അങ്കണവാടി ജീവനക്കാരെ ആപ്പിലാക്കി 'പോഷൺ ട്രാക്കർ'
പ്രവർത്തന വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ നൽകാനാവുന്നില്ല ■ ഇൻസെന്റീവും കിട്ടാക്കനി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
അങ്കണവാടികളുടെ പ്രവർത്തന വിവരങ്ങൾ പോഷൺ ട്രാക്കർ അപ്ലിക്കേഷനിൽ കൃത്യമായി രേഖപ്പെടുത്താൻ കഴിയാതെ ജീവനക്കാർ വട്ടംകറങ്ങുന്നു.
അങ്കണവാടി വർക്കർമാർ നിത്യേനയെന്നോണം ശേഖക്കുന്ന വിവരങ്ങളാണ് അതാത് രജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്നതോടൊപ്പം പോഷൺ ട്രാക്കർ അപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യുന്നത്.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇതിന് പലപ്പോഴും സാധിക്കാത്ത അവസ്ഥയാണ്. ഇക്കാരത്താൽ ഇവർക്ക് ഇൻസെന്റീവും കിട്ടാക്കനിയായി.
2019 ലാണ് വിവര ശേഖരണത്തിനായി സംസ്ഥാനത്തെ അങ്കണവാടികൾക്ക് സർക്കാർ ഫോൺ അനുവദിച്ചത്. അങ്കണവാടി പരിധിയിൽ വരുന്ന കുടുംബങ്ങളുടെ വിവരം, പ്രതിദിന ഭക്ഷണം, ഭവന സന്ദർശനം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 11 രജിസ്റ്ററുകളാണ് എഴുതി സൂക്ഷിക്കേണ്ടത്.
ഇവയെല്ലാം പോഷൺ ട്രാക്കർ അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് കൃത്യമായി ചെയ്യുന്ന അധ്യാപികമാർക്ക് 500 രൂപയും ഹെൽപ്പർമാർക്ക് 250 രൂപയും ഇൻസെന്റീവ് ലഭിക്കും.
കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇൻസെന്റീവ് കിട്ടണമെങ്കിൽ 80 ശതമാനമെങ്കിലും കുട്ടികളുടെ വളർച്ചാ നിരീക്ഷണം നടത്തണം.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ,രണ്ട് വയസിനു താഴെയുള്ള കുട്ടികൾ എന്നിവരിൽ 60 ശതമാനം പേരുടെ വിവരങ്ങൾ ശേഖരിച്ച് ആപ്പിൽ എന്റർ ചെയ്യണമെന്നുമാണ് നിബന്ധന. എങ്കിൽ മാത്രമെ അധ്യാപികമാർക്ക് 500 രൂപയും ഹെൽപ്പർമാർക്ക് 250 രൂപയും ഇൻസന്റീവ് ആയി ലഭിക്കൂ.
എന്നാൽ സെർവറിലെ പ്രശ്നങ്ങളും സർക്കാർ നൽകിയ ഫോണിന് റേഞ്ച് കിട്ടാത്തതും കാരണം വിവരങ്ങൾ ആപ്പിൽ എന്റർ ചെയ്യാൻ പലപ്പോഴും ഇവർക്ക് കഴിയുന്നില്ല.
പലരും രാത്രി ഏറെ വൈകുന്നത് വരെ ഇരുന്നാണ് ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. മുൻപത്തെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സുഗമമായി വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നുവെന്നും ജീവനക്കാർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."