ഒഴിപ്പിക്കൽ വികസനത്തിന്റെ ഒരു നൂറ്റാണ്ട്
എൻ.പി ചെക്കുട്ടി
ഒരു നൂറ്റാണ്ടുമുമ്പ് തെക്കേ മലബാറിലെ മാപ്പിള കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിലും പിന്നീട് മുപ്പതുകളുടെ മധ്യംമുതൽ വടക്കേ മലബാറിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിൽ കർഷകസംഘം നടത്തിയ സമരങ്ങളിലും പ്രധാനമായി ഉന്നയിക്കപ്പെട്ട പ്രശ്‍നം തങ്ങളുടെ ഭൂമിയിൽനിന്ന് ഏകപക്ഷീയമായി കുടിയിറക്കപ്പെട്ട സാധാരണജനങ്ങളുടെ ആവലാതികളായിരുന്നു. ജന്മിത്തം കൊടികുത്തിവാണ നാളുകളിൽ ആർക്കും സ്വന്തം മണ്ണിൽ ജീവിതാന്ത്യംവരെ കഴിയാനുള്ള അവകാശം ജന്മിമാരും അവരെ സംരക്ഷിച്ച കൊളോണിയൽ ഭരണാധികാരികളും നൽകിയിരുന്നില്ല.
പിന്നീട് കേരളത്തിൽ ജനായത്ത ഭരണം വന്നു. ആദ്യമായി ഒരു കമ്യൂണിസ്റ്റ് ഭരണത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയ ഖ്യാതി മലയാളികൾ കൈവരിച്ചു. 'ജന്മിത്തം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കി വെടിയുണ്ടകളെ നേരിട്ട ധീരന്മാരുടെ പിൻമുറക്കാർ നാട്ടിലെ ഭരണം കൈയാളി. എന്നിട്ടോ? ചരിത്രത്തിന്റെ ഏറ്റവും വലിയ തമാശകളിൽ ഒന്ന് ഇന്നും കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒഴിപ്പിക്കൽ ഭീഷണിയാണ് എന്ന സത്യമാണ്. പണ്ട് ജന്മിമാരാണ് ഒഴിപ്പിക്കലിന്റെ കാർമികത്വം വഹിച്ചതെങ്കിൽ ഇന്നത് നിർവഹിക്കുന്നത് നാട്ടിലെ ഭരണകൂടം തന്നെയാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. അന്ന് കർഷകനെ കൂടുതൽ ഞെക്കിപ്പിഴിയാനുള്ള ഉപാധിയായാണ് ഒഴിപ്പിക്കൽ നടപ്പാക്കിയത്. ഇന്ന് വികസനമാണ് അതിന്റെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷേ ഇരകളെ സംബന്ധിച്ച് അതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. തങ്ങളുടെ കിടപ്പാടം വിട്ടുകൊടുക്കേണ്ടിവരുന്നത് വരാൻപോകുന്ന ഹൈസ്‌പീഡ് സൂപ്പർ റെയിൽപാതയ്ക്കു വേണ്ടി, അല്ലെങ്കിൽ നവസമ്പന്നരുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പുതിയൊരു വിമാനത്താവളത്തിന് വേണ്ടിയാണ് എന്നറിയുന്നതുകൊണ്ട് കർഷകനെന്തു നേട്ടം?
