ജോസ് കെ. മാണി ആരുടെ അജന്‍ഡയ്‌ക്കൊപ്പം?
കേരള രാഷ്ട്രീയത്തില്‍ എന്തുകൊണ്ട് ചുവടുറപ്പിക്കാനാകുന്നില്ലെന്ന് ബി.ജെ.പി പഠനവിധേയമാക്കിയപ്പോള്‍ അവര്‍ കണ്ടെത്തിയ കാരണം കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ ഇരുമുന്നണികളിലുമായി അടിയുറച്ചു നില്‍ക്കുന്നു എന്നതാണ്. കേരളത്തിലെ ജനത വിദ്യാസമ്പന്നരും ചിന്താശീലരും സര്‍വോപരി സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമായതിനാല്‍ സമീപഭാവിയിലൊന്നും ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കാനാവില്ലെന്ന, തലമുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലിന്റെ നിഗമനവും പുറത്തുവന്നത് അടുത്തിടെയാണ്.
മധ്യതിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ വിഭാഗം യു.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ബലമെന്ന് ബി.ജെ.പി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ക്രിസ്ത്യന്‍ വിഭാഗത്തെ യു.ഡി.എഫില്‍നിന്നു അടര്‍ത്തിയെടുക്കാന്‍ അവര്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നത്. ഇതിന്റെ ഒന്നാം എപ്പിസോഡായിരുന്നു ക്രിസ്ത്യന്‍ വിഭാഗത്തിന് സംവരണാനുകൂല്യം കിട്ടുന്നില്ലെന്നും 80 ശതമാനം മുസ്‌ലിംകള്‍ക്കു കൊടുക്കുമ്പോള്‍ 20 ശതമാനം മാത്രമേ ക്രിസ്ത്യന്‍ വിഭാഗത്തിന് കിട്ടുന്നുള്ളൂ എന്ന വ്യാജ പ്രചാരണം നടത്തി ആശയക്കുഴപ്പം സൃഷ്ടിച്ചത്. പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത് മിസോറം ഗവര്‍ണറായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയും. ക്രിസ്ത്യന്‍ പ്രതിനിധികളെയും കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയെവരെ സന്ദര്‍ശിച്ചു ആ വിഭാഗത്തെ കബളിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് പട്ടിക വിഭാഗങ്ങളെക്കാള്‍ ഏറെ പിന്നിലായ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നതിക്ക് സച്ചാര്‍ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പാലൊളി കമ്മിഷന്‍ നടത്തിയ പഠനത്തെത്തുടര്‍ന്നു നടപ്പില്‍ വരുത്തിയ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു. എന്നാല്‍ അതൊരു സാമുദായിക സ്പര്‍ധയ്ക്ക് ഇടവരുത്തേണ്ടെന്ന് കരുതി, മുസ്‌ലിംകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ സംവരണാനുകൂല്യത്തില്‍ നിന്ന് 20 ശതമാനം പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിനും നല്‍കാമെന്ന ധാരണ ഉരുത്തിരിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകള്‍ക്കുമാത്രം അര്‍ഹതപ്പെട്ട 100 ശതമാനത്തില്‍നിന്ന് സൗമനസ്യ പ്രകടനമെന്നോണം 20 ശതമാനം ക്രിസ്ത്യന്‍ അധഃസ്ഥിത വിഭാഗത്തിന് നീക്കിവച്ചത്. ഇതിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സംഘ്പരിവാര്‍. മുസ്‌ലിംകള്‍ക്ക് 80 ശതമാനം നീക്കിവച്ചപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനു 20 ശതമാനമെന്ന കുപ്രചാരണം ബി.ജെ.പി അഴിച്ചുവിട്ടു.
ഏറെക്കാലം ഈ കുപ്രചാരണം നിലനില്‍ക്കില്ലെന്ന ബോധ്യത്തെത്തുടര്‍ന്നാണ് കോടതികളും പൊതുസമൂഹവും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ബി.ജെ.പി വിടാതെ പിടികൂടിയത്. എന്നിട്ടത് ക്രിസ്ത്യന്‍ സമൂഹത്തിനു ഇട്ടുകൊടുത്തിരിക്കുന്നു. നിര്‍ഭാഗ്യത്തിന് ക്രിസ്ത്യന്‍ സഹോദരന്മാരില്‍ ചിലര്‍ ബി.ജെ.പി കുഴിച്ചകുഴിയില്‍ വീണു. ഏതുവിധേനയും ക്രിസ്ത്യന്‍ വിഭാഗത്തെ കോണ്‍ഗ്രസില്‍നിന്ന്, കേരള കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ വ്യാജ ക്രിസ്ത്യന്‍ മുദ്രകള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ സൈബര്‍ സംഘം സമൂഹമാധ്യമങ്ങളില്‍ പ്രചണ്ഡമായ കുപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്.
