ആവിക്കല്‍തോട്-കോതി മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിച്ചതല്ല, താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് കോഴിക്കോട് മേയര്‍
കോഴിക്കോട്: ആവിക്കല്‍തോട്-കോതി മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ്. പദ്ധതി താല്‍ക്കാലികമായി മാത്രം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ സമയം നീട്ടി നല്‍കാന്‍ ഹൈപവര്‍ കമ്മിറ്റിയെ സമീപിക്കുമെന്നും മേയര്‍ ബീനാ ഫിലിപ് പറഞ്ഞു.
'പദ്ധതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.ഇതില്‍ പല കേസുകളും അടിസ്ഥാന രഹിതമാണ്. കോടതിയില്‍ വാദിക്കുന്നവരുടെ സാമര്‍ത്ഥ്യം പോലെ സ്‌റ്റേ കിട്ടും. അത് ഒഴിവാക്കാന്‍ സമയമെടുക്കും. ആ സമയം കഴിഞ്ഞാല്‍ ഹൈലെവല്‍ കമ്മറ്റിയെ സമീപിക്കും. അതുവരെ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണ്. പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചുവെന്ന് പറയരുത്. ഞങ്ങള്‍ക്ക് കിട്ടുന്ന സ്ഥലത്താണ് പദ്ധതി നടപ്പാക്കാനാകുക. സാങ്കേതിക തകരാറുകളെ പറ്റിയാണ് പലരും സംസാരിക്കുന്നത്. ചിലയിടങ്ങളില്‍ ചെറിയ നീക്കുപോക്കുകള്‍ ചെയ്യേണ്ടിവരും'... മേയര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതി കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കുമെന്നായിരുന്നു നേരത്തെ കോര്‍പറേഷന്‍ വ്യക്തമാക്കിയത്.സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചാല്‍ മാത്രം ഇനി പ്ലാന്റ് നിര്‍മാണമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പദ്ധതി എവിടെയും എത്താത്ത സാഹചര്യമാണുള്ളത്. ആവിക്കല്‍തോട്,കോതി മാലിന്യപ്ലാന്റ് നിര്‍മാണത്തിനെതിരെ പ്രദേശത്തെ ജനങ്ങള്‍ മാസങ്ങളായി സമരത്തിലാണ്. പലപ്പോഴും പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ വരെ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."