കൊളോണിയൽ ഒഴിപ്പിക്കലും ആധുനിക ജനാധിപത്യ ഒഴിപ്പിക്കലും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. അന്നൊന്നും ഒഴിപ്പിക്കപ്പെടുന്നവനു നഷ്ടപരിഹാരം നൽകിയിരുന്നില്ല. എന്നാൽ ഇന്ന് പൊന്നിൻ വിലയാണ് നൽകുന്നതെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതുവാങ്ങി ബാങ്കിലിട്ടു പലിശകൊണ്ട് നാലുതലമുറകൾക്കു കഴിഞ്ഞുകൂടാൻ പ്രയാസമില്ല എന്നാണ് ഈയിടെ കെ റെയിൽ വികസന കാലത്തു നാട്ടിലെങ്ങും കേട്ട വായ്ത്താരി. അങ്ങനെ പലിശകൊണ്ട് കഴിയാമെന്നു കരുതുന്നത് ശരിയോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. ഇങ്ങനെ ഉറപ്പുനൽകാൻ തക്കവണ്ണം നമ്മുടെ നാട്ടിലെ ബാങ്കുകൾക്കോ സഹകരണ സംഘങ്ങൾക്കോ വല്ല അടിയുറപ്പുമുണ്ടോ? ബ്ലേഡ് കമ്പനികളാണ് നിക്ഷേപകർക്ക് വേറൊരു ആശ്രയം. അത്തരം തട്ടിപ്പുകൾകൊണ്ട് ഒരുനാട്ടിൽ കിടപ്പാടം നഷ്ടമായി അഗതികളാകുന്നവരെ ആശ്വസിപ്പിക്കാനാവില്ല എന്നെങ്കിലും അധികാരികൾ ഓർക്കേണ്ടതാണ്.
ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വികസനത്തിന്റെ ഇരകളായി മാറുന്ന കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം ഇന്നൊരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. നർമദാതീരത്തെ കുടിയിറക്കപ്പെട്ട ആദിവാസികളുടെ ദുരിതങ്ങൾക്ക് ഇന്നും പരിഹാരമായിട്ടില്ല. ബംഗാളിൽ നന്ദിഗ്രാമിലും സിംഗൂരിലും വെടിയുണ്ട നേരിട്ട കർഷകരുടെ പരാതികൾക്കും പരിഹാരമില്ല. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെങ്ങും വ്യാപകമാണ്. വികസനമാണ് സർക്കാരിന്റെ ഏക ലക്ഷ്യം. അതിനാൽ അതിന്റെ ഇരകളും രക്തസാക്ഷികളുമായി ഇനിയും കോടിക്കണക്കിനു ജനങ്ങൾ കുടിയൊഴിഞ്ഞു പോകേണ്ടിവരും എന്ന് തീർച്ചയാണ്. അവർ നഗരങ്ങളിലെ ചാളകളിൽ പട്ടികളും പൂച്ചകളുമായി മല്ലിട്ടു ജീവിക്കാനായി പോരാടേണ്ടിവരും.
ഇതാണ് ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം. കേരളത്തിൽ മുത്തങ്ങ മുതൽ വിഴിഞ്ഞംവരെ സമീപകാലത്തു നടന്ന സമരങ്ങൾ നിരവധിയാണ്. തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാനും ജീവിതായോധന മാർഗങ്ങൾ പരിപാലിക്കാനായുമാണ് ജനങ്ങൾ സമരരംഗത്ത് ഇറങ്ങുന്നത്. അവർക്കു അതല്ലാതെ മറ്റൊരു വഴിയില്ല. പുതിയ വികസനങ്ങൾ വരുമ്പോൾ രാജ്യത്തിൻ്റെ ജി.ഡി.പി കുതിച്ചുകയറ്റം നടത്തുന്നതായി കണക്കുകൾ കാണിക്കും. പക്ഷേ അതിന്റെ ഒരു പങ്കുപോലും അവർക്കു ലഭിക്കുകയില്ല. കാരണം പുതിയ വ്യവസായങ്ങൾ, പുതിയ തൊഴിൽമേഖലകൾ അവർക്കു അപ്രാപ്യമാണ്. അവിടങ്ങളിൽ ഉണ്ടാകാനിടയുള്ള പുതു അവസരങ്ങൾ അവർക്കു നേട്ടമുണ്ടാക്കില്ല. കാരണം അവരുടെ പരിശീലനവും വിദ്യയും അതിനു പ്രയോജനകരമല്ല.
