പാകിസ്ഥാനിലെ സ്ഫോടനം; ക്രിക്കറ്റ് മത്സരം നിർത്തി, താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റി
ഇസ്‍ലാമാബാദ്: പാകിസ്ഥാനിലെ ക്വെറ്റയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് സമീപത്ത് നടന്ന ക്രിക്കറ്റ് മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റുകയും ചെയ്തു. പാകിസ്ഥാൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് സ്ഫോടനം ഉണ്ടായത്.
നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് ഫെബ്രുവരി 13ന് ആരംഭിക്കുന്ന പി.എസ്.എല്ലിന്റെ ഭാഗമായി മുൻ താരങ്ങൾ അടക്കം അണിനിരന്ന പ്രദർശന മത്സരം അരങ്ങേറിയത്. സ്ഫോടനത്തിന് പിന്നാലെ മുൻകരുതലായാണ് കളി നിർത്തിവെച്ചതെന്നും അനുമതി ലഭിച്ചതോടെയാണ് മത്സരം പുനരാരംഭിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കൂടുതൽ പേർ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതിനാലാണ് കളി നിർത്തിവെച്ചതെന്നും അഭ്യൂഹമുണ്ട്. മത്സരം കാണാൻ ഗാലറി നിറയെ കാണികളുണ്ടായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ കാരണം ക്വെറ്റ ഏതാനും വർഷങ്ങളായി കായിക മത്സരങ്ങൾക്കൊന്നും വേദിയായിരുന്നില്ല.
ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. തെഹ്‍രീകെ താലിബാൻ പാകിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. കഴിഞ്ഞയാഴ്ച പെഷാവറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."