ശിവശങ്കര്‍ ഇന്ന് വിരമിക്കും; പ്രധാന ചുമതല നല്‍കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഇന്ന് സര്‍വിസില്‍നിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 98 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചാണ് സര്‍വിസില്‍നിന്ന് വിരമിക്കുന്നത്. സ്വയം വിരമിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അനുമതി ലഭിച്ചില്ല. ശിവശങ്കര്‍ വിരമിക്കുന്ന ഒഴിവില്‍ പ്രണബ് ജ്യോതിനാഥിന് കഴിഞ്ഞദിവസം ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഡെപ്യൂട്ടി കലക്ടറായാണ് ശിവശങ്കര്‍ സര്‍വിസില്‍ പ്രവേശിച്ചത്. 2000ല്‍ ഐ.എ.എസ് കണ്‍ഫര്‍ ചെയ്തു. 2016 ല്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെയാണ് ജയിലില്‍ കഴിയേണ്ടി വന്നത്.
സ്വര്‍ണക്കടത്ത് കേസിനൊപ്പം ലൈഫ് മിഷന്‍, സ്പ്രിംക്ലര്‍ കരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ശിവശങ്കര്‍ കുടുങ്ങി. ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും നിരന്തരം വിമര്‍ശനമുയര്‍ന്നതോടെ 2020 ജൂലൈ ഒന്നിന് ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞ് അദ്ദേഹം വീണ്ടും സര്‍വിസില്‍ തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."