ഇതാണ് പുതിയ യാഥാർഥ്യം. വികസനവും ജനക്ഷേമവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ. രാജ്യത്തു സമ്പത്തു വർധിക്കുന്നു; സമ്പന്നരുടെ എണ്ണവും വർധിക്കുന്നു. അതേസമയം, താഴെത്തട്ടിൽ ദരിദ്രരുടെ, തൊഴിൽരഹിതരുടെ, അഗതികളുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ നഗരങ്ങളിലെ തൊഴിൽരംഗത്തു കൂടുതൽ കടുത്ത പ്രതിസന്ധികളാണ് ഉണ്ടായതെന്നു മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യൻ സമ്പദ് ഘടനയെ നിരീക്ഷിക്കുന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ) എന്ന സ്ഥാപനം ഈയിടെ പുറത്തുവിട്ട കണക്കുകൾ പറയുന്നത് 2016ൽ ഇന്ത്യൻ നഗരങ്ങളിൽ തൊഴിൽ ചെയ്ത ആളുകളേക്കാൾ കുറവാണ് 2022 മധ്യത്തിൽ അതേ നഗരങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നാണ്. അതായതു തൊഴിൽരംഗത്ത് നമ്മൾ കടുത്ത പിന്നോട്ടടിയാണ് നേരിടുന്നത്. പുതിയ നിക്ഷേപങ്ങൾ വൻതോതിൽ വരുന്നുണ്ട്. പക്ഷേ അവയൊന്നും പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നില്ല. എന്നുമാത്രമല്ല, പഴയ തൊഴിലുകൾ പലതും ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒറ്റ ഉദാഹരണം എടുക്കുക. കണ്ണഞ്ചിക്കുന്ന മാളുകൾ ഇന്ന് ഇന്ത്യയിലെങ്ങും വ്യാപകമാണ്. ഇന്ത്യൻ കമ്പനികൾക്കു പുറമെ വാൾമാർട്ട് അടക്കമുള്ള വിദേശ കമ്പനികളും നാട്ടിലെങ്ങുമുണ്ട്. അവ നേരിട്ട് സാധനങ്ങൾ വിപണനം നടത്തുന്നതിനു പുറമെ വീടുകളിൽ എത്തിക്കുന്ന ജോലിയും ഏറ്റെടുക്കുന്നു. ഇപ്പോൾ മിക്ക നഗരങ്ങളിലും ഇത്തരം സേവനങ്ങൾ വ്യാപകമായി. അതിന്റെ ഫലം ആയിരക്കണക്കിന് ചെറുകച്ചവടങ്ങൾ പൂട്ടിപ്പോയി എന്നതാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും സജീവമായ കേരളത്തിൽ പോലും ഇങ്ങനെ പുതുനിര സ്ഥാപനങ്ങളുടെ തിരയേറ്റത്തിൽ അപ്രത്യക്ഷമായ വാണിജ്യസ്ഥാപനങ്ങൾ ആയിരക്കണക്കിന് വരും. അവയിൽ ജോലിചെയ്തിരുന്ന ആളുകളുടെ എണ്ണം ലക്ഷക്കണക്കിനാണ്.
