സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ
കണ്ണൂർ
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്നിനു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലിസ് മൈതാനിയിൽ ഏപ്രിൽ മൂന്നു മുതൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും.
വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നടക്കുന്ന പ്രദർശന വിപണന മേളകൾക്ക് ഇതോടനുബന്ധിച്ച് കണ്ണൂരിൽ തുടക്കമാകും. 200 ഓളം സ്റ്റാളുകളിലായി വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ ഫാമുകൾ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കൈത്തറി സംഘങ്ങൾ എന്നിവ മേളയുടെ ഭാഗമാകും.
സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരുകുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉൽപന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, വ്യവസായ വകുപ്പിന്റെ വിപണന മേളകൾ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്ന സാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറിസ് വകുപ്പുകളുടെ തുറന്ന പവലിയൻ എന്നിവയും മേളയുടെ സവിശേഷതകളാണ്.കൈത്തറി ഉൽപന്നങ്ങളുമായി കൈത്തറി സംഘങ്ങളും മേളയിൽ അണിനിരക്കും. മന്ത്രി എം.വി ഗോവിന്ദൻ ചെയർമാനും കലക്ടർ എസ്. ചന്ദ്രശേഖർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."