കൊവിഡ് വ്യാപനം: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍
കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ എന്റെ എല്ലാ പൊതു റാലികളും ഞാന്‍ നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,' രാഹുല്‍ ട്വിറ്റ് ചെയ്തു.
അതേസമയം, പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. കൊവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടില്ല.
രാജ്യത്ത് കൊവിഡ് സ്ഥിതി ഗുരുതരമാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."