കെ.ടി ജലീലിനെതിരേ ലോകായുക്ത വിധി; സഹീര്‍ കാലടിയുടെ രണ്ടുവര്‍ഷത്തെ പോരാട്ടവിജയം
തൊടുപുഴ: മന്ത്രി കെ.ടി ജലീലിനെതിരെയുണ്ടായ ലോകായുക്ത വിധി സഹീര്‍ കാലടിയുടെ രണ്ടു വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയം. ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചത് ചട്ട ലംഘനമാണെന്നും അധികാര ദുര്‍വിനയോഗം ചെയ്തതിനാല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുമാണ് ലോകായുക്ത വിധി.
യോഗ്യതയുണ്ടായിരുന്ന സഹീര്‍ കാലടിയെ മറികടന്ന് കെ.ടി അദീബിനെ കോര്‍പറേഷന്‍ ജി.എം സ്ഥാനത്ത് നിയമിച്ചത് വന്‍ വിവാദമായിരുന്നു. മാല്‍കോടെക്‌സ് ഫിനാന്‍സ് മാനേജരായിരിക്കെയാണ് കോര്‍പറേഷന്‍ ജി.എം തസ്തികയിലേക്ക് ഡെപ്യൂട്ടേഷനായി സഹീര്‍ അപേക്ഷ നല്‍കിയത്. പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത പദവിയിലിരുന്നുള്ള പരിചയവും എം.കോം, എം.ബി.എ, പി.ജി.ഡി.സി.എ യോഗ്യതയുമുള്ള വ്യക്തിയാണ് സഹീര്‍ കാലടി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പരാതി നല്‍കുകയും വിഷയം പൊതുസമൂഹം മുന്‍പാകെ ഉയര്‍ത്തുകയും ചെയ്തതോടെ കെ.ടി അദീബ് ജോലി രാജിവച്ച് കൈപ്പറ്റിയ തുക തിരിച്ചടച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതോടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി സഹീര്‍ കാലടി. വ്യവസായ വകുപ്പിന് കീഴിലെ മാല്‍കോടെക്‌സില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന അഴിമതിക്കെതിരെ ശബ്ദിച്ചതും ശത്രുത വര്‍ധിക്കുന്നതിന് ഇടയാക്കി.
എം.ഡി നടത്തിയ തൊഴില്‍ പീഡനം അസഹ്യമായതോടെ 2019 ജൂലൈ ഒന്നിന് സഹീര്‍ 20 വര്‍ഷം സര്‍വിസ് ബാക്കി നില്‍ക്കെ രാജിവച്ചു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോടെക്‌സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പി.എഫ്, ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ രാജിവച്ച് രണ്ട് വര്‍ഷത്തോടടുത്തിട്ടും ഭാഗികമായാണ് അനുവദിച്ചത്. തൊഴില്‍ പീഡനം സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് ഭാഗികമായെങ്കിലും തുക നല്‍കിയത്.
നിലവില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറിയാണ് സഹീര്‍ കാലടി. തുടര്‍ച്ചയായി രണ്ട് വര്‍ഷത്തോളം ഇദ്ദേഹം നടത്തിയ നിരന്തര പോരാട്ടമാണ് കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നില്‍. ലോകായുക്തയില്‍ ഹരജി നല്‍കിയ വി.കെ.എം ഷാഫിയ്ക്ക് ആവശ്യമായ തെളിവുകള്‍ അടക്കം ശേഖരിച്ച് നല്‍കിയതും സഹീര്‍ കാലടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."