സ്വകാര്യതയെ തടവിലാക്കാനൊരുങ്ങുമ്പോൾ
അഡ്വ. പി.കെ നൂർബീന റഷീദ്
കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വം അധികാരത്തിലേറിയതു മുതൽ ജനവിരുദ്ധമായ നിരവധി നിയമനിർമാണങ്ങളാണ് നടത്തിയത്. ഇതിൻ്റെ ഭാഗമായി ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ഭരണകൂട ഭീകരതയുടെ കടന്നാക്രമണത്തിനു വിധേയമായി. നേരിട്ടും പരോക്ഷമായും ഭരണകൂടം പൗരാവകാശങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കയാണ്. പൗരജീവിതത്തിലേക്കു കടന്നുകയറാനുള്ള ശ്രമമായിട്ടാണ് ദിവസങ്ങൾക്കു മുമ്പ് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച 'ക്രിമിനൽ നടപടി (തിരിച്ചറിയൽ)ബില്ലി'നെ കരുതേണ്ടത്. മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും വിശാലമായ കാഴ്ചപ്പാടിലൂടെയാവണം കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലിനെ നാം വിശകലനം ചെയ്യേണ്ടത്.
വ്യക്തിസ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിച്ച ഒരു ഭരണഘടനയുള്ള ഇന്ത്യാ രാജ്യത്ത് പൗരന്മാർക്കുമുകളിൽ സൂക്ഷ്മമായ നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള Criminal Procedure(Identification) Bill, 2022 അഥവാ ക്രിമിനൽ നടപടി ( തിരിച്ചറിയൽ) ബിൽ 2022 വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ തടവുകാരുടെ തിരിച്ചറിയൽ നിയമം 1920(The Identification of Prisoners Act 1920) റദ്ദാക്കികൊണ്ടു ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ അതിൻ്റെ ഉള്ളടക്കം കൊണ്ടുതന്നെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതായി കാണാം. കൊളോണിയൽ നിയമത്തിലെ തലക്കെട്ടുതന്നെ തടവുകാരെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ പുതിയ നിയമത്തിൻ്റെ പരിധിയിൽ ശിക്ഷിക്കപ്പെടാത്തവരെയും ലക്ഷ്യംവച്ചാണ് വകുപ്പുകൾ എഴുതിച്ചേർത്തിരിക്കുന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഒരു വർഷമോ അതിലധികമോ കഠിന തടവുശിക്ഷ ലഭിച്ചവരോ അല്ലെങ്കിൽ അത്തരം കുറ്റകൃത്യങ്ങൾക്ക് അറസ്റ്റു ചെയ്തവരുടെയോ വിരലടയാളമോ കാൽ പ്രിന്റോ അതുമല്ലെങ്കിൽ അവരുടെ ചിത്രമോ ശേഖരിച്ചു സൂക്ഷിക്കുവാൻ അനുശാസിച്ചിട്ടുണ്ടെങ്കിൽ പുതിയ നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിലാക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന പൗരന്മാരുടെ പലതരത്തിലുള്ള ശരീര അളവുകൾ (വിരലടയാളം, കൈപ്പത്തി, കാൽപ്പാദം, നേത്രപടല ചിത്രങ്ങളും ശാരീരികവും ജൈവികവുമായ സാമ്പിളുകളും) ശേഖരിക്കുവാനും സൂക്ഷിക്കുവാനും അനുവാദം നൽകുന്നുണ്ട്. കൂടാതെ ഒരുവ്യക്തിയുടെ സ്വഭാവവൈകൃതം മനസ്സിലാക്കുന്നതിന് അയാളുടെ കൈയക്ഷരം, ഒപ്പ് എന്നിവയും സി.ആർ.പി.സി 1973ലെ 53, 53 എ അനുസരിച്ചുള്ള പരിശോധനകൾക്കും അനുമതി നൽകുന്നുണ്ട്.
