HOME
DETAILS

സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ ; പുരോയാന സ്വപ്നത്തിൻ്റെ പ്രായോഗിക ജീവിതം

  
backup
January 19 2023 | 20:01 PM

596356-2

ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ട് പൂർത്തിയായിരിക്കുന്നു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതത്തിന്റെ നാനാതുറകളിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുന്ന കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ബാഫഖി തങ്ങൾക്ക് മുമ്പും ശേഷവും എന്ന രീതിയിൽ പോലും ചരിത്രപരമായ വിശകലനത്തിന് സാധുതയുള്ളതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ഖാഇദുൽ ഖൗ ം എന്ന സ്ഥാനപ്പേരിലുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധിതന്നെ ഇത്തരം സ്വാധീനത്തിന്റെകൂടി സൂചനയാണ്.


1973 ജനുവരി 19 വെള്ളിയാഴ്ച രാവിൽ മക്കയിലായിരുന്നു ബാഫഖി തങ്ങളുടെ അന്ത്യം. തന്റെ 23ാം ഹജ്ജ് കർമത്തിനെത്തി, അനാരോഗ്യാവസ്ഥയിലാണെങ്കിലും കർമങ്ങളെല്ലാം പൂർത്തിയാക്കിയതിൽ പിന്നെ ബാധിച്ച ശക്തമായ പനിയാണ് ദേഹവിയോഗത്തിലെത്തിച്ചത്. ജുമുഅ നിസ്‌കാരാനന്തരം മത്വാഫിൽ ജനാസ കിടത്തി പരലക്ഷങ്ങളുടെ പങ്കാളിത്തത്തോടെയാണ് നിസ്‌കാരം നിർവഹിക്കപ്പെട്ടത്. തുടർന്ന്, ജന്നത്തുൽ മുഅല്ലയിൽ മഹതി ഖദീജ ബീവി(റ)യുടെയും പ്രമുഖ പണ്ഡിതൻ സയ്യിദ് അലവി മാലിക്കിയുടെ പിതാവിന്റെയും ചാരത്ത് മറമാടുകയും ചെയ്തു.


1903 ഫെബ്രുവരി 26 (1323 ദുൽഹിജ്ജ 25) നായിരുന്നു ബാഫഖി തങ്ങളുടെ ജനനം. പിതാവിന്റെ വഴി തെരഞ്ഞെടുത്ത് കച്ചവടരംഗത്തായിരുന്നു ബാഫഖി തങ്ങളും ഉപജീവനം കണ്ടെത്തിയത്. 26ാം വയസിൽ കൊയിലാണ്ടി കൊപ്ര ബസാറിൽ കച്ചവടം തുടങ്ങി ക്രമേണ കോഴിക്കോട് വലിയങ്ങാടിയിലേക്ക് അരി വിപണി കൂടി വ്യാപിപ്പിച്ച് ബർമ്മയും മലേഷ്യയുമടക്കമുള്ള വിദേശ രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചുകൊണ്ടാണ് വ്യാപാര മേഖലയിലെ അദ്ദേഹത്തിന്റെ അതിശയകരമായ മുന്നേറ്റം. ബാഫഖി തങ്ങളുടെ പാണ്ടികശാലകൾ സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവരുടെ ആശ്രയകേന്ദ്രങ്ങൾ കൂടിയായിരുന്നു. സമസ്ത മുശാവറ യോഗം പോലും പലപ്പോഴായി കോഴിക്കോട്ടെ പാണ്ടികശാലയിൽ നടന്നിട്ടുണ്ട്. കച്ചവടത്തിൽ അദ്ദേഹം പുലർത്തിയിരുന്ന സൂക്ഷ്മത ഏറെ സുവിദിതമാണ്.


