'പട്ടിണിപാവങ്ങളെ അപമാനിച്ചയാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കോഴിക്കോട്: പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട എന്ന കായിക മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക മന്ത്രിക്കേറ്റ അടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'പട്ടിണിപാവങ്ങളെ അപമാനിച്ചയാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന പ്രസ്താവന കേരളീയരെ വിഷമിപ്പിച്ചു. അഹങ്കാരത്തിന്റേയും ധിക്കാരത്തിന്റേയും സ്വരമാണ് മന്ത്രിയുടേത്' - അദ്ദേഹം പറഞ്ഞു. മലയാളികളെ അപമാനിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടന്നത്. അതിനെ വന്‍ വിജയമാക്കി മാറ്റേണ്ടത് നാടിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ തന്നെയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഒരു അന്താരാഷ്ട്ര മത്സരം നന്നായി ഇവിടെ നടന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ നമുക്ക് ലഭിക്കും. കേരളത്തിന്റെ കായിക വികസനത്തിന് മാത്രമല്ല സാമ്പത്തിക രംഗത്തിനും അത് ഉണര്‍വേകും. പകരം കായിക മന്ത്രി വളരെ മോശമായി സംസാരിച്ചു. മന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കാണികളില്ലാതായ സാഹചര്യത്തില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനുള്‍പ്പെടെ മന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."