ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപന തുടങ്ങി
ഖത്തർ
ലോകകപ്പിനുള്ള രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി. രണ്ടാം ഘട്ടത്തിൽ പത്തു ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഫിഫ വിൽക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 8,04,186 ടിക്കറ്റുകളാണ് ഫുട്‌ബോൾ ആസ്വാദകർ സ്വന്തമാക്കിയത്.
ഒരു കോടി 70 ലക്ഷം പേരായിരുന്നു ടിക്കറ്റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി വിൽപന നടത്താൻ 30 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ഒരുക്കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിലും റാൻഡം നറുക്കെടുപ്പ് വഴിയാകും ടിക്കറ്റുകൾ നൽകുക. ഫിഫയുടെ വെബ്‌സൈറ്റിൽ ഏപ്രിൽ 28വരെ ടിക്കറ്റിനായി അപേക്ഷിക്കാം. ഇത്തവണ കൂടുതൽ ഇന്ത്യക്കാർ ലോകകപ്പ് കാണുന്നതിന് വേണ്ടി ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് ലഭിച്ച ഇന്ത്യക്കാക്ക് ലോകകപ്പ് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങിന്റെ രേഖകളുമുണ്ടെങ്കിൽ അനായാസം വിസാ നടപടികൾ പൂർത്തിയാക്കാം.
ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് പരമാവധി 30 ദിവസം ഖത്തറിൽ തങ്ങുന്നതിന് സൗജന്യ ഓൺ അറൈവൽ വിസ നൽകുന്നുണ്ട്. ഈ വിസ ലഭിക്കാൻ സന്ദർശകരുടെ കൈവശം 5000 ഖത്തർ റിയവൽ (ഒരു ലക്ഷത്തോളം രൂപ) ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. ഇതിന്റെ രേഖ ഹാജറാക്കണം. നാലു വിഭാഗങ്ങളാക്കിയിട്ടാണ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപന നടത്തുന്നത്. ഇൻഡിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്, ഫോർ സ്‌റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിവയാണ് നാല് നിബന്ധനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."