സമൂഹത്തിനും സമുദായത്തിനും വേണ്ടി നീക്കിവച്ചതായിരുന്നു ബാഫഖി തങ്ങളുടെ ജീവിതം. സമുദായത്തിന്റെ ഉന്നമനവും സമൂഹത്തിന്റെ സുരക്ഷിതത്വവുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സമുദായത്തിന്റെ ഉത്ഥാനത്തിന് വിദ്യാഭ്യാസജാഗരണം മാത്രമാണ് വഴിയെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞു. മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും ഒരുപോലെ അതിന്റെ വഴികളാണെന്നും എന്നാൽ, ആവശ്യത്തിനുള്ള മതപഠനം നേടൽ എല്ലാവരും നേരത്തെ പൂർത്തിയാക്കേണ്ടതുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. സമ്പാദ്യങ്ങളും സ്വാധീനവും ഇതിനായി മാറ്റിവച്ചു. നിർധനരും നിരാലംബരുമായവർക്ക് നിർലോഭം സഹായം നൽകി. പാണ്ടികശാലയിലും തറവാട് വീട്ടിൽ പോലും ഇതര കുടുംബങ്ങളിലെ പ്രതിഭകളായ കുട്ടികൾക്ക് താമസമൊരുക്കി. മർഹൂം സി.എച്ച് മുഹമ്മദ് കോയ ആ വിധം രാജ്യത്തിന് ലഭിച്ച ബാഫഖി തങ്ങളുടെ സംഭാവനയായിരുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസംകൂടി മതപഠനത്തോടൊപ്പം നൽകപ്പെട്ടിരുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള താനൂർ ഇസ്വ്‌ലാഹുൽ ഉലൂമിനെ 1954ൽ സമസ്തയെക്കൊണ്ട് ഏറ്റെടുപ്പിച്ചതും സുഗമ പ്രവർത്തനങ്ങൾക്കായി കമ്മിറ്റി പ്രസിഡൻ്റ് പദവി അദ്ദേഹം ഏറ്റെടുത്തതും ഈ നിലപാടിന്റെ ഭാഗമായിരുന്നു. 1962ൽ സ്ഥാപിതമായ ജാമിഅ നൂരിയ്യ അറബിയ്യയെ പ്രാണവായുവായി പരിഗണിച്ച ബാഫഖി തങ്ങൾ തുടക്കംമുതൽ മരണംവരെ പ്രസിഡന്റായി നേതൃത്വം നൽകി.ഇൗ ചരിത്രം വിശകലനം ചെയ്താൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് എത്ര വിപുലവും ഉന്നതവും ഗൗരവതരവുമായിരുന്നുവെന്ന് ബോധ്യപ്പെടും.
1949 സെപ്റ്റംബർ ഒന്നിനു ചേർന്ന സമസ്ത മുശാവറയിൽ പ്രാഥമിക മതപഠനത്തിന് മഹല്ലുകൾതോറും മദ്‌റസകൾ സ്ഥാപിക്കണമെന്ന ആശയം അവതരിപ്പിക്കുന്നതും അംഗീകരിപ്പിക്കുന്നതിന് നേതൃത്വം നൽകിയതും ബാഫഖി തങ്ങളായിരുന്നു. 1951 മാർച്ചിൽ വടകരയിൽ നടന്ന വാർഷിക സമ്മേളനത്തിൽവച്ചാണ് പ്രസ്തുത മദ്‌റസകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെടുന്നത്. ഇതിന്റെ മുഖ്യകാർമികത്വവും അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടുതന്നെ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളായിരുന്നു ബോർഡിന്റെ പ്രഥമ ട്രഷററും. അതിനുമുമ്പ് മദ്‌റസകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള സാമ്പത്തിക ആസ്തി ഉണ്ടാക്കുന്നതിനായി കൊയിലാണ്ടിയിൽ അദ്ദേഹം മൂന്നു ദിവസത്തെ മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ചതും ഏകദേശം 1300 രൂപ അതിലേക്ക് സമാഹരിച്ചതും ഈ ചരിത്രത്തിന്റെ ഭാഗമാണ്.


