മുസ്‌ലിം വംശഹത്യാ ആഹ്വാനവുമായി വീണ്ടും നരസിംഹാനന്ദ്
ന്യൂഡൽഹി
ഹരിദ്വാർ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദ് വീണ്ടും മുസ് ലിം വംശഹത്യാ ആഹ്വാനവുമായി രംഗത്ത്. രാജ്യത്ത് മുസ് ലിം പ്രധാനമന്ത്രി വന്നാൽ 50 ശതമാനം ഹിന്ദുക്കളും മതം മാറേണ്ടിവരുമെന്നും അത് തടയാൻ ആയുധമെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
20 വർഷത്തിനകം ഇന്ത്യയിൽ മുസ് ലിം പ്രധാനമന്ത്രി വരുമെന്നും യതി പറഞ്ഞു. ഡൽഹിയിൽ ഹിന്ദു മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ നിലനിൽപിന് വേണ്ടി ആയുധമെടുക്കാനും നരസിംഹാനന്ദ് ആഹ്വാനം ചെയ്തു.
ഡൽഹി സർക്കാരിന്റെ അനുമതിയോടെ ജന്തർ മന്ദറിനു സമീപത്തെ ബുരാരി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ഹരിദ്വാറിലും സമാനരീതിയിൽ വിദ്വേഷ പ്രസംഗം നടന്നിരുന്നു. ഇന്നലെ നടന്ന പരിപാടിയിലും നിരവധി ഹിന്ദുത്വവാദി നേതാക്കൾ പങ്കെടുത്തു. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലെ പ്രതിയായ നരസിംഹാനന്ദ് ജാമ്യത്തിലാണ്. 2029 ലോ, 2034 ലോ, 2039 ലോ മുസ് ലിം പ്രധാനമന്ത്രി രാജ്യം ഭരിക്കുമെന്നാണ് നരസിംഹാനന്ദ് പറയുന്നത്. 50 ശതമാനം ഹിന്ദുക്കൾ മതം മാറുകയും 40 ശതമാനം പേർ കൊല്ലപ്പെടുകയും 10 ശതമാനം മറ്റു രാജ്യങ്ങളിൽ അഭയാർഥികളാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ മുസ് ലിംകളായ രണ്ട് മാധ്യമ പ്രവർത്തകർക്ക് നേരേ ആക്രമണവുമുണ്ടായി. പ്രതികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ മാധ്യമങ്ങൾ പൊലിസ് സ്റ്റേഷനിൽ നിന്ന് സുരക്ഷ തേടിയെന്നും സംരക്ഷണം നൽകിയെന്നും നോർത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ ഉഷ രംഗ്നാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."