ഉക്രൈനിലെ തീരാത്ത യുദ്ധം
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം അവസാനിക്കാതിരിക്കുകയും യൂറോപ്പ് ഊര്‍ജപ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തതോടെ റഷ്യയുടെ എണ്ണയെ ആശ്രയിക്കാതെ പുതിയ ഊര്‍ജസ്രോതസ് തേടുകയാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍. അധിനിവേശത്തില്‍ എവിടെയും തൊടാതെയുള്ള നിലപാടെടുത്ത ഇന്ത്യയാകട്ടെ പുതിയ സാഹചര്യമുണ്ടാക്കിയ സമ്മര്‍ദത്തിലാണ്. ലോകത്തെ ആകെ വില്‍ക്കുന്ന എണ്ണ, കല്‍ക്കരി, വാതകം എന്നിവയുടെ 25 ശതമാനം വരെ റഷ്യയുടേതാണ്. ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളാകട്ടെ യൂറോപ്യന്‍ രാജ്യങ്ങളും. യുദ്ധ സാഹചര്യവും റഷ്യയ്‌ക്കെതിരായ ഉപരോധവും യൂറോപ്പിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. യൂറോപ്പില്‍ ഡീസലിന് കടുത്ത പ്രതിസന്ധിയുണ്ട്. അടുത്ത മഞ്ഞുകാലത്തേക്ക് ഡീസലിന് റേഷന്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജര്‍മനി. സൗരോര്‍ജം ആണവ റിയാക്ടറുകള്‍ തുടങ്ങിയവ വഴി കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ പറ്റുമോയെന്നാണ് യൂറോപ്പിന്റെ നോട്ടം.
അമേരിക്കയും സമാനമായ പ്രതിസന്ധിയിലാണ്. ലോസ് ആഞ്ചല്‍സില്‍ ചരിത്രത്തിലാദ്യമായി പെട്രോള്‍ വില ഗാലന് ആറു ഡോളറിന് മുകളിലുയര്‍ന്നു. ഹൂതികള്‍ സഊദി എണ്ണസംവിധാനങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഏഷ്യയിലെ എണ്ണവിലയും ഉയര്‍ന്നു. യുദ്ധം രണ്ടാഴ്ചകൊണ്ട് തീരുന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ നാലാഴ്ച പിന്നിട്ടിട്ടും സാഹചര്യം മാറിയിട്ടില്ല. കരിങ്കടല്‍, അസോവ് കടലുകളിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടുന്നതും റഷ്യന്‍ ബാങ്കുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ഇടപാടുകള്‍ നടത്താന്‍ പറ്റാതിരുന്നതും ആഗോള വിപണികളെ കാര്യമായി ബാധിച്ചു. എണ്ണ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനമുള്ള രാജ്യവും പ്രകൃതിവാതക ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള രാജ്യവും മാത്രമല്ല റഷ്യ, കല്‍ക്കരി കയറ്റുമതിയില്‍ മൂന്നാമതും ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തും റഷ്യയാണ്.