1920ലെ ബ്രിട്ടീഷ് നിയമപ്രകാരം വിരലടയാളവും കാൽ പ്രിൻ്റും എസ്.െഎ റാങ്കിലുള്ളവർ നടത്താൻ നിർദേശിച്ചിട്ടുണ്ടെങ്കിൽ പുതിയ ബില്ലിൽ ഹെഡ് കോൺസ്റ്റബിൾ പദവിയിൽ കുറയാത്ത ഏതൊരു പൊലിസ് ഉദ്യോഗസ്ഥർക്കും ഇതൊക്കെ (biological sample അടക്കം) ചെയ്യാൻ അധികാരം നൽകുന്നു. ബില്ലിൽ പറയുന്നത് ഇത്തരത്തിൽ ശേഖരിച്ച ജൈവിക മാതൃകകൾ സൂക്ഷിച്ചുവയ്ക്കാനുള്ള അധികാരം 75 വർഷത്തേക്ക് സർക്കാരിനുണ്ട് എന്നാണ്. പ്രകടമായിത്തന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 20ന്റെ ലംഘനം കൂടിയാണ്. ഒരു വ്യക്തിയേയും അയാൾക്കെതിരേ തെളിവ് നൽകാൻ നിർബന്ധിക്കാനാകില്ലെന്ന പൗരാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
സ്വകാര്യത സംബന്ധിച്ചു സുപ്രിംകോടതിയുടെ പുട്ടസ്വാമി വിധി അർഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയത് വ്യക്തികളുടെ സ്വകാര്യത ഭരണഘടന നൽകുന്ന മൗലികാവകാശമാണ് എന്നാണ്. പുതിയ ബിൽ ഭരണഘടന നൽകിയ മൗലികാവശ ലംഘനമാണ്. ബില്ലിലെ വകുപ്പുകൾ പ്രകാരം നിസാരമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങൾക്ക്- ഉദാ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ, മോട്ടോർ വെഹിക്കിൾ നിയമത്തിലെ ലംഘനങ്ങൾ, രാഷ്ട്രീയസമരങ്ങളിൽ ഏർപ്പെടുത്താൽ തുടങ്ങി ചെറിയ പെറ്റി കേസുകൾക്കു പോലും- പൊലിസ് സ്റ്റേഷനിൽ കയറ്റിയാൽ പിന്നെ അറസ്റ്റു ചെയ്യുന്ന ആരുടെയും ഡി.എൻ.എ പരിശോധനവരെ നടത്താനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനും കഴിയും. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡാറ്റകൾ മുഴുവൻ എൻ.സി.ആർ.ബിക്കു( National Crime Records Bureau) കൈമാറണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.
യാതൊരു ന്യായീകരണവുമില്ലാതെ പല തടങ്കൽ നിയമങ്ങളും ഉപയോഗിച്ച് എത്രയൊ നിരപരാധികളെ തടവിലാക്കുന്ന, ജാതിയുടെയും മതത്തിന്റെയും കൊടിയുടെ നിറത്തിൻ്റെയും പേരിൽ അന്യായമായി കുറ്റാരോപിതരെ സൃഷ്ടിക്കുന്ന വർത്തമാന ഇന്ത്യയിൽ ഇത്തരമൊരു നിയമമുപയോഗിച്ചു നടത്തുന്ന വിവരശേഖരണം സംശയത്തോടെയേ വീക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള വിവരശേഖരണം വളരെയധികം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത്തരം വിവരശേഖരണം ചോർന്നുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവുകയില്ല. ത്രീവ ഹിന്ദുത്വ ഭരണകൂടം കൊണ്ടുവരുന്ന ഇത്തരം ബില്ലുകൾ പൗരന്റെ സ്വകാര്യതയെ ഭരണകൂടത്തിന്റെ കൈപ്പടയിലൊതുക്കാനുള്ള ഒരു ഹിഡൻ അജൻഡയുടെ ഭാഗമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
(വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ് ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."