മുല്ലപ്പെരിയാർ മേൽനോട്ട സമിതി കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡൽഹി
മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. മൂന്നംഗ സമിതിയുടെ ഘടനയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകി മേൽനോട്ട സമിതിയെ ശക്തിപ്പെടുത്തും. സുപ്രിംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.
നിലവിൽ കേന്ദ്ര ജല കമ്മിഷനിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ആണ് മേൽനോട്ട സമിതി അധ്യക്ഷൻ. ഇദ്ദേഹത്തെ മാറ്റി കേന്ദ്ര ജല കമ്മിഷൻ ചെയർമാനെയോ, മുതിർന്ന ഉദ്യോഗസ്ഥനെയോ മേൽനോട്ട സമിതി അധ്യക്ഷനാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സമിതിയിലെ മറ്റ് രണ്ടുപേർ കേരള, തമിഴ്‌നാട് അഡിഷണൽ ചീഫ് സെക്രട്ടറിമാരാണ്. അവർക്കും താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തലപ്പത്തെന്നതിനാലാണ് മുതിർന്ന ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്ര ജല കമ്മിഷനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എതിർത്തു. കേന്ദ്ര ജല കമ്മിഷൻ ചെയർമാനെ സമിതി അധ്യക്ഷനാക്കാനാകില്ലെന്നും അദ്ദേഹം 21 വിവിധ പാനലുകളുടെ ഭാഗമാണെന്നും അറിയിച്ചു. തുടർന്ന്, 2014 മുതലുള്ള ക്രമീകരണത്തിൽ ഇടപെട്ടാൽ തിരിച്ചടിയാകുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി സമിതി ശക്തിപ്പെടുത്തുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."