അന്ന് തോല്‍പ്പിച്ചു; ഇന്ന് വിജയത്തിനായി ഒപ്പം
കല്‍പ്പറ്റ: അന്ന് തോറ്റയാളും തോല്‍പ്പിച്ചയാളും ഇന്ന് വിജയത്തിനായി ഒപ്പം. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ എതിരാളി പ്രചാരകന്റെ റോളിലെത്തിയിരിക്കുന്നത്.
ഈ മാസം മൂന്നിന് സി.പി.എമ്മില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസിലെത്തിയ ഇ.എ ശങ്കരനാണ് കഥയിലെ നായകന്‍. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിറ്റിങ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ പ്രധാന എതിരാളിയായിരുന്നു സി.പി.എമ്മില്‍ നിന്നുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എ ശങ്കരന്‍. 7,583 വോട്ടുകള്‍ക്കായിരുന്നു അന്നത്തെ പരാജയം.
പിന്നീട് സംഘടനാരംഗത്ത് സജീവമായ ശങ്കരന്‍, യുവജനങ്ങളെയും ആദിവാസികളെയും വഞ്ചിക്കുന്ന സി.പി.എം നയത്തില്‍ പ്രതിഷേധിച്ച് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് തോല്‍പ്പിച്ചയാളെ ജയിപ്പിക്കാനുള്ള റോളിലെത്തിയത്.
നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഐ.സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ശങ്കരന്‍. എ.കെ.എസ് സംസ്ഥാന സെക്രട്ടറി, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് ദേശീയ വൈസ് പ്രസിഡന്റ്, സി.പി.എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം, ഹൗസിങ് ബോര്‍ഡ് അംഗം, കണ്‍സ്യൂമര്‍ഫെഡ് ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് ശങ്കരന്‍ പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന എം.എസ് വിശ്വനാഥനാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."