ഏകാധ്യാപക സ്‌കൂളുകൾ അടച്ചുപൂട്ടി 344 അധ്യാപകർ പെരുവഴിയിൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കേരളത്തിലെ ആദിവാസി മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക സ്‌കൂളുകൾ അടച്ചുപൂട്ടിയതോടെ അധ്യാപകരായിരുന്ന 344 പേർ ഒറ്റ രാത്രി കൊണ്ട് പെരുവഴിയിലായി. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന മൾട്ടിഗ്രേഡ് ലേണിങ് സെന്ററുകൾക്കാണ് (എം.ജി.എൽ.സി) വ്യാഴാഴ്ച അർധരാത്രിയോടെ പൂട്ടു വീണത്.
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (ഡി.പി.ഇ.പി) പ്രകാരം സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ 1997ലാണ് മൾട്ടിഗ്രേഡ് ലേണിങ് സെന്ററുകൾ സ്ഥാപിച്ചത്. 2012ൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതിന് ശേഷം എം.ജി.എൽ.സികളെ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ ഇവരെ അവഗണിക്കുകയായിരുന്നു.ശമ്പളം പോലും കൃത്യമായി നൽകാതെയായി.
പാലക്കാട്, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏകാധ്യാപക സ്‌കൂളുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ 23 വർഷമായി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുന്നത്തുമല സ്‌കൂളിന്റെ ചുമതല വഹിക്കുന്ന കെ.ആർ ഉഷാകുമാരി ഇന്നു മുതൽ സ്വീപ്പർ പണിക്ക് പോകണം.
കഴിഞ്ഞ 23 വർഷമായി ആഴ്ചയിൽ അഞ്ച് ദിവസവും 14 കിലോമീറ്റർ നടന്നാണ് ഉഷ ആദിവാസി കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്താൻ സ്‌കൂളിലെത്തിയത്. ഇപ്പോൾ ജോലിയുമില്ല, കുടിശിക ശമ്പളവുമില്ല. ഫുൾടൈം, പാർട്ട് ടൈം സ്വീപ്പർമാരുടെ അഞ്ഞൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതിൽ ഇവരെ നിയമിക്കുമെന്ന് പറയുന്നെങ്കിലും അതിന് വേണ്ട നടപടികൾ ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. അതേ സമയം, ഇവരുടെ 12 മാസം വരെയുള്ള ശമ്പള കുടിശിക തീർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തി ആദിവാസി ഊരുകളിലെ കുട്ടികളെ അടുത്തുള്ള സർക്കാർ സ്‌കൂളുകളിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഗോത്രസാരഥി പദ്ധതിയും പ്രവർത്തനരഹിതമാണ്. കൊവിഡിനു ശേഷം പദ്ധതി ഇതുവരെ പുനരുജ്ജീവിപ്പിച്ചിട്ടില്ല. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ ആദിവാസികുട്ടികൾക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."