ക്ഷേത്ര നടത്തിപ്പിന് പിരിവ് പൊലിസ് സേനയില്‍ അമര്‍ഷം പൊലിസിന്റെ ക്ഷേത്ര നടത്തിപ്പ് ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത്
സ്വന്തം ലേഖകന്‍
കോഴിക്കോട്
പൊലിസ് നിയന്ത്രണത്തിനുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിനായി സേനാംഗങ്ങളില്‍ നിന്ന് പണം പിരിക്കാനുള്ള നിര്‍ദേശം വിവാദത്തില്‍. കോഴിക്കോട് സിറ്റി പൊലിസിന്റെ പരിപാലനത്തിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സിറ്റി പൊലിസ് മേധാവിയുടെ ഓഫിസ് വിചിത്രമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ക്ഷേത്ര ഫണ്ടിലേക്ക് കുടിശ്ശികയുള്ള തുകയടക്കം പിരിച്ചു നല്കാന് സ്റ്റേഷന് ചുമതല വഹിക്കുന്ന സി.ഐ ഉള്‍പ്പെടെയുള്ളവർക്ക് നിര്‍ദേശം നല്‍കിയതാണ് സേനാംഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായത്.
മതപരമായ ചിഹ്നങ്ങള്‍ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സംസ്ഥാന പൊലിസ് സേനയിലാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ക്ഷേത്ര നടത്തിപ്പും അതിനായുള്ള പിരിവും നടക്കുന്നത്. വര്‍ഷങ്ങളായി സിറ്റി പൊലിസാണ്
ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് മുതലക്കുളം ക്ഷേത്രം പരിപാലിക്കുന്നത്.
സിറ്റി പരിധിയിലെ സി.പി.ഒ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും മാസം 20 രൂപ ഈടാക്കിയാണ് ക്ഷേത്രപരിപാലനം നടത്തുന്നത്. ജീവനക്കാരുടെ സാലറി അക്കൗണ്ടില്‍ നിന്ന് ക്ഷേമ ഫണ്ടുകള്‍ പിരിച്ചെടുക്കുന്നത് സ്വകാര്യ ബാങ്കിനെ ഏല്പിച്ചത് വിവാദമാവുകയും പൊലിസുകാര്‍ പരസ്യമായി രംഗത്തുവരികയും പദ്ധതി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേത്രപിരിവ് ശമ്പളത്തില്‍ നിന്നും പിടിച്ചിരുന്നില്ല. അതിനാലാണ് കുടിശ്ശിക തുക കൂടി സ്റ്റേഷന് മേധാവിമാര്‍ നേരിട്ട് പിരിക്കണമെന്ന് നിര്‍ദേശിച്ചത്. എല്ലാമാസവും 15നകം തുക സിറ്റി പൊലിസ് മേധാവിയുടെ ഓഫിസില്‍ എത്തിക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. ഓഫിസര്‍മാര്‍ നേരിട്ടത്തി പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പൊലിസുകാരുടെ നിലപാട്. ജില്ലയിലെ 3300 പൊലിസുകാരില്‍ നിന്ന് മാസം 20 രൂപ വീതം ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോവര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ക്ഷേത്രത്തിന് വേണ്ടി ഔദ്യോഗികമായി പണം പിരിക്കുന്നതില്‍ സേനയില്‍ അമര്‍ഷമുണ്ടെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ ഭയന്ന് ആരും പരസ്യമായി പ്രതികരിക്കാറില്ല.
വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഉള്‍പ്പെടുന്ന പൊലിസ് സേനയില്‍ ഇവരില്‍ നിന്നെല്ലാം പണം ഈടാക്കുകയെന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പൊലിസുകാര്‍ പറയുന്നു. വിശ്വസിയാണോ അല്ലയോ എന്നെല്ലാം ഒരു ഓഫിസര്‍ മുമ്പാകെ വെളിപ്പെടുത്തേണ്ടതായി വരുന്നത് സ്വകാര്യതക്കെതിരാണെന്നും പൊലിസുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മുതലക്കുളം ക്ഷേത്രത്തിന്റെ പരിപാലനം പൊലിസ് ഏറ്റെടുത്തത് മുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. നഗരത്തിലെ മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ലഭിക്കാത്ത പൊലിസ് സുരക്ഷയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്ര ആവശ്യത്തിനായി എ.ആര് ക്യാംപിലെ പൊലിസുകാരെ ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നത് പതിവായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം 12 പൊലിസുകാരെ വരെ ഇവിടെ നിയോഗിച്ചിരുന്നു. അന്ന് വിവാദമായപ്പോള്‍ ഇവരെ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് പൊലിസുകാരെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."