ഭരണഘടനാവിരുദ്ധമായ ക്രിമിനൽ നടപടി(തിരിച്ചറിയൽ) ബിൽ
അറസ്റ്റിലാകുന്ന ഏതൊരാളുടെയും ജൈവ സാംപിളുകൾ ശേഖരിക്കാൻ പൊലിസിനും ജയിൽ അധികൃതർക്കും അധികാരം നൽകുന്ന ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022 കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ തന്നെ വ്യക്തിയുടെ മൗലികാവകാശങ്ങളും സ്വകാര്യതയും ഹനിക്കുന്നതാണ് ബിൽ. ബില്ലിലെ വ്യവസ്ഥകൾ പൊലിസിന് കൂടുതൽ അധികാരം നൽകുന്നതും മനുഷ്യാവകാശ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന കാര്യത്തിൽ സംശയമില്ല.കൂടുതൽ അധികാരങ്ങൾ ലഭിക്കുമ്പോൾ പൊലിസിന് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവുമില്ല. സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് ബില്ലെന്ന പ്രതിപക്ഷ വിമർശനം വോട്ടിനിട്ട് തള്ളിയാണ് ഇത് ലോക്‌സഭയിൽ അവതരിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ശാരീരിക വിവരങ്ങൾ ശേഖരിക്കാൻ അധികാരം നൽകുന്ന 1920ലെ തടവുകാരെ തിരിച്ചറിയൽ നിയമത്തിന് പകരമായാണ് പുതിയ ബിൽ വന്നിരിക്കുന്നത്.
പുതിയ ബിൽ പ്രകാരം അറസ്റ്റിലാകുന്ന ഏതൊരു വ്യക്തിയുടെയും വിരലടയാളം, കൈപ്പത്തി അടയാളം, കാലടയാളം, ഫോട്ടോ, ബയോളജിക്കൽ സാംപിൾ എന്നിവ ശേഖരിക്കാം. നേത്രപടല സ്‌കാനിങ് നടത്താം. കൈയൊപ്പ്, എഴുത്തുരീതി തുടങ്ങിയവ എടുക്കാം. അറസ്റ്റ്, കരുതൽ തടങ്കൽ, വിചാരണത്തടവ്, ശിക്ഷിക്കപ്പെട്ടയാൾ എന്നിങ്ങനെ പിടിയിലുള്ള ഏതൊരാളുടെ കാര്യത്തിലും ഇത്തരം ശാരീരിക അടയാളങ്ങൾ രേഖപ്പെടുത്താൻ അധികാരമുണ്ടാവും. ഹെഡ്‌കോൺസ്റ്റബിൾ, ജയിൽ ഹെഡ് വാർഡൻ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർക്കാണ് ഇതിന് അധികാരം. മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് മാത്രം. സാംപിൾ നൽകണമെന്ന് ഏതു കുറ്റത്തിനും പിടിയിലാകുന്ന വ്യക്തിയോട് മജിസ്‌ട്രേറ്റിന് ആവശ്യപ്പെടാം. എതിർത്താൽ ഇന്ത്യൻ ശിക്ഷാ നിയമം 186ാം വകുപ്പുപ്രകാരം കുറ്റകരമായിരിക്കും. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സമരം ചെയ്യുമ്പോൾ അറസ്റ്റിലാകുന്നവരുടെ കാര്യത്തിലും സാംപിൾ ശേഖരണം ബാധകമാകാം. നിസാരമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലാകുന്നവരുടെയും ജൈവ സാംപിൾ അടക്കമുള്ളവ ശേഖരിക്കാം.