വികസനത്തിന്റെ യഥാർഥഫലം സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ കൂടുതൽ മാരകമായ വിധം വർധിപ്പിക്കുകയാണ് എന്ന കാര്യത്തിൽ ഇപ്പോൾ ആർക്കുമില്ല ഒരു സംശയവും. അദാനിയുടെ സാമ്രാജ്യം സംബന്ധിച്ച പുതിയ വിവരങ്ങൾ വികസനത്തിന്റെ മറ്റൊരു ഇരുണ്ടവശം കൂടി കാണിച്ചുതരുന്നുണ്ട്. അത് പൊതുസമൂഹത്തിന്റെ സമ്പത്തു കുത്തിച്ചോർത്താൻ എങ്ങനെ കൂറ്റൻ വ്യവസായികളെ അവരുടെ പിണിയാളന്മാരായ രാഷ്ട്രീയക്കാർ സഹായിക്കുന്നു എന്ന വസ്തുതയാണ്. കഴിഞ്ഞ ദിവസം പാർലമെന്റിൽ കണ്ടതു അതിന്റെ നഗ്‌ന ചിത്രമാണ്. ഒരുവശത്തു പതിപക്ഷം അദാനി-മോദി ഭായി ഭായി എന്നാർത്തുവിളിച്ചു പ്രധാനമന്ത്രിയുടെ വിശദീകരണത്തിനായി കടുംപിടുത്തം നടത്തിയപ്പോൾ മോദി ആ വിഷയത്തെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ഒരു മണിക്കൂറിലേറെ കത്തിക്കയറി. തന്റെ ഭരണകാലത്തു ഉദിച്ചുയർന്ന ഈ പുതുതാരകം എന്തുകൊണ്ടു തകരുന്നു എന്നാലോചിക്കാൻ അദ്ദേഹം ബാധ്യസ്ഥനല്ലേ? അവരുടെ ബിസിനസ്സ് തട്ടിപ്പുകളിൽ തനിക്കൊരു പങ്കാളിത്തവുമില്ല എന്നാണ് അദ്ദേഹത്തിന്റെ ന്യായവാദമെങ്കിൽ എങ്ങനെ രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും തുറമുഖങ്ങളും അവരുടെ നിയന്ത്രണത്തിലെത്തി? 2014ൽ ആദ്യമായി പാർലമെന്റിൽ അംഗമായ മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കാനായി ഡൽഹിയിലേക്ക് പറന്നത് അദാനിയുടെ സ്വകാര്യ വിമാനത്തിൽ ആയിരുന്നു എന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. തങ്ങൾക്കിടയിൽ ഇത്രയും അടുത്ത ബന്ധത്തിനു എന്താണ് കാരണം എന്നെങ്കിലും അദ്ദേഹം വിശദീകരിക്കേണ്ടതല്ലേ?
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ നീരാളിപ്പിടുത്തം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് തീർച്ചയാണ്. അധികാരികളുടെ വാഗ്‌ദാനങ്ങൾ ജനങ്ങളെ സംബന്ധിച്ചാണെങ്കിൽ ജലരേഖയാണ്. ഉദാഹരണത്തിന് 2014ൽ അവർ പറഞ്ഞത് അഞ്ചുവർഷം കൊണ്ട് കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കും എന്നാണ്. എന്താണ് സംഭവിച്ചത് എന്നറിയണമെങ്കിൽ കർഷകരുടെ ദീർഘസമരം മാത്രം നോക്കിയാൽ മതി. 2019ൽ മോദിയുടെ പുതിയ വാഗ്‌ദാനം അടുത്ത അഞ്ചുകൊല്ലത്തിൽ (അതായത് 2024-25 വർഷത്തിനകം) ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനം അഞ്ചുലക്ഷം കോടി ഡോളർ ആയി ഉയർത്തുമെന്നാണ്. ഇനി അതിനു ഒരു വർഷം ബാക്കി. എന്നാൽ ലക്ഷ്യത്തിന്റെ അടുത്തുപോലും രാജ്യം എത്താനിടയില്ല. അതിന്റെ നേട്ടങ്ങൾ നാട്ടുകാർക്ക് അനുഭവവേദ്യമാകുന്നില്ല എന്ന പ്രശ്നവും ബാക്കിനിൽക്കുന്നു. അതിനാൽ നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യം ഇത്തരുണത്തിൽ പ്രസക്തമാണ്. മുന്നിൽ കാണുന്നത് കൊളോണിയൽ കാലത്തെ അടിമത്തത്തിന്റെ നിഴലുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."