കോണ്‍ഗ്രസ് മുക്ത കേരളം ക്രിസ്ത്യന്‍ വിഭാഗത്തെക്കൊണ്ട് സഫലമായാല്‍ പിന്നെ കേരളീയ സമൂഹത്തെ എളുപ്പത്തില്‍ വിഭജിക്കാമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്നാണ് പൊലിസും കോടതിയും ഭരണകൂടങ്ങളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം ബി.ജെ.പി കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നത്. ലൗ ജിഹാദെന്ന പ്രയോഗത്തില്‍ തന്നെ മുസ്‌ലിം വിരുദ്ധത പ്രകടമാണ്. ലൗ പ്രണയമാണെങ്കിലും ജിഹാദ് എന്ന അറബി പദം അതിനോട് ചേര്‍ത്തത് ബോധപൂര്‍വമാണ്. പാര്‍ലമെന്റില്‍ ബെന്നി ബഹനാന്റെ ചോദ്യത്തിനുത്തരമായി ആഭ്യന്തരമന്ത്രി അമിത്ഷാ നല്‍കിയ മറുപടി രാജ്യത്ത് അത്തരം സംഭവങ്ങള്‍ ഇല്ലെന്നായിരുന്നു. അതിനുമുന്‍പ് ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ്ങും സമാന ഉത്തരം നല്‍കിയതിനു പാര്‍ലമെന്റ് രേഖകള്‍ സാക്ഷിയാണ്.
സുപ്രിംകോടതിയും കേരള ഹൈക്കോടതിയും ലൗ ജിഹാദ് ആരോപണം തള്ളിക്കളഞ്ഞു. കേസ് പരിഗണിക്കവെ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.എം ശശിധരന്‍, ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ആരോപണങ്ങളെന്നും നീതിപീഠത്തിന്റെ മനസിനെ ഇത് വേദനിപ്പിക്കുന്നുവെന്നും വിധിന്യായത്തില്‍ എടുത്തുപറയുകയുണ്ടായി. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഈ വിഷയത്തില്‍ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം ചോദിച്ചു. ആരോപണം തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നു ഡി.ജി.പിയുടെ മറുപടി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും ഇതേ അന്വേഷണ റിപ്പോര്‍ട്ടായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. എന്‍.ഐ.എയും അന്വേഷിച്ചു തള്ളിക്കളഞ്ഞതാണ് ലൗ ജിഹാദ്.
ലൗ ജിഹാദ് ആരോപണം ആര്‍.എസ്.എസിന്റെ പ്രഖ്യാപിത അജന്‍ഡയാണ്. അതുകൊണ്ടുമാത്രമാണ് ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതം മാറ്റ നിരോധന നിയമം പാസാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ ക്രിസ്ത്യാനികളിലെ ഒരു വിഭാഗത്തെ ഉപയോഗിച്ചാണ് ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുന്നതെങ്കില്‍ നാളെയത് ക്രിസ്ത്യന്‍ വിഭാഗത്തിനുനേരേ തിരിയുമെന്നതിനു സംശയംവേണ്ട. ഉത്തരേന്ത്യയില്‍ എത്ര ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് ആര്‍.എസ്.എസ് ചുട്ടെരിച്ചത്. എത്രയെത്ര ക്രിസ്ത്യന്‍ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയുമാണ് അവര്‍ കൊന്നതും ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുന്നതും. മറ്റാരോപണങ്ങള്‍ പോലെയല്ല ലൗ ജിഹാദെന്ന് ആര്‍.എസ്.എസിന് നല്ല ബോധ്യമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയകാലാവസ്ഥയില്‍ പരമാവധി വിളവെടുപ്പ് നടത്താന്‍, ബോധപൂര്‍വം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണമാണിത്. അതുകൊണ്ട് മാത്രമാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഈ വിഷയം ബി.ജെ.പി കുത്തിനിറച്ചത്.
സംഘ്പരിവാറിന്റെ ലൗ ജിഹാദ് ആരോപണം ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം ഏറ്റെടുക്കരുതായിരുന്നുവെന്ന് ഫാദര്‍ പോള്‍ തേലക്കാട് അന്നുതന്നെ പ്രതികരിച്ചിരുന്നു. ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ് ലൗ ജിഹാദെന്ന ബോധ്യമുണ്ടായിട്ടും കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണി ഒരു നിയമസഭാ സീറ്റിനുവേണ്ടി യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിച്ച് ആര്‍.എസ്.എസിന്റെ കുപ്രചാരണം ഏറ്റെടുക്കരുതായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ജ്വലന സമാനമായ മുദ്ര പതിപ്പിച്ച സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് ആര്‍.എസ്.എസ് അജന്‍ഡ പുറത്തുവരരുതായിരുന്നു. സ്വന്തം പിതാവിന്റെ രാഷ്ട്രീയ ജീവചരിത്രം പഠിക്കാതെയാണ് ഇത്തരമൊരാരോപണം ജോസ് കെ. മാണി ഏറ്റുപിടിച്ചത്. കേരളത്തിലെ മതസൗഹാര്‍ദത്തിന് കെ.എം മാണി നല്‍കിയ സംഭാവന അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതമാണ്. ജീവിച്ചിരിക്കുന്ന മക്കളാണ് മരിച്ചുപോയ പിതാക്കളുടെ മഹനീയ സ്മാരകങ്ങളാകേണ്ടത്. ഒരു ദിനം കൊണ്ട് തെരഞ്ഞെടുപ്പ് കഴിയും, പക്ഷേ വിജയത്തിനായി സമുദായ ഐക്യത്തില്‍ ഏല്‍പ്പിക്കുന്ന മുറിവ് അടുത്ത ദിവസം മാറ്റിപ്പറഞ്ഞാലും ഉണങ്ങില്ലെന്ന് ജോസ് കെ. മാണി ഓര്‍ക്കണമായിരുന്നു. വാവിട്ട വാക്ക് ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന് കേരള രാഷ്ട്രീയത്തില്‍ പിച്ചവയ്ക്കാനിറങ്ങിയ ജോസ് കെ മാണി ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."