോ. ആ രാജ്യങ്ങളും അവിടത്തെ ഹിന്ദു മതവിശ്വാസികളും ഇന്ത്യയോട് സമ്പൂർണമായ കൂറ് പുലർത്തുന്നുണ്ടോ? ഇന്ത്യക്കെതിരായ ചാരപ്രവർത്തനത്തിൽ പിടിക്കപ്പെട്ടവർ കൂടുതലും മുസ്‌ലിം സമൂഹത്തിൽ നിന്നായിരുന്നില്ല.
ഇന്ത്യൻ ഭരണഘടനയുടെ 25ാം വകുപ്പ് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. മതം പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. ആർക്കും ഇവിടെ ഏതു മതവും സ്വീകരിക്കാം. അത് ഭരണഘടന അനുവദിച്ചുതന്ന മൗലികാവകാശമാണ്. എന്നാൽ പൂർവികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ മുസ്‌ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാവാം എന്ന മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ നിർബന്ധിത മതപരിവർത്തനത്തിന്റെ സ്വരമുണ്ട്. അതിനവർ വിളിച്ച പുതിയ പേര് 'ഘർവാപസി' എന്നായിരുന്നു. അത് വീണ്ടും ഉയർത്തുകയാണ്.
ആർ.എസ്.എസ് മേധാവിയുടെ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും സ്വരത്തിലുള്ള പരാമർശം, മറ്റൊരു മതത്തെയും ഇന്ത്യയിൽ അംഗീകരിക്കാത്ത ആർ.എസ്.എസ് കാഴ്ചപ്പാട് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്. അതായത് മുസ്‌ലിംകൾ അവരുടെ ചരിത്രം മറക്കണം, സംസ്‌കാരം മറക്കണം, എന്നിട്ടിവിടെ രണ്ടാംതരം പൗരന്മാരായി ജീവിക്കുന്നതിൽ കുഴപ്പമില്ലയെന്നർഥം. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം, അതിന് ഇന്ത്യയുടെ ഭരണഘടനയോ മതനിരപേക്ഷതയോ നിയമവാഴ്ചയോ ബാധകമല്ല. തങ്ങൾ പുറപ്പെടുവിക്കുന്ന കൽപനകൾ എല്ലാവരും അനുസരിക്കണമെന്നർഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."