മക്കയിലേക്ക് പ്രവേശന നിയന്ത്രണം
മക്ക: വിശുദ്ധ റമദാൻ അടുക്കുകയും കൊവിഡ് വ്യാപനം ഉയരുകയും ചെയ്‌തതോടെ വിശുദ്ധ മക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വിശുദ്ധ ഉംറ തീർത്ഥാടനത്തിനോ ഹറം പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നതിനോ പെർമിറ്റ് ലഭ്യമായവരെ മാത്രമേ മക്ക അതിർത്തിയിൽ നിന്ന് കടത്തി വിടുകയുള്ളൂവെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഉംറ തീർത്ഥാടനത്തിനും ഹറം പള്ളികളിലെ നിസ്‌കാരത്തിനുമായി അനുമതിപത്രം ലഭ്യമാകുന്ന "ഇഅ്തമർന" ആപ്ലിക്കേഷൻ വഴി പെർമിറ്റ് ലഭ്യമായവരെ മാത്രമേ മക്കയിലേക്ക് കടത്തി വിടൂ.
പുണ്യനഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി പെർമിറ്റിൽ വ്യക്തമാക്കിയ സമയപരിധി പാലിക്കണമെന്നും മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പൂർണ്ണമായും പാലിക്കണമെന്നും തീർത്ഥാടകർക്കും ആരാധകർക്കും പൊതു സുരക്ഷ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവേശന കവാടങ്ങളിലെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും പെർമിറ്റിൽ അടയാളപ്പെടുത്തിയ സമയ പരിധിക്കുള്ളിൽ മാത്രമേ കടത്തി വിടുകയുള്ളൂ.
പ്രവർത്തന കേന്ദ്രങ്ങളുമായുള്ള നിലവിലെ ഏകോപനത്തിന് അനുസൃതമായി മാർഗ്ഗനിർദ്ദേശളും സഹായങ്ങളും നൽകാനും വിശുദ്ധ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും മക്കയിലെ പ്രധാന പ്രവേശന സ്ഥലങ്ങളിൽ പ്രത്യേക റോഡ് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മക്കയിലേക്കുള്ള റോഡുകളിലൂടെയുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് പട്രോളിംഗ് ശക്തമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."