ജമാഅത്തെ ഇസ്‌ലാമിക്ക് വിമത സംഘടനയുമായി മുന്‍ നേതാക്കള്‍; കോഴിക്കോട് ചേര്‍ന്ന ആദ്യ യോഗത്തില്‍ മുന്‍ ശൂറാ അംഗമടക്കം പ്രമുഖര്‍
കോഴിക്കോട്: സ്ഥാപിത ലക്ഷ്യങ്ങളില്‍നിന്ന് ജമാഅത്തെ ഇസ് ലാമി മാറുന്നുവെന്ന ആരോപണമുന്നയിച്ച് വിമത സംഘടന രൂപീകരിക്കാനൊരുങ്ങി മുന്‍ നേതാക്കള്‍. ജമാഅത്തെ ഇസ് ലാമിയുടെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാവും മികച്ച സംഘാടകനുമായിരുന്ന പി.കെ ഹാശിം ഹാജിയുടെ ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് വിമത സംഘടനാ രൂപീകരണത്തിന്റെ ആദ്യ യോഗമായി മാറിയത്.
കോഴിക്കോട് ടാഗോര്‍ ഹാളിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റിലാണ് യോഗം ചേര്‍ന്നത്. ജമാഅത്ത് മുന്‍ ശൂറാ അംഗവും പ്രഭാഷകനുമായിരുന്ന ഖാലിദ് മൂസ് നദ്‌വി, മുന്‍ ജമാഅത്ത് അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ മകന്‍ കെ.സി ഹുസൈന്‍, കണ്ണൂര്‍ ജില്ലയിലെ പ്രധാന നേതാവായ സൈനുദ്ദീന്‍, ഓമശേരിയിലെ ജമാഅത്ത് നേതാവ് ഒ.പി അബ്ദുസ്സലാം മൗലവിയുടെ മരുമകനും കുറ്റ്യാടിയിലെ ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍നിന്ന് ജമാഅത്ത് നേതൃത്വം പുറത്താക്കിയ ഫൈസല്‍ പാലോളി, മാധ്യമം പത്രത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ ഒ. അബ്ദുല്ല, ജമാഅത്ത് മുന്‍ ശൂറാ അംഗം കെ.പി.ഒ മൊയ്തീന്‍ കുട്ടിയുടെ മകനും മാധ്യമം മലപ്പുറം ജില്ലാ മുന്‍ ബ്യൂറോ ചീഫുമായ കെ.പി.എ റഹ്മത്തുല്ല, ചേന്ദമംഗലൂര്‍ പ്രകൃതി ചികിത്സാലയം ഡയരക്ടര്‍ ഡോ. പി.എ കരീം തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
സ്ഥാപിത ലക്ഷ്യമായ സമുദായത്തിന്റെ ധാര്‍മികമായ പുരോഗതി ജമാഅത്തിന്റെ അജണ്ടയില്‍നിന്ന് അപ്രത്യക്ഷമായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഗെയില്‍ പൈപ് ലൈന്‍ തടഞ്ഞും കെ. റെയിലിനെതിരേ പ്രതിഷേധം നടത്തിയും ഒരു പൂര്‍ണ രാഷ്ട്രീയപാര്‍ട്ടി മാത്രമായി ജമാഅത്തെ ഇസ് ലാമി മാറിയെന്നാണ് വിമതസംഘടനാ രൂപീകരണവുമായി രംഗത്തുവന്നവര്‍ പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേരില്‍ ജമാഅത്തിന്റെ സംഘനാ പ്രവര്‍ത്തനങ്ങളെല്ലാം രാഷ്ട്രീയമായി മാത്രം മാറിയെന്നും മൗദൂദിയുടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പ്രദര്‍ശനവും പോലും ക്രമേണ നിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് യോഗത്തില്‍ പങ്കെടുത്തവരുടെ വിലയിരുത്തല്‍.
നേരത്തെ രാഷ്ട്രീയമായി ഒരു പാര്‍ട്ടിയുടെ കൂടെയും ചേരാതെ നിഷ്പക്ഷമായി നിന്ന സംഘടനയുടെ വിലപേശല്‍ ശക്തി വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മുന്നണിയുടെ ഭാഗമായതോടെ നഷ്ടപ്പെട്ടുവെന്നുമാണ് യോഗത്തിനെത്തിയവരുടെ വിലയിരുത്തല്‍. ജമാഅത്തിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ധാര്‍മികമായ ചട്ടക്കൂട്ടിനകത്തല്ല നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാതെ എല്ലാ സംഘടനകളോടും ഒരേ നിലപാട് സ്വീകരിക്കുകയും ജമാഅത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കായി പ്രവത്തിക്കുകയും ചെയ്യുന്നതാവും പുതിയ സംഘടനയെന്നാണ് അറിയുന്നത്. തുടര്‍പ്രവര്‍ത്തനത്തിനായി അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. റമദാനിനു ശേഷം സംഘടനാ രൂപീകരണവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."