ആലപ്പുഴയില്‍ സി.പി.എം വിഭാഗീയത രൂക്ഷം, 'രാഷ്ട്രീയ ക്രിമിനല്‍' പ്രയോഗം കത്തുന്നു
ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ തുടര്‍ച്ചയായ 'രാഷ്ട്രീയ ക്രിമിനല്‍' പ്രയോഗത്തോടെ ആലപ്പുഴയില്‍ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ സുധാകനെയും തോമസ് ഐസക്കിനെയും ഇത്തവണ മത്സരരംഗത്തുനിന്ന് പാര്‍ട്ടി മാറ്റിനിര്‍ത്തിയിരുന്നു. ഇരുവര്‍ക്കും ഇളവു നല്‍കി മത്സരിപ്പിക്കണമെന്ന് ആലപ്പുഴയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. ഇതു തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും പ്രതിഫലിച്ചിരുന്നു.
അമ്പലപ്പുഴയില്‍ സുധാകരനെ മാറ്റിനിര്‍ത്തിയതിനെച്ചൊല്ലിയാണ് ഏറ്റവുമധികം വിവാദങ്ങള്‍ ഉടലെടുത്തത്. സുധാകരന്‍ അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ഥിയായ എച്ച്. സലാമിനു വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്നത്. സലാമിന്റെ പ്രചാരണത്തെ ഇത് ബാധിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക തലത്തില്‍ പാര്‍ട്ടി വിലയിരുത്തല്‍. കൂടാതെ അമ്പലപ്പുഴയില്‍ സുധാകരന്റെ പോസ്റ്റര്‍ കീറി എ.എം ആരിഫ് എം.പിയുടെ പോസ്റ്ററൊട്ടിച്ചതും വിവാദമായിരുന്നു.
വിഭാഗീയതയെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുധാകരന്‍ നടത്തിയത്. അമ്പലപ്പുഴയിലുള്‍പ്പെടെ ജില്ലയില്‍ താന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് സുധാകരന്‍ പ്രതിരോധം തീര്‍ത്തത്. കൂടാതെ തന്റെ അരനൂറ്റാണ്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുകയും ജില്ലയില്‍ കക്ഷിഭേദമില്ലാതെ രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍ ചില നേതാക്കളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു.
സുധാകരന്‍ തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്നും പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ മറനീക്കുകയാണെന്നുമാണ് സുധാകരന്‍ പറയുന്നത്.ചിലര്‍ സുധാകരനെതിരേ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.
സുധാകരന്റെ തുടര്‍ച്ചയായുള്ള പരസ്യ പ്രതികരണങ്ങളോടെ ആലപ്പുഴയില്‍ ഇടവേളയ്ക്കു ശേഷം സി.പി.എമ്മില്‍ വിഭാഗീയത മറനീക്കുകയാണ്. സുധാകരന്റെ പ്രസ്താവനകളോട് പ്രതികരിക്കരുതെന്നു ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കു സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സുധാകരന്റെ നിരന്തരമുള്ള രാഷ്ട്രീയ ക്രിമിനല്‍ പ്രയോഗം ജില്ലയിലെ പല നേതാക്കള്‍ക്കും തലവേദനയാകുകയാണ്. ഇതോടെ സുധാകരനെതിരേ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."