പി.പി.ഇ കിറ്റിനുള്ളിലെ നോമ്പുകാലം
കഴിഞ്ഞ കൊവിഡ് കാലത്താണ് ആതുര സേവന രംഗത്തുള്ളവരെല്ലാം ഒരു പോലെ പ്രയാസം അനുഭവിച്ച നോമ്പുകാലം കടന്നു പോയത്. പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് വാര്‍ഡിലായിരുന്നു എനിക്ക് ഡ്യൂട്ടിയുണ്ടായിരുന്നത്. നോമ്പ് നോറ്റായിരുന്നു അന്ന് രോഗികളെ പരിചരിച്ചിരുന്നത്. രാവിലെ പി.പി.ഇ കിറ്റ് ധരിച്ച് ഡ്യൂട്ടിക്ക് കയറും. അത് ധരിച്ചാല്‍ ശരീരത്തില്‍ വലിയ ക്ഷീണമാണ്. നോമ്പനുഷ്ടിച്ച് പി.പി.ഇ കിറ്റും ധരിച്ചാല്‍ പിന്നെ വലിയ പ്രയാസമാണ്. ഒരാഴ്ച ഡ്യൂട്ടി എടുത്താല്‍ അടുത്ത ആഴ്ച ക്വാറന്റീനില്‍ പ്രവേശിക്കും. അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം നോമ്പുകാലം കഴിഞ്ഞത്.
കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ളുഹറും അസറും ഏകദേശം അടുത്ത സമയത്തോടെ നിസ്‌കരിക്കും. പലപ്പോഴായി നോമ്പുതുറ സമയത്ത് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ സഹായത്തിനെത്തും. മുഖാവരണവും ക്യാപ്പും മാറ്റി കാരക്കയും വെള്ളവും കൊണ്ട് നോമ്പ് തുറക്കും. പലപ്പോഴും കൊവിഡ് വാര്‍ഡിലുള്ള സമയത്ത് മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് കേള്‍ക്കാമായിരുന്നു. പക്ഷെ രോഗിയുടെ അടുത്ത് നിന്ന് തിരിച്ചു പോവാന്‍ സാധിക്കാതെ വരും. പിന്നീട് വാര്‍ഡില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും സഹപ്രവര്‍ത്തകര്‍ കാരക്കയും വെള്ളവുമായി കാത്തിരിക്കുന്നുണ്ടാവും.
അവസാന പത്തില്‍ പെരുന്നാളിനോടനുബന്ധിച്ച് ക്വാറന്റൈന് ശേഷം വീട്ടിലെത്തിയിരുന്നു. രണ്ടു മാസത്തിനു ശേഷം കുടുംബവുമായുള്ള കൂടിച്ചേരലായിരുന്നു അത്. പക്ഷെ അന്ന് നോമ്പു തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരിയാരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്നും വിളി വന്നു: 'ഡോക്ടര്‍, നിങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ച പേഷ്യന്റിന് കൊവിഡ് പോസിറ്റീവാണ്. ഉടന്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണം' അന്ന് ആകെ വല്ലാതായ ദിവസമായിരുന്നു. ഒരു ദിവസം പോലും വീട്ടില്‍ നിന്ന് നോമ്പ് തുറക്കാത്ത റമദാന്‍ കാലമായിരുന്നു അത്.
ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരാണ്. അത്യാസന്ന നിലയില്‍ രോഗികളെത്തുമ്പോള്‍ ബാങ്കു വിളിച്ചാല്‍ പോലും രോഗിയെ പരിചരിക്കാതെ നോമ്പ് തുറക്കാന്‍ സാധിക്കാറില്ല. രാത്രി ഡ്യൂട്ടിയിലാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്താഴം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിക്കാറില്ല. തിരക്കില്ലാത്ത സമയത്താണെങ്കില്‍ പലപ്പോഴായി ജൂനിയര്‍ ഡോക്ടര്‍മാരെ ഏല്‍പ്പിച്ച് നോമ്പ് തുറക്കാനും നിസ്‌കരിക്കാനും സമയം കണ്ടെത്തും.
(മലബാര്‍ മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിദഗ്ധനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."