വ്യക്തിപരമായി ആക്രമിക്കപ്പെട്ടു, ഇനി പോരാട്ടത്തിന്റെ നാളുകള്‍: പാലാ തര്‍ക്കത്തില്‍ ബിനു പുളിക്കക്കണ്ടം
കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നഷ്ടമായതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി സി.പി.എം അംഗം ബിനു പുളിക്കക്കണ്ടം. വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നും അധ്യക്ഷ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തര്‍നാടകങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ക്ക് രണ്ട് മുഖമാണ്. നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുത്. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പറഞ്ഞു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന സൂചനയും ബിനു പുളിക്കക്കണ്ടം നല്കി.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ മാറ്റാന്‍ സി.പി.എം. തീരുമാനിച്ചത്. ഇടതു സ്വതന്ത്ര ജോസിന് ബിനുവാണ് സി.പി.എമ്മിന്റെ പുതിയ സ്ഥാനാര്‍ഥി.
ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന് പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസിനോട് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ നിലപാടില്‍ ഉറച്ചു നിന്നു. തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന യോഗത്തിനൊടുവില്‍ ജോസിന് ബിനുവിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."