ജ്ഞാന്‍വാപിക്ക് പിന്നാലെ ആഗ്ര ജഹന്നാര ജുമാമസ്ജിദും സംഘ്പരിവാര്‍ ഭീഷണിയില്‍
ലഖ്‌നൗ: ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണോ എന്നറിയാന്‍ വരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്ന കോടതിയുത്തരവിനു പിന്നാലെ ആഗ്രയിലെ പ്രശസ്തമായ ജഹന്നാര ജുമാമസ്ജിദും സംഘപരിവാര്‍ ഭീഷണിയില്‍. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത വിഗ്രഹങ്ങള്‍ ഔറംഗസീബ് ജഹന്നാര ജുമാമസ്ജിദിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നു വാദിച്ചും ഇതു സംബന്ധിച്ച് ജ്ഞാന്‍വാപി മാതൃകയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടും മഥുര ഈദ്ഗാഹ് മസ്ജിദ് കേസിലെ ഹരജിക്കാരന്‍ മഥുര കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു.
മഥുര സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി മുമ്പാകെ ശ്രീകൃഷ്ണ ഭക്തനെന്നവകാശപ്പെട്ട് മനീഷ് യാദവ് എന്ന വ്യക്തിയാണ് ഹരജി സമര്‍പ്പിച്ചത്. മധുര ഈദ്ഗാഹ് മസ്ജിദ് കേസില്‍ ഈ വര്‍ഷം ഫെബ്രുവരി 19ന് കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയച്ചിരുന്നു. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡാണ് പ്രധാന എതിര്‍കക്ഷി. ഈ കേസ് മെയ് 10ന് പരിഗണിക്കാനിരിക്കെയാണ് ഇതിന് അനുബന്ധമായി പുതിയ അപേക്ഷ.
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നില്‍ക്കുന്നിടത്തായിരുന്നു ശ്രീകൃഷ്ണന്‍ ജനിച്ച ജയില്‍മുറിയെന്നാണ് ഹരജിക്കാരന്റെ അവകാശവാദം. ഇതു സംബന്ധിച്ച് നിരവധി ചരിത്രകാരന്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.
ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഔറംഗസീബ് തകര്‍ത്തപ്പോള്‍ അതിലുണ്ടായിരുന്ന വിഗ്രഹം ജഹന്നാര പള്ളിക്കുള്ളില്‍ കുഴിച്ചിട്ടെന്ന് അപേക്ഷയില്‍ പറയുന്നു. ജ്ഞാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയ കാര്യം അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പള്ളിക്കുള്ളില്‍ പരിശോധന നടത്താന്‍ സമിതി രൂപീകരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയരക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."