സിൽവർ ലൈൻ; പ്രതിഷേധക്കാർക്ക് നിയമസഹായം ഉറപ്പാക്കാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർലൈനിനെതിരേ തെരുവിലിറങ്ങി കേസിൽപ്പെടുന്ന പ്രതിഷേധക്കാർക്ക് നിയമസഹായം ഉറപ്പാക്കാൻ കോൺഗ്രസ്. സംസ്ഥാനത്തെ മുഴുവൻ കോടതികളിലും ഇതിനായി അഭിഭാഷക കോൺഗ്രസിന്റെയും കെ.പി.സി.സിയിൽ ലീഗൽ സെല്ലിന്റെയും യോഗങ്ങൾ ഉടൻ വിളിച്ചുകൂട്ടും. സിൽവർലൈന്റെ അടുത്തഘട്ട സമര പരിപാടികളുടെ ഭാഗമായി ആയിരം പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.
സിൽവർലൈൻ പദ്ധതി അതിരടയാള കുറ്റികൾ പിഴുതുമാറ്റുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങവേയാണ് ശക്തമായി തന്നെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ തീരുമാനം. നിയമനടപടി നേരിടേണ്ടി വരുന്ന സാധാരണക്കാർക്ക് എല്ലാ സഹായവും കോൺഗ്രസ് ഉറപ്പാക്കും. എല്ലാ കോടതികളിലുമുള്ള അഭിഭാഷക കോൺഗ്രസിന്റെ നേതാക്കൾ നിയമ സഹായം ഉറപ്പാക്കും. കെ.പി.സി.സി തലത്തിലുള്ള ലീഗൽ സെൽ ഇതിന് മേൽനോട്ടം വഹിക്കും. ഇതിനായി ഹെൽപ്പ് ഡെസ്‌ക് തുടങ്ങുന്നതും പാർട്ടി ആലോചിക്കുന്നുണ്ട്.
കുറ്റി പിഴുതെറിയൽ സമരമുറയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കെ, സാധാരണക്കാർക്ക് പകരം നേതാക്കൾ ഉൾപ്പെടെയുള്ള യു.ഡി.എഫ് പ്രവർത്തകർ ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. സിൽവർലൈനിനെതിരേ യു.ഡി.എഫ് സംഘടിപ്പിച്ചുവരുന്ന 100 ജന സദസുകൾ ഏപ്രിൽ ആദ്യവാരം അവസാനിച്ച ശേഷം ആയിരം വേദികളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മാടപ്പള്ളി, കല്ലായി ഉൾപ്പെടെയുള്ള ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ഉണ്ടായ അതിക്രമങ്ങളുടെ ഹ്രസ്വവിഡിയോ ആയിരം യോഗങ്ങളിലും പ്രദർശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."