കനത്ത മഞ്ഞുവീഴ്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ആവേശംകെടുത്തിയേക്കുമെന്ന് ആശങ്ക; രണ്ട് ഡല്‍ഹി-ശ്രീനഗര്‍ വിമാനങ്ങള്‍ റദ്ദാക്കി
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ആവേശംകെടുത്തിയേക്കുമെന്ന് ആശങ്ക. കുറഞ്ഞ ദൃശ്യപരതയും തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും കാരണം ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും വൈകിയതായി ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിങ് ഋഷി ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള രണ്ട് വിമാനങ്ങള്‍ വിസ്താര എയര്‍ലൈന്‍സ് റദ്ദാക്കി. മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചു.
സമാപനത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പല പ്രതിപക്ഷ നേതാക്കള്‍ക്കും എത്തിച്ചേരാനായില്ല. 135 ദിവസം നീണ്ട കന്യാകുമാരി മുതല്‍ കശ്മിര്‍ വരെയുള്ള പദയാത്ര ഇന്നലെ ശ്രീനഗറില്‍ സമാപിച്ചിരുന്നു. ഇതോടനുബന്ധിച്ചുള്ള സമാപന ചടങ്ങാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ശ്രീനഗറിലെ കോണ്‍ഗ്രസ് ഓഫിസില്‍ പതാക ഉയര്‍ത്തുന്നതോടെ സമാപനച്ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഷേര്‍ ഇ-കശ്മിര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെഗാ റാലി നടക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു ഡസനിലധികം നേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."