സമസ്തയും മുസ്‌ലിം ലീഗും തങ്ങളെ സംബന്ധിച്ച് ജീവനായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും അഭ്യുന്നതിയും ഭദ്രതയും ഇവയിൽ മാത്രമാണെന്ന തിരിച്ചറിവാണ് ഈ ജീവാമൃത് പ്രണയത്തിന്റെ കാരണം. 1945ൽ നടന്ന കാര്യവട്ടം സമ്മേളനത്തോടെയാണ് ബാഫഖി തങ്ങൾ സമസ്തയുടെ ഭാഗമാകുന്നത്. 1949 ലെ മുശാവറ മഹല്ലുകളിൽ മദ്‌റസകൾ സ്ഥാപിക്കണമെന്ന് തീരുമാനിക്കുന്നത് കാര്യവട്ടം സമ്മേളനത്തിൽ തങ്ങൾ നടത്തിയ പ്രസംഗത്തിന്റെ ആശയവിപുലീകരണവും പ്രായോഗിക ചുവടുവയ്പ്പുമായിരുന്നു. അംഗമല്ലാതിരുന്നിട്ടും മുദാക്കര പള്ളിയിൽ ചേർന്ന മുശാവറയിൽ മൗലാന അബ്ദുൽ ബാരി പ്രസിഡൻ്റായിരിക്കെ അധ്യക്ഷ പദവി പണ്ഡിത പ്രമുഖർ അദ്ദേഹത്തെ ഏൽപിച്ചത് അഭേദ്യമായ ഈ ബന്ധത്തിന് എത്ര കടുപ്പമുണ്ടായിരുന്നുവെന്നതിനുകൂടി തെളിവാണ്. പിന്നീട് അദ്ദേഹം മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും മരണംവരെ തുടരുകയും ചെയ്തു.


മുപ്പത്തിമൂന്നാമത്തെ വയസിലാണ് ബാഫഖി തങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1936ൽ നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറുമ്പ്രനാട് നിയോജക മണ്ഡലത്തിൽനിന്ന് മത്സരിച്ചത് ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളും ബി. പോക്കർ സാഹിബുമായിരുന്നു. ആറ്റക്കോയ തങ്ങളുടെ തെരഞ്ഞെടുപ്പ് സഹായിയായിരുന്നു ബാഫഖി തങ്ങൾ. സീതി സാഹിബിനെപ്പോലുള്ള അക്കാലത്തെ നക്ഷത്ര തുല്യർ പോക്കർ സാഹിബിനു വേണ്ടി പ്രവർത്തിക്കാനുണ്ടായിരുന്നെങ്കിലും വിജയം ആറ്റക്കോയ തങ്ങൾക്കായിരുന്നു. ബാഫഖി തങ്ങളുടെ വ്യക്തിപ്രഭാവമായിരുന്നു ഈ വിജയത്തിന്റെ അടിസ്ഥാന കാരണം. എന്നാൽ, ഈ സംഭവം ബാഫഖി തങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. തൊട്ടടുത്ത വർഷം മുതൽ തങ്ങൾ മുസ്‌ലിം ലീഗിൽ പ്രവർത്തനമാരംഭിച്ചു. ജനസ്വാധീനവും സർവാദരവും ഏറെയുള്ള അദ്ദേഹം പെട്ടെന്ന് ലീഗിന്റെ അമരത്തെത്തി. മൂന്നര പതിറ്റാണ്ടോളം സിറ്റി ലീഗിന്റെ അധ്യക്ഷ പദവി അലങ്കരിച്ചു. കേരളം സംസ്ഥാനമായി രൂപീകരിക്കപ്പെട്ടപ്പോൾ 1956 നവംബർ 18 ന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖാഇദെ മില്ലത്തിന്റെ വിയോഗാനന്തരം ദേശീയ പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന് സമുദായത്തിൽ അപ്രതിരോധശേഷിയും ജനകീയതയും കൈവന്നത് ബാഫഖി തങ്ങളിലൂടെയായിരുന്നു. തങ്ങളുടെ അസാമാന്യവും അസാധാരണവുമായ വ്യക്തിപ്രഭാവവും സ്വാധീനവും കെ.എം സീതി സാഹിബും എം.കെ ഹാജിയുമെല്ലാമടങ്ങുന്ന സമുദായ നേതൃത്വം തിരിച്ചറിഞ്ഞപ്പോൾ സമുദായത്തിന്റെ ഉരുക്ക് കോട്ടയാകാൻ മുസ്‌ലിം ലീഗിന് സാധിക്കുകയായിരുന്നു. തങ്ങൾ എല്ലാവരെയും കലവറയില്ലാതെ ഉൾക്കൊള്ളുകയും ചെയ്തു. എന്നാൽ, മതപരമായ വിഷയങ്ങളിൽ ബാഫഖി തങ്ങളുടെ നിലപാട് രൂപപ്പെടുത്തിയത് സമസ്ത മാത്രമായിരുന്നു.


വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏറെ ആനന്ദം കണ്ടെത്തിയ തങ്ങൾ ആദ്യകാലത്ത് എം.ഇ.എസിലെ അംഗമായിരുന്നു. അതേസമയം, ഇസ്‌ലാമികവിരുദ്ധ നിലപാടുമായി അവർ രംഗത്തുവരികയും സമസ്ത കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോൾ അംഗത്വം ഒഴിവാക്കി രാജിവയ്ക്കാൻ തങ്ങൾക്ക് അൽപം പോലും ആലോചിക്കേണ്ടിവന്നല്ല. മാത്രമല്ല, മുസ്‌ലിം ലീഗിന്റെ തന്നെ തീരുമാനം അതായി മാറുകയും ചെയ്തു.


ബാഫഖി തങ്ങൾ ആരാധനകളിൽ അൽപം പോലും അമാന്തം കാണിച്ചില്ല. വാഹനത്തിൽ മുസ്വല്ല സൂക്ഷിച്ചിരുന്ന അദ്ദേഹം ബാങ്ക് വിളിച്ചാൽ പിന്നെ എവിടെയാണെങ്കിലും കൂടെയുള്ളവരെ കൂട്ടി നിസ്‌കാരം നിർവഹിക്കും. അഥവാ, ബാഫഖി തങ്ങൾ ആത്മതേജസ്വിയായിരുന്നു. അദ്ദേഹത്തിൽ പ്രതിഫലിച്ച അസാധാരണ വ്യക്തിജ്വാലയുടെ യഥാർഥ കാരണം അതുല്യമായ ഈ ആത്മീയാംശമാണ്. മാടവന അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്. അതിൻ്റെ സംഗ്രഹം ഇങ്ങനെയാണ്: സൂഫീവര്യനായ മാടവന അബൂബക്കർ മുസ്‌ലിയാർ വീട്ടിലാണ്. ചുറ്റും ആളുകളുണ്ട്. പെട്ടെന്ന് അദ്ദേഹം ഭാര്യയെ വിളിച്ച്, പുതിയ വസ്ത്രം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എത്താൻ വൈകിയപ്പോൾ വീണ്ടും ഇടപെട്ടു. വേഗം കൊണ്ടുവാ... ഒരു മനുഷ്യൻ വരുന്നുണ്ട്. വസ്ത്രമെത്തിയ ഉടനെ അദ്ദേഹം പഴയത് മാറ്റി പുതിയതെടുത്തു. ഉടൻ പുറത്തിറങ്ങി റോഡിലേക്ക് ഓടി. അധികസമയം കഴിയുംമുമ്പേ വെള്ള അംബാസഡർ കാർ വന്നു. പ്രൗഢമായ വേഷത്തിൽ ഒരാൾ പുറത്തിറങ്ങി. പിറകിൽ തേജസ്സാർന്ന മുഖവുമായി തൊപ്പിക്കാരനും. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളായിരുന്നു ആ മനുഷ്യൻ. സി.എച്ച് മുഹമ്മദ് കോയയായിരുന്നു തൊപ്പിക്കാരൻ. വീട്ടിൽ കയറി ഇരുന്ന് തങ്ങൾ സംസാരിച്ച് തുടങ്ങി. ഭരണത്തിൽ ലീഗിന് പങ്കാളിത്തമുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ (സി.എച്ചിനെ ചൂണ്ടിക്കൊണ്ട്) നിർത്താൻ ഉദ്ദേശിക്കുന്നു. സമ്മതം ചോദിക്കാൻ വന്നതാണ്. അബൂബക്കർ മുസ്‌ലിയാർ എഴുന്നേറ്റ് ഭവ്യതയോടെ നിൽക്കുന്ന സി.എച്ചിന്റെ ശിരസ്സിൽ കൈവച്ച് ഇങ്ങനെ പറഞ്ഞു: ഇസ്സത്തോടുകൂടി ഭരിക്കണം, ഇസ്സത്തോടുകൂടി...


ടെലഫോൺ പോലും പ്രചാരത്തിലില്ലാത്ത കാലത്താണ് ഈ വിശിഷ്ട മനുഷ്യന്റെ ആഗമനം അബൂബക്കർ മുസ്‌ലിയാർ അറിഞ്ഞതെന്നുകൂടി ചേർത്തുവായിക്കണം(ഇ.ടി മുഹമ്മദ് ബഷീർ എം.പി ആശംസ എഴുതിയ മാടവന അബൂബക്കർ മുസ്‌ലിയാർ എന്ന ഗ്രന്ഥത്തിലാണ് ഈ സംഭവം ചേർത്തിട്ടുള്ളത്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago