ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉക്രൈൻ ജീവകാരുണ്യത്തിന് കൈമാറി ബെക്കാം
ലണ്ടൻ
ഉക്രൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഡോക്ടർക്ക് 71.4 ദശലക്ഷം (7 കോടി) ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈമാറി മുൻ ഇംഗ്ലിഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം. റഷ്യൻ അധിനിവേശം തകർത്തെറിഞ്ഞ ഉക്രൈനിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായാണ് ബെക്കാം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡോക്ടർ ഇരിനയ്ക്കു കൈമാറിയത്.
ഉക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിലെ റീജനൽ പെരിനേറ്റൽ സെന്ററിന്റെ മേധാവിയാണു ഡോക്ടർ ഇരിന. റഷ്യൻ സേന കനത്ത നാശം വിതച്ച ഖാർകീവിലെ നഗരവാസികളിൽ പലരും ഭൂഗർഭ ട്രെയിൻ സ്റ്റേഷനുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്കൗണ്ട് കൈമാറ്റത്തിന്റെ കാര്യം ബെക്കാം ആരാധകരെ അറിയിച്ചത്. 'എന്റെ സമൂഹ മാധ്യമ ചാനലുകൾ ഡോക്ടർ ഇരിനയ്ക്കു കൈമാറുകയാണ്. ഉക്രൈനിലെ അമ്മമാർക്കു പ്രസവസംബന്ധ സഹായം നൽകുകയാണ് ഇരിന. ഉക്രൈനിലെ ജനങ്ങൾക്കായുള്ള ഇരിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതൽ അറിയുന്നതിന് എന്റെ ചാനലുകൾ തുടർന്നും ഫോളോ ചെയ്യുക' ബെക്കാം വ്യക്തമാക്കി. യുണിസെഫിനും ഡോക്ടർ ഇരിനയ്ക്കും നിങ്ങളാൽ കഴിയുംവിധമുള്ള സഹായങ്ങൾ എത്തിച്ചു നൽകാൻ ശ്രമിക്കുക'. വിഡിയോ പങ്കുവച്ചതിനു പിന്നാലെ ബെക്കാമിനു നന്ദി അറിയിച്ച് യുണിസെഫും രംഗത്തെത്തി. റഷ്യയുടെ ഉക്രൈയ്ൻ അധിനിവേശത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 30 ലക്ഷത്തിൽ അധികം പേർക്കാണു വീടും വാസസ്ഥലവും നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."