ബജറ്റിൽ വകയിരുത്തിയ പിന്നോക്കവിരുദ്ധത
ടി.കെ ജോഷി
ഒട്ടനവധി സാമൂഹിക മാറ്റം കൊണ്ടുവരുന്നുവെന്ന് വീമ്പുപറയുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെങ്കിലും സമൂഹത്തിലെ അന്തർലീന പ്രശ്‌നങ്ങളിൽനിന്ന് ഈ പാർട്ടിയും ഇടതുമുന്നണിയും എത്രമാത്രം അകലുന്നുവെന്നു വിമർശനവിധേയമായി പരിശോധിക്കപ്പെടേണ്ട സാഹചര്യമാണിത്. ഒരു സമൂഹത്തെയോ ജനവിഭാഗത്തെയോ ഉയർത്തിക്കൊണ്ടുവന്നു തുല്യതയെന്ന മൗലികാവകാശത്തിൽ എത്തിക്കണമെങ്കിൽ സാമ്പത്തികഭദ്രതയ്ക്കുള്ള പങ്ക് ഏറെയാണ്. സമ്പത്തിന്റെ അളവുകോലിൽ വ്യക്തികളെയും സമൂഹത്തെയും പരിഗണിക്കുന്ന ഈ കാലത്ത് സാമ്പത്തിക സുരക്ഷിതത്വമാണ് പ്രധാനമെന്നതിൽ തർക്കമില്ല. ഇത്തരം സാമ്പത്തിക അന്തരം കുറയ്ക്കാൻ സമൂഹത്തിലെ ദുർബലവിഭാഗങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കാൻ സർക്കാരുകൾ ആസൂത്രിതമായി പദ്ധതികൾ നടപ്പാക്കുന്നതും ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ പിൻബലത്തിലാണ്. കഴിഞ്ഞദിവസം ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023-24 വർഷത്തെ ബജറ്റിലൂടെ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് എന്ത് ഉന്നമനമാണ് സാധ്യമാകുകയെന്ന പരിശോധനയ്ക്ക് പ്രാധാന്യമുണ്ട്.
ഇന്ധന സെസിൻ്റെയും വൈദ്യുത, ഭൂമി കരത്തിൻ്റെയുമൊക്കെ വർധന എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതം ഒരുപോലെ ദുരിതത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സമ്പത്തിന്റെയും തൊഴിലിൻ്റെയും ഭൂമിയുടെയും ചെറിയ പങ്കുമാത്രം അധിപരായിട്ടുള്ള പിന്നോക്കവിഭാഗങ്ങളെ പൂർണമായും സാമ്പത്തിക വിഭവവിതരണത്തിൽനിന്ന് അകറ്റിനിർത്തുമ്പോൾ ഈ ബജറ്റ് അവർക്ക് ഏൽപ്പിക്കുന്ന ആഘാതത്തിന്റെ വലുപ്പം ചെറുതല്ല.
പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പിന്നോക്ക വികസന കോർപറേഷനും മുന്നോക്ക വിഭാഗങ്ങളുടെ വികസനത്തിന് മുന്നോക്ക വികസന കോർപറേഷനും മുഖ്യപങ്കുവഹിക്കുന്നവയാണ്. ഓരോ ബജറ്റിലും കോർപറേഷനുകൾക്ക് അനുവദിക്കുന്ന പണം ഈ വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ടാംപിണറായി സർക്കാരിന്റെ പുതിയ ബജറ്റിൽ മുന്നോക്ക കോർപറേഷന് 38.05 കോടി നീക്കിവച്ചപ്പോൾ പിന്നോക്ക കോർപറേഷനുള്ള വിഹിതം 13 കോടി മാത്രമാണ്. പദ്ധതികൾ ഇല്ലാഞ്ഞിട്ടോ ആവശ്യപ്പെടാതിരുന്നിട്ടോ അല്ല വിഹിതത്തിൽ വെട്ടിക്കുറയ്ക്കൽ. പിന്നോക്ക-ന്യൂനപക്ഷ വിദ്യാർഥികളുടെ വിവിധ സ്‌കോളർഷിപ്പുകൾ, മദ്‌റസ അധ്യാപകരുടെ ക്ഷേമനിധി, വിധവകളുടെ വീടുനിർമാണ പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ ഫണ്ടില്ലാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്.
