കാസര്‍കോട്ടെ നഗരവിലക്ക്; തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം
കാസര്‍കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏപ്രില്‍ 24 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം. 14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം.
എന്നാല്‍, ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉള്‍പ്പെടെയുള്ള നേതാക്കളും തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് എന്‍.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
നിയന്ത്രണം നടപ്പാക്കാനായി ഈ ടൗണുകളില്‍ രണ്ട് വശത്തും പൊലിസ് പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. കൊവിഡ് പരിശോധനയും വാക്‌സിനേഷനും നല്‍കാനുള്ള സംവിധാനവും പരിശോധനാ കേന്ദ്രങ്ങളോടനുബന്ധിച്ച് സജ്ജീകരിക്കും.
ഇപ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാനും ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ബസില്‍ വരുന്നവരെ എങ്ങനെ പരിശോധിയ്ക്കും എന്നതടക്കമുള്ള സംശയങ്ങളാണ് വിമര്‍ശനമുന്നയിക്കുന്നവര്‍ ചോദിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ നിയന്ത്രണം നടപ്പാക്കാനായിരുന്നു ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നതെങ്കിലും പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. പെട്ടെന്ന് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് നീട്ടിവയ്ക്കുന്നതെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. അതേസമയം, നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."