കെ.വി തോമസ് പുറത്തേക്ക് രാഷ്ട്രീയ നേട്ടം കൊയ്യാൻ സി.പി.എം; നഷ്ടമില്ലെന്ന നിലപാടിൽ കോണ്‍ഗ്രസ്
ഇ.പി മുഹമ്മദ്
കോഴിക്കോട്
പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതോടെ കെ.വി തോമസിന് കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്കുള്ള വഴി എളുപ്പമാകും. തോമസിനെ കൂടെക്കൂട്ടുന്നത് രാഷ്ട്രീയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചപ്പോഴും യു.ഡി.എഫ് ആധിപത്യം നിലനില്‍ക്കുന്ന ജില്ലയായ എറണാകുളത്ത് കോണ്‍ഗ്രസിലെ പ്രമുഖ നേതാവിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ കഴിയുന്നത് ഏറെ ഗുണം ചെയ്യുമെന്ന് സി.പി.എം കരുതുന്നു.
ജില്ലയിലെ മുന്‍ എം.എല്‍.എ കോണ്‍ഗ്രസിലേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് പാർട്ടിയിലേക്ക് വരുന്നതെന്നതും സി.പി.എമ്മിന് ആശ്വാസമാണ്. അതേസമയം, നിരവധി അധികാര പദവികള്‍ അലങ്കരിച്ച ശേഷം കെ.വി തോമസ് പാര്‍ട്ടിയില്‍നിന്ന് പോകുന്നതുകൊണ്ട് വലിയ നഷ്ടമൊന്നുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സ്വന്തമായി വലിയ അനുയായിവൃന്ദമില്ലാത്ത തോമസ് പോയാല്‍ ഒപ്പം പാര്‍ട്ടി വിടാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ എന്ന ആശ്വാസവും കോണ്‍ഗ്രസിനുണ്ട്.
കെ.വി തോമസ് വഴിയാധാരമാകില്ലെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ അദ്ദേഹത്തിന് സി.പി.എം മികച്ച പരിഗണനന നല്‍കുമെന്ന് സൂചിപ്പിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസിനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതേസമയം, മോദി അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ കെ.വി തോമസിനെതിരേ നടത്തിയ പ്രചാരണങ്ങൾ സി.പി.എമ്മിന് വിഴുങ്ങേണ്ടിവരും.
തോമസിനെതിരേ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സെമിനാറില്‍ പങ്കെടുക്കുന്നതുവരെ കാത്തിരുന്ന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് കെ.പി.സി.സിയുടെ നീക്കം. എ.ഐ.സി.സിയുടെ നടപടി ഉറപ്പായാല്‍ തോമസ് രാജിപ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തില്‍നിന്ന് ഹൈക്കമാന്‍ഡില്‍ സ്വാധീനം ഉണ്ടായിരുന്ന നേതാക്കളില്‍ ഒരാളായിരുന്ന തോമസ് നേതൃത്വത്തിന്റെ നിരന്തര അവഗണന ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയോട് അകലുന്നത്.
എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള തോമസിന്റെ അകല്‍ച്ച രൂക്ഷമായിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടി വിടുന്നതായുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നു. ഇതിനിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള വാക്കുകള്‍ അദ്ദേഹം ബി.ജെ.പിയിലേക്കാണെന്ന പ്രതീതിയുണ്ടാക്കി. പിന്നീട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാക്കിയെങ്കിലും നാലു മാസത്തിനകം ഈ സ്ഥാനം തെറിച്ചു.
യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
അടുത്തിടെ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം ഇതും ചെവികൊണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."