20212022 കാലയളവില്‍ 35 ദശലക്ഷം ടണ്‍ ഗോതമ്പാണ് റഷ്യ കയറ്റുമതി ചെയ്തത്. ഗോതമ്പ് കയറ്റുമതിയില്‍ യൂറോപ്യന്‍ യൂനിയന്‍, റഷ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കുശേഷം നാലാം സ്ഥാനത്ത് ഉക്രൈനാണ്. സണ്‍ഫഌര്‍ ഓയില്‍ കയറ്റുമതിയില്‍ ഉക്രൈനും റഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. രാസവള നിര്‍മാണത്തില്‍ റഷ്യയും സഖ്യകക്ഷിയാ
യ ബെലാറസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതുകൊണ്ടുതന്നെ പ്രതിസന്ധി എണ്ണവിലയില്‍ മാത്രമൊതുങ്ങില്ല. കരിങ്കടല്‍ തുറമുഖങ്ങള്‍ അടച്ചുപൂട്ടിയത് ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ചില്‍ ഗോതമ്പിന്റെയും ധാന്യത്തിന്റെയും വില യഥാക്രമം 2008 മാര്‍ച്ചിനും 2012 ഡിസംബറിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നത് ഇന്ത്യയുടെ കയറ്റുമതി കൂട്ടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, പ്രതിസന്ധി സസ്യ എണ്ണകളുടെയും എണ്ണക്കുരുക്കളുടെയും വില വര്‍ധിക്കാന്‍ കാരണമായി. സൂര്യകാന്തിയും സോയാബീനും മാത്രമല്ല ഇതില്‍ ഉള്‍പ്പെടുന്നത്. മലേഷ്യയിലെ പാം ഓയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. രാജസ്ഥാനിലെയും യു.പിയിലെയും കടുക് കര്‍ഷകര്‍ക്ക് ഇതിന്റെ ചെറിയ ഗുണം ലഭിച്ചിട്ടുണ്ട്. എന്നാലിതെല്ലാം താല്‍ക്കാലികമാണ്. യുദ്ധമുണ്ടാക്കുന്ന വലിയ പ്രതിസന്ധിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതെല്ലാം നേട്ടങ്ങളായി എണ്ണാനുമാവില്ല. എന്നാല്‍ ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അമേരിക്കയാണ്. തങ്ങളുടെ പ്രദേശങ്ങള്‍ യുദ്ധഭൂമിയാവാതെ തന്നെ വലിയ തോതിലാണ് അമേരിക്ക ആയുധങ്ങള്‍ വില്‍ക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഉക്രൈനും ഇടയിലുള്ള പ്രധാന രാജ്യവുമായ പോളണ്ട് വഴിയാണ് ഈ യുദ്ധത്തെ അമേരിക്ക നിയന്ത്രിക്കുന്നത്. 4,700 സൈനികരെ അധികമായി വിന്യസിച്ചതായും രണ്ടു മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പോളണ്ടിന് കൈമാറിയതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രണ്ട് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് പോളണ്ടില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. മിസൈല്‍, സൈനിക വിമാനങ്ങളെയും ചെറുക്കുന്ന സംവിധാനമാണിത്. രാജ്യത്തിനുനേരെ വരുന്ന മിസൈലുകള്‍ കണ്ടെത്തുന്നതിനായുള്ള പ്രത്യേക സംവിധാനവും മിസൈല്‍ ഭീഷണി ഇല്ലാതാക്കാനുള്ള പാട്രിയറ്റ് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി 3 മിസൈലുകളും പി.എ.സി 2 മിസൈലുകളും പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ഇതിന്റെ ഏറ്റവും പുതിയ രൂപമായ മിസൈല്‍ സെഗ്മെന്റ് എന്‍ഹാന്‍സ്‌മെന്റ് വളരെയധികം നാശം വിതയ്ക്കുന്ന ഒന്നാണ്. യു.എസ് പ്രതിരോധ വകുപ്പിന്റെ 2019ലെ റിപ്പോര്‍ട്ടനുസരിച്ച് 1982 ല്‍ ആദ്യമായി വിന്യസിക്കപ്പെട്ട മിസൈല്‍ സംവിധാനം 2003ലെ ഇറാഖ് ആക്രമണത്തിലാണ് അമേരിക്കന്‍ പ്രതിരോധസേന ഉപയോഗിച്ചത്. പിന്നാലെ ഇറാഖിന്റെ ഭീഷണി ചൂണ്ടിക്കാട്ടി യു.എ.ഇ, കുവൈത്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കും പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്ക വന്‍ വിലയ്ക്ക് വിറ്റു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ പോളണ്ട് വര്‍ഷങ്ങളോളം സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ട് നാസി ജര്‍മനിയുടെയും പിന്നാലെ സോവിയറ്റ് യൂനിയന്റെയും അധിനിവേശങ്ങള്‍ക്കിരയായി. 1991ലാണ് പോളണ്ടിന്റെ ആദ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് സൈന്യം പോളണ്ടില്‍നിന്ന് പിന്‍വലിഞ്ഞു. ഇപ്പോള്‍ ഉക്രൈനില്‍ നടക്കുന്ന ആക്രമണം തങ്ങളുടെ രാജ്യത്തേക്കും റഷ്യ വ്യാപിപ്പിക്കുമോ എന്ന ഭയം പോളണ്ടിനുണ്ട്. അയല്‍രാജ്യമായ ബെലാറസിലെ റഷ്യയുടെ സൈനിക സാന്നിധ്യവും പോളണ്ട് ആശങ്കകളെ കൂടുതല്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് പോളണ്ടില്‍ 5000 സൈനികരെ അമേരിക്ക വിന്യസിച്ചത്. യുദ്ധസാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ എം.ഐ.ജി 29 യുദ്ധവിമാനങ്ങളും ജര്‍മനിയിലെ യു.എസ് വ്യോമതാവളത്തിലേക്ക് മാറ്റാമെന്നും തുടര്‍ന്ന് ഉക്രൈന് അയച്ചുനല്‍കാമെന്നും പോളണ്ട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ റഷ്യ അതൊരു യുദ്ധനീക്കമായി കണ്ടേക്കാമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയത് സമ്മതിച്ചിട്ടില്ല.
