കെ.കെ രമയെ നേരിടാന്‍ കച്ചമുറുക്കി സി.പി.എം
തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി നേതാവ് കെ.കെ രമ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളി നേരിടാന്‍ പാര്‍ട്ടി സംവിധാനത്തെ മുഴുവന്‍ അണിനിരത്തി സി.പി.എം. നേതാക്കളായ കോടിയേരി ബാലകൃഷ്ണനും, എ.വിജയരാഘവനും മണ്ഡലത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്തു. ഇന്നലെ മണ്ഡലത്തിലെത്തിയ ഇരുവരും ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും വടകരയില്‍ എത്തിക്കാന്‍ തീരുമാനിച്ചു. നാളെ മുഖ്യമന്ത്രി വടകരയില്‍ എത്തും. മുന്‍ നിശ്ചയിച്ച പരിപാടിയായിരുന്നില്ല ഇത്.
പുറത്തിറങ്ങാനിരിക്കുന്ന വി.എസിന്റെ ആത്മകഥയിലെ ടി.പി ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വടകരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. വടകരയില്‍ രമ ജയിച്ചാല്‍ അത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി മാറുമെന്നും അതിനാല്‍ എന്ത് ത്യാഗം സഹിച്ചും ഇടതു സ്ഥാനാര്‍ഥിയെ തന്നെ ജയിപ്പിക്കണമെന്നുമാണ് അണികളോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ബൂത്തിലെയും റിപ്പോര്‍ട്ടുകള്‍ അതാതു ദിവസം ഏരിയാ കമ്മിറ്റി പരിശോധിക്കണമെന്നും പാളിച്ച വരരുതെന്നും എന്തെങ്കിലും കാരണത്താല്‍ രമ ജയിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് പ്രാദേശിക തലം മുതല്‍ ജില്ലാ നേതാക്കള്‍ക്ക് വരെ പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലാ നേതാക്കള്‍ അതാതു ദിവസം കോടിയേരിക്കും വിജയരാഘവനും റിപ്പോര്‍ട്ട് നല്‍കണം. ഇന്നു മുതല്‍ ബൂത്തു തലത്തില്‍ കൂടുതല്‍ കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കുടുംബ യോഗങ്ങളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വടകരയില്‍ സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത് 2016ല്‍ മൂന്നു മുന്നണികള്‍ക്കുമെതിരേ മത്സരിച്ച രമ സമാഹരിച്ച 20,504 വോട്ടാണ്.അന്ന് എല്‍.ഡി.എഫ് വിജയിച്ചത് 9,511 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. മാത്രമല്ല ഇത്തവണ യു.ഡി.എഫ് പിന്തുണയും രമയ്ക്കുണ്ട്. പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ രമയാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി മൂന്നു പഞ്ചായത്തുകളില്‍ ഭരണവും പിടിച്ചിരുന്നു.
വടകരയില്‍ മത്സരിക്കുന്നത് ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലുണ്ട് എല്ലാ കാലവും സി.പി.എമ്മിന്. വടകരയില്‍ തോല്‍ക്കുകയെന്നാല്‍ ടി.പി ചന്ദ്രശേഖരനോട് തോല്‍ക്കുന്നതിന് സമം. അക്രമ രാഷ്ട്രീയത്തിനെതിരായ ഏറ്റവും വലിയ പ്രതീകം നിയമസഭയിലുണ്ടായാല്‍ അത് സി.പി.എമ്മിനെ എല്ലാ കാലവും വേട്ടയാടും. അതുകൊണ്ടു തന്നെ പാര്‍ട്ടി സംവിധാനത്തെ മുഴുവന്‍ വടകരയിലെത്തിക്കാനാണ് സി.പി.എം തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."