ആരാധനാലയ ഉടമസ്ഥാവകാശം; ബനാത്ത്‌വാലയോട് കടപ്പെട്ട നിയമം ഇല്ലാതാക്കുമോ?
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത്‌വാലയുടെ പരിശ്രമഫലമായി നിലവില്‍വന്ന 1991ലെ ആരാധനാസ്ഥല നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ നോട്ടിസ് പോലും അയയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ അതു ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാവുമെന്നും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍ പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുകയും മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂലവിധി വരികയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്തെ 17 കോടി മുസ്‌ലിംകളുടെ വികാരംകൂടിയാണ് കഴിഞ്ഞ മാസം ജംഇയ്യത്ത് സ്വീകരിച്ച നിലപാട്. സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതാണ് 1991ലെ 'ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷല്‍ പ്രൊവിഷന്‍സ്) ആക്ട് 1991' നിയമം. നിയമത്തിലെ 2, 3, 4 വകുപ്പുകള്‍ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വക്താവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയില്‍, ജംഇയ്യത്തിന്റെ അപേക്ഷ സ്വീകരിക്കാതെ സുപ്രിംകോടതി നോട്ടിസയച്ചിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സാംസ്‌കാരികമന്ത്രാലയം എന്നിവയ്ക്കാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടിസയച്ച് വാദംകേള്‍ക്കാന്‍ തീരുമാനിച്ചത്.
ബാബരി മസ്ജിദ് ഏതു സമയത്തും തകര്‍ക്കപ്പെട്ടേക്കാമെന്ന് ഉറപ്പായ 1980കളുടെ അവസാനമാണ് ബനാത്ത്‌വാല ഇനിയൊരു ബാബരി മസ്ജിദ് ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണം ഉറപ്പാക്കുന്ന ബില്ല് കൊണ്ടുവന്നത്. ഷാബാനു കേസിന്റെ ഓര്‍മകള്‍ തികട്ടിനില്‍ക്കുന്ന കാലമായിട്ട് കൂടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് ലോക്‌സഭാംഗങ്ങള്‍ മാത്രമുള്ള മുസ്‌ലിം ലീഗിന്റെ ആവശ്യം പരിഗണിച്ച് ബില്ല് നിയമമാക്കി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മേല്‍ മനപ്പൂര്‍വം അവകാശത്തര്‍ക്കം ഉന്നയിക്കുന്ന സംഘ്പരിവാറിന്റെ പ്രവണതയ്ക്ക് നിയമപരമായ തടയിട്ട ചരിത്രപരമായ ഇടപെടലായിരുന്നു ബനാത്ത്‌വാലയുടേത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത്, അതില്‍ അവര്‍ക്ക് മാത്രം അവകാശം നല്‍കുന്നതും യാതൊരു കാരണവശാലും അത് മാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയാണ് നിയമത്തിലെ ശ്രദ്ധേയഭാഗം.
ഹരജിക്ക് പിന്നിലെ ലക്ഷ്യം വ്യക്തം
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രിംകോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ 1991ലെ നിയമത്തിനെതിരായ ബി.ജെ.പി നേതാവിന്റെ ഹരജിയുടെ ലക്ഷ്യം പച്ചവെള്ളം പോലെ പ്രകടമാണ്. സംഘ്പരിവാര്‍ വര്‍ഷങ്ങളായി അവകാശവാദം ഉന്നയിക്കുന്ന കാശിയിലെ വിശ്വനാഥ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയോട് ചേര്‍ന്നുള്ള പള്ളികള്‍ പിടിച്ചടക്കുകയാണ് 1991ലെ നിയമം റദ്ദാക്കുകയോ ഭേദഗതി കൊണ്ടുവരികയോ ചെയ്യുന്നതിലൂടെ അവര്‍ ആഗ്രഹിക്കുന്നത്. ഹരജിയില്‍ അശ്വിനികുമാര്‍ അക്കാര്യം പറയുകയും ചെയ്തു. 'കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലം തിരിച്ചുകിട്ടാനായി ഹിന്ദുക്കള്‍ പതിറ്റാണ്ടായി പ്രക്ഷോഭം നടത്തിവരികയാണ്. നിയമത്തില്‍ ഇളവുണ്ടായതിനാല്‍ അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് തിരിച്ചുകിട്ടി. ഇനി മഥുരയിലെ കൃഷ്ണന്റെ ജന്മസ്ഥലം ഉള്‍പ്പെടെ തിരികെ ലഭിക്കേണ്ടതുണ്ട്. യുക്തിരഹിതമായ ഒരു കാലപരിധി വച്ച്, ഇന്ത്യയിലേക്ക് അതിക്രമിച്ചെത്തിയ ഭരണാധികാരികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കൈയേറ്റത്തെയും ഇതിലെ വ്യവസ്ഥകള്‍ നിയമവിധേയമാക്കുകയാണ്. മാത്രമല്ല, 1991ലെ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വസംവിധാനത്തോട് യോജിക്കാത്തതും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന വ്യവസ്ഥകള്‍ക്കെതിരുമാണ് ' എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മതമൗലികവാദികളായ അക്രമികള്‍ ഇന്ത്യയിലെത്തി ഇവിടെയുള്ള ആരാധനാസ്ഥലങ്ങളെല്ലാം നശിപ്പിച്ചെന്നതുള്‍പ്പെടെയുള്ള വര്‍ഗീയവും ചരിത്ര സത്യങ്ങള്‍ക്ക് നിരക്കാത്തതുമായ ആരോപണങ്ങളും ഹരജിയിലുണ്ട്.
ഇന്ത്യയില്‍ സംഘ്പരിവാറിന്റെ അജന്‍ഡകള്‍ക്ക് ഗ്രൗണ്ട് ഒരുക്കുന്ന അഭിഭാഷകന്‍കൂടിയാണ് അശ്വിനികുമാര്‍. രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് നിയമപരിരക്ഷയൊരുക്കുന്ന വിധത്തില്‍ തുടര്‍ച്ചയായി നാലഞ്ച് ഹരജികള്‍ നല്‍കി കാത്തിരിക്കുന്നുമുണ്ട് അദ്ദേഹം. അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം, വിവാഹ മോചന നിയമം, ജീവനാംശം എന്നിവ ഏകീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും ഇയാളുടേതായി സുപ്രിംകോടതിയിലുണ്ട്. ഈ ആവശ്യങ്ങളില്‍ വാദം കേള്‍ക്കാനും സുപ്രിംകോടതി തീരുമാനിച്ചിട്ടുണ്ട്.
നിയമവഴിയിലെ നീക്കം ഇതാദ്യമല്ല
ഡല്‍ഹിയില്‍നിന്ന് മൂന്നുമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിനു മേലിലുള്ള സംഘ്പരിവാര്‍ അവകാശവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ പേരില്‍ പലതവണ വര്‍ഗീയ സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ലഖ്‌നൗവിലെ ഏഴു സന്ന്യാസിമാര്‍ പ്രാദേശിക കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും അതു തള്ളുകയാണുണ്ടായത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഈദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സംഘ്പരിവാറിന്റെ വാദം. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും ശ്രീകൃഷ്ണ ജന്മഭൂമി എന്ന് കരുതുന്ന പ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് പള്ളി നിര്‍മിച്ചതെന്നുമായിരുന്നു ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, 1991ലെ ആരാധനാലയനിയമം ചൂണ്ടിക്കാട്ടിയാണ് ഹരജി മഥുരയിലെ കോടതി തള്ളിയത്. ഷാഹി ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയും സമീപത്തെ ശ്രീകൃഷ്ണ ജന്മസ്ഥന്‍സേവ സന്‍സ്ഥാനും തമ്മില്‍ നിലവില്‍ ഭൂമി കരാറുണ്ട്. നമ്മുടെ നാട്ടിലൊക്കെയുള്ളത് പോലെ ഒരു മതിലിന് അപ്പുറവും ഇപ്പുറവുമുള്ള രണ്ട് ആരാധനാ കേന്ദ്രങ്ങളാണത്. ഭൂമി ക്ഷേത്ര കമ്മിറ്റിയുടേതും അതിന്റെ കൈകാര്യകര്‍തൃ അധികാരം പള്ളിക്കമ്മിറ്റിക്കുമാണ്. ക്ഷേത്രകമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മുസ്‌ലിംകള്‍ ആരാധനാലയം നടത്തിവരുന്ന മാതൃകാപരമായ, സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്തുന്ന ഒരു ഉടമ്പടി. ഇത് 1968ല്‍ പ്രാദേശിക കോടതി അംഗീകരിച്ചതുമാണ്. ഈ കോടതിവിധിയും നിലവില്‍ ഈദ്ഗാഹ് മസ്ജിദ് കൈവശപ്പെടുത്തുന്നതിന് സംഘ്പരിവാറിന് തടസമാണ്.