ശേഖരിക്കുന്ന സാംപിൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും നശിപ്പിക്കാനും ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോക്കാണ് അധികാരം. ഏത് ഏജൻസിയാണ് സാംപിൾ ശേഖരണം നടത്തേണ്ടതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും ബില്ലിലുണ്ട്. ഒറ്റനോട്ടത്തിൽ ബി.ജെ.പി സർക്കാർ തുടർന്നുവരുന്ന ജനവിരുദ്ധ നിയമനിർമാണത്തിന്റെ തുടർച്ചയാണ് ബില്ലെന്ന് വ്യക്തമാണ്. ഭരണഘടനയുടെ 20, 21 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ബിൽ. ഭരണഘടനയുടെ സ്വകാര്യത ഉറപ്പുനൽകുന്ന 14, 20(3), 21 വകുപ്പുകളെയും ബില്ലിലെ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ട്. ഇത്തരമൊരു നിയമനിർമാണത്തിന് പാർലമെന്റിന് അധികാരമില്ലെന്ന് പ്രതിപക്ഷപാർട്ടികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലിസ് പിടികൂടുന്ന ഒരാളെ, സാക്ഷിയാകുന്നതിന് നിർബന്ധിക്കാൻ പാടില്ലെന്ന് ഭരണഘടനയുടെ 20(1) വകുപ്പ് നിർദേശിക്കുന്നു. ബയോളജിക്കൽ സാംപിൾ വിശകലനത്തിന് അനുമതി നൽകുന്നതിലൂടെ നാർകോ അനാലിസിസ്, ബ്രെയ്ൻ മാപിങ് എന്നിവ നടത്താൻ പൊലിസിന് അധികാരം ലഭിച്ചേക്കുമെന്ന അപകടവുമുണ്ട്.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന 1920ലെ തടവുകാരെ തിരിച്ചറിയൽ നിയമം പോലും ഇത്ര അപകടകരമായിരുന്നില്ലെന്നതാണ് വസ്തുത. ബ്രിട്ടീഷ് നിയമപ്രകാരം ഒരുവർഷമോ അതിലധികമോ കഠിന തടവുശിക്ഷ ലഭിച്ചവർ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർ എന്നിവരുടെ വിരലടയാളമോ കാൽ പ്രിന്റോ ചിത്രമോ ശേഖരിച്ചു സൂക്ഷിക്കാനാണ് അനുമതിയുള്ളത്. എന്നാൽ, പുതിയ ബില്ലിൽ അറസ്റ്റിലാവണമെന്നത് മാത്രമാണ് വ്യവസ്ഥ. കൂടാതെ വ്യക്തിയുടെ സ്വഭാവവൈകൃതം മനസിലാക്കുന്നതിന് കൈയക്ഷരം, ഒപ്പ് എന്നിവയും സി.ആർ.പി.സി 1973ലെ 53, 53 എ അനുസരിച്ചുള്ള പരിശോധനകൾക്കും അനുമതി നൽകുന്നുണ്ട്. ബ്രിട്ടീഷ് നിയമപ്രകാരം വിരലടയാളവും കാൽ പ്രിന്റും ശേഖരിക്കാൻ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കേ സാധിക്കൂ. പുതിയ ബില്ലിൽ ഹെഡ് കോൺസ്റ്റബിൾ പദവിയിൽ കുറയാത്ത ഏതൊരു പൊലിസ് ഉദ്യോഗസ്ഥനും ഇതൊക്കെ ചെയ്യാൻ അധികാരമുണ്ട്. ഇത്തരത്തിൽ ശേഖരിച്ച സാംപിളുകൾ സൂക്ഷിച്ചുവയ്ക്കാനുള്ള അധികാരം 75 വർഷത്തേക്ക് സർക്കാരിനുണ്ട്.
ഒരു വ്യക്തിയെയും അയാൾക്കെതിരേ തെളിവുനൽകാൻ നിർബന്ധിക്കാനാകില്ലെന്ന പൗരാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. സ്വകാര്യത വ്യക്തിയുടെ ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നാണ് ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി കേസിൽ സുപ്രിംകോടതി വ്യക്തമാക്കിയത്. ഈ വിധിയുടെ ലംഘനം കൂടിയാണ് ബിൽ.
പൊലിസ് ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ മുഴുവൻ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോക്ക് കൈമാറണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സി.എ.എ സമരക്കാരെ കലാപക്കേസുകളിൽ കുടുക്കി ജയിലിലടക്കുകയും കലാപം നടത്തിയവർ സർക്കാരിന്റെ സ്വന്തക്കാരായി സ്വതന്ത്രരായി വിലസുകയും ചെയ്യുന്ന രാജ്യത്ത് ഇങ്ങനെയുള്ള വിവരശേഖരണം ദുരുപയോഗം ചെയ്യപ്പെടുമെന്നുറപ്പാണ്. പൗരന്റെ സ്വകാര്യതയെ ഭരണകൂടത്തിന്റെ കൈപ്പിടിയിലൊതുക്കാനും ഈ വിവരങ്ങളുടെ പേരിൽ അവനെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യത കൂടിയുണ്ടെന്ന കാര്യം തിരിച്ചറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."