അധിനിവേശം അവസാനിപ്പിക്കാന്‍ തുര്‍ക്കിയിലും മറ്റുമായി നടക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ലോകത്തിന്റെ എല്ലാ പ്രതീക്ഷയും. നാറ്റോയില്‍ അംഗത്വം നേടാനുള്ള ഉക്രൈന്റെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഉക്രൈന്‍ നിഷ്പക്ഷത പുലര്‍ത്തുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുദ്ധാനന്തരം കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളുടെ മേഖലകളില്‍ റഷ്യന്‍ സൈന്യം തുടരുമോയെന്നും അതിര്‍ത്തികള്‍ എവിടെയായിരിക്കുമെന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ചര്‍ച്ചകളില്‍ കുറഞ്ഞത് ഒരു പാശ്ചാത്യ ആണവശക്തിയുടെ സാന്നിധ്യം വേണമെന്നാണ് ഉക്രൈന്‍ നിലപാട്. ഇതിനുപകരമായി ഒരു നിഷ്പക്ഷ സൈനിക പദവി എന്ന ആശയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നാണ് ഉക്രൈന്‍ അറിയിച്ചിരിക്കുന്നത്. ഒരു കരാര്‍ ഉണ്ടാക്കിയാലും അതിന് എത്ര കാലത്തെ ആയുസുണ്ടായിരിക്കുമെന്ന കാര്യത്തില്‍ ഉക്രൈന് ഉറപ്പില്ല. നേരത്തെയുണ്ടാക്കിയ കരാറുകളും രാജ്യാന്തര നിയമങ്ങളും പ്രതിബദ്ധതകളും റഷ്യ ലംഘിച്ചിട്ടുള്ളതായി ഉക്രൈന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ വ്യാപിപ്പിക്കാതിരിക്കാനുള്ള ബാധ്യത ഉക്രൈന്‍ ലംഘിച്ചതായി റഷ്യയും വാദിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് നാസി ജര്‍മനിയുമായി സഖ്യത്തിലായിരുന്ന ഓസ്ട്രിയ പിന്നീട് നാല് സഖ്യശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ്, സോവിയറ്റ് യൂനിയന്‍ എന്നിവയുടെ കീഴിലായിരുന്നു. 1955ല്‍ നാല് ശക്തികളും തങ്ങളുടെ സേനയെ പിന്‍വലിച്ച് ഓസ്ട്രിയയെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഓസ്ട്രിയയുടെ പാര്‍ലമെന്റ് ആദ്യം അതിന്റെ ഭരണഘടനയില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്ന് റഷ്യ നിര്‍ബന്ധം പിടിച്ചു. ഇതേ മാതൃക ഉക്രൈന്‍ പ്രതിസന്ധിയുടെ കാര്യത്തിലും സാധ്യമാണെന്നാണ് ഒരു വിഭാഗം കരുതുന്നത്. ഉക്രൈന്‍ നിഷ്പക്ഷ പദവിയിലേക്കെത്തുന്ന എന്തു കരാറും റഷ്യയ്ക്ക് സഹായകരമാണ്. ഉക്രൈനാകട്ടെ തങ്ങളുടെ പരമാധികാരം ഉറപ്പുവരുത്താനും യുദ്ധം അവസാനിക്കാനും ലോകത്തിന് ആശ്വസിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."