വിവാദങ്ങളില്‍ താല്‍പ്പര്യമില്ലാത്തവരാണ് മഥുരയിലെ സന്ന്യാസിമാര്‍. സമാധാനം നിലനില്‍ക്കുന്ന മഥുരയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കോടതിയില്‍ ഹരജിയെത്തിയ ശേഷം സന്ന്യാസിമാര്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പുറത്തുനിന്നു വന്നവര്‍ മഥുരയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് സംഘ്പരിവാര്‍ നീക്കത്തെ വിശേഷിപ്പിച്ചത്. പ്രദേശത്തെ സന്ന്യാസിമാര്‍ക്ക് വിവാദത്തില്‍ താല്‍പ്പര്യം ഇല്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ന്യാസിമാരെ ഉള്‍പ്പെടുത്തി ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് എന്ന ട്രസ്റ്റ് രൂപീകരിച്ചാണ് മഥുര പള്ളി പിടിച്ചെടുക്കാന്‍ സംഘ്പരിവാര്‍ നീക്കം നടത്തിവരുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ മാതൃകയിലാണ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ട്രസ്റ്റിന്റെയും പ്രവര്‍ത്തനം.
ഒപ്പം ഇസ്മാഈല്‍ ഫാറൂഖി കേസും
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഭൂമി തര്‍ക്കമാണങ്കിലും ആ സമയത്ത് ചര്‍ച്ചയായ വ്യവഹാരമായിരുന്നു, മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ പള്ളി തന്നെ വേണമെന്നില്ലെന്ന പരാമര്‍ശമുള്ള ഇസ്മാഈല്‍ ഫാറൂഖി കേസ്. 'ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ അനിവാര്യഘടകങ്ങളിലൊന്നല്ല പള്ളി. മുസ്‌ലിംകള്‍ക്ക് എവിടെ വച്ചും ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ബാധകമായ മുഹമ്മദിയ നിയമം അനുസരിച്ച് മറ്റൊരാളുടെ കൈവശം വരുന്നതോടെ പള്ളിയുടെമേലുള്ള ഉടമസ്ഥാവകാശം സ്വമേധയാ ഇല്ലാതാവും' എന്നതായിരുന്നു ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നത്. വലിയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള പരാമര്‍ശങ്ങള്‍ കൂടിയാണിത്. അതിനാല്‍ ബാബരി കേസില്‍ വാദംകേള്‍ക്കും മുന്‍പ് ഇസ്മാഈല്‍ ഫാറൂഖി കേസിലെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച് ഇതുസംബന്ധിച്ച് ദിവസങ്ങളോളം വാദങ്ങളും നടന്നെങ്കിലും പുനപ്പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. വിധിയിലെ പരാമര്‍ശങ്ങള്‍ ഇനി പള്ളികളുടെ കേസുകളിലെല്ലാം മുസ്‌ലിംകളുടെ നിയമപോരാട്ടങ്ങള്‍ക്ക് മുന്‍പിലൊരു തടസമായി നില്‍ക്കാനിടയുണ്ട്.
1991ലെ നിയമത്തിന്റെ ഭാവി
സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന എന്തും ജുഡിഷ്യറിയിലൂടെ 'നിയമപരമായി' നേടിയെടുക്കാമെന്ന കീഴ്‌വഴക്കം കൂടി ബാബരി മസ്ജിദ് കേസില്‍ അവര്‍ ഉണ്ടാക്കിയെടുത്തതാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഒരുമാസം നീണ്ടുനിന്ന വാദപ്രതിവാദത്തിന്റെ ഉള്ളടക്കത്തോട് ഒരിക്കലും യോജിക്കാത്ത വിധിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായതെന്ന നിരീക്ഷണം പലരും നടത്തിയിട്ടുണ്ട്. വാസ്തവവുമാണത്. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം മുസ്‌ലിംകള്‍ക്കാണെന്ന് വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ ഭരണഘടനാ വിദഗ്ധനായ രാജീവ് ധവാന്‍ തെളിവുകളും രേഖകളും നികത്തി സമര്‍ഥിച്ചതാണ്. എന്നാല്‍, രാമജന്മഭൂമി ട്രസ്റ്റിന് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള ഒരു രേഖപോലും ഇല്ലായിരുന്നു. മറിച്ച് ത്രോതാ യുഗത്തില്‍ ജീവിച്ചുവെന്ന് വിശ്വസിക്കുന്ന രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന ഐതിഹ്യം അവതരിപ്പിക്കുകയാണ് രാമജന്മഭൂമി ട്രസ്റ്റ് അഭിഭാഷകര്‍ ചെയ്തത്. ഒരുവേള ധവാന്റെ വാദത്തിന് മുന്നില്‍ ട്രസ്റ്റ് അഭിഭാഷകന് മാത്രമല്ല, അഞ്ചംഗഭരണഘടനാ ബെഞ്ചിന് പോലും മറുപടിയില്ലാതായി. നിങ്ങളുടേതാണ് ഭൂമിയെങ്കില്‍ നികുതിയടച്ച റസിപ്റ്റ് എവിടെയെന്ന് പോലും കോടതി ചോദിച്ചു. എന്നാല്‍ നിങ്ങളെന്ത് കൊണ്ട് ഈ ചോദ്യം രാമജന്മഭൂമി ട്രസ്റ്റിനോട് ചോദിച്ചില്ലെന്ന് രാജീവ് ധവാന്‍ തിരിച്ചുചോദിച്ചപ്പോള്‍ മറുപടിയില്ലായിരുന്നു ബെഞ്ചിന്. എന്നിട്ടും ആയിരത്തിലേറെ പേജ് വരുന്ന വിധിയെഴുതി ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കുകയായിരുന്നു സുപ്രിംകോടതി. ഉടമസ്ഥാവകാശത്തില്‍ പരാജയപ്പെട്ട കക്ഷിക്ക് മറ്റൊരിടത്ത് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ 'പ്രായാശ്ചിത്ത'മായി അനുവദിച്ച് അമ്പരപ്പിക്കുകയും ചെയ്തു കോടതി.
ബാബരി മസ്ജിദ് കേസിന്റെ ഈ ഗതി അറിയാവുന്നതുകൊണ്ട് തന്നെയാണ് 1991ലെ നിയമത്തിനെതിരായ ഹരജിയില്‍ നോട്ടിസയക്കരുതെന്ന് ജംഇയ്യത്ത് ആവശ്യപ്പെട്ടത്. ഹരജികളിന്‍മേലുള്ള വാദത്തില്‍ 1991ലെ നിയമത്തില്‍ ഭേദഗതി വന്നേക്കാം, നിയമംതന്നെ റദ്ദാക്കപ്പെട്ടേക്കാം അതുമല്ലെങ്കില്‍ നിയമം നിലനിര്‍ത്തിയേക്കാം. റദ്ദാക്കുകയാണെങ്കില്‍ യാതൊരു തെളിവുമില്ലാതെ ന്യൂനപക്ഷങ്ങളുടെ ഏതു ആരാധനാലയത്തിന്റെ പേരിലും സാങ്കല്‍പികമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സംഘ്പരിവാറിന് കൂടുതല്‍ ഹരം പകരുകയാവും ചെയ്യുക. കാരണം, സംഘ്പരിവാര്‍ പട്ടികയില്‍ കാശിയിലെയും മുഥുരയിലെയും പള്ളികള്‍ മാത്രമല്ല. 'വിട്ടുകിട്ടേണ്ട' 3,000 പള്ളികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നാണ് വി.എച്ച്.പിയുടെ അവകാശവാദം. കേരളത്തിലെ ഭീമാപ്പള്ളിയും മമ്പുറം പള്ളിയും വരെ ഈ പട്ടികയിലുണ്ടെന്ന് വി.എച്ച്.പിയുടെ പഴയ തീപ്പൊരി പ്രഭാഷകനായ പ്രവീണ്‍ തൊഗാഡിയ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം ആരാധനാലയങ്ങള്‍ മാത്രമല്ല കേരളത്തിലുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ ചര്‍ച്ചുകളും സംഘ്പരിവാറിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."