കേവലം ബജറ്റ് വിഹിതത്തിന്റെ പങ്കുവയ്ക്കലിനു പുറമെ ഉയരുന്ന വിഷയം ജാതിയമായോ അല്ലാതെയോ അടിച്ചമർത്തൽ നേരിടുന്ന പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്താൻ ഇടതുസർക്കാർ എന്തുനടപടി സ്വീകരിക്കുന്നുവെന്നതാണ്. രാജ്യത്തെ വിഭവങ്ങളിലും അധികാരകേന്ദ്രങ്ങളിലും മതിയായ പ്രതിനിധ്യം കൊടുക്കാൻ സന്നദ്ധമാകുന്നുണ്ടോ? ദലിത്, പിന്നോക്ക വിഭാഗങ്ങളെ അധികാരസ്ഥാനങ്ങളിൽനിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ കേരളത്തിൽ കാലങ്ങളായി നടന്നുവരുന്നതാണ്. അതിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള പലമാർഗങ്ങളാണ് ഉദ്യോഗസ്ഥ ലോബിയുടെ സമ്മർദത്തിന് വഴങ്ങിയും അല്ലാതെയും ഇടതുസർക്കാരും പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
മുന്നോക്കവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. അതിനു ചുക്കാൻ പിടിച്ചത് ജാതീയ മേൽക്കോയ്മകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് അവകാശവാദം ഉന്നയിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പിണറായി സർക്കാരുമാണ്. ദേവസ്വം ബോർഡിൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മുന്നോക്ക സംവരണത്തിന്റെ ചുവടുപിടിച്ചാണ് മോദിയുടെ ബി.ജെ.പി സർക്കാർപോലും 'സവർണ' സംവരണം നടപ്പാക്കിയത്. പിന്നീട് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ഒരു പടികൂടി കടന്ന് പി.എസ്.സിയിലും 'സവർണ' സംവരണം നടപ്പാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് പി.എസ്.സി വഴി 10 ശതമാനം സംവരണം നടപ്പാക്കിയപ്പോൾ മറ്റു പിന്നോക്കവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് സർക്കാർ അവകാശപ്പെട്ടുവെങ്കിലും ഓപൺ ക്വാട്ടയിൽ നിന്നുള്ള 10 ശതമാനത്തിന്റെ കുറവിന്റെ ആനുപാതിക നഷ്ടം പിന്നോക്കക്കാർക്ക് ഉണ്ടാകുമെന്നത് വസ്തുതയാണ്.
ഇതേ നയവും നിലപാടുമാണ് ബജറ്റ് വിഹിതത്തിലും പ്രതിഫലിക്കുന്നത്. എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾക്ക് കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടികളെക്കൊണ്ടുപോലും നയമെടുപ്പിക്കാനുള്ള കഴിവുണ്ട്. അതിനാലാണ് നിയമസഭയിലെ ബജറ്റ് പ്രസംഗത്തിലും ജനസംഖ്യാനുപാതികമായിപ്പോലും പരിഗണിച്ചാൽ കൂടുതൽ വിഹിതം കിട്ടേണ്ട പിന്നോക്കക്കാർക്ക് തുക കുറയുന്നതായും മുന്നോക്ക വിഹിതം കൂടുന്നതായുമുള്ള പ്രഖ്യാപനം വരുന്നതും അതിന് ഭരണപക്ഷ, പ്രതിപക്ഷ ബെഞ്ചിൽനിന്ന് കൈയടി കിട്ടുന്നതും.
ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നു, വീടില്ലാത്തവർക്ക് വീടുവച്ചു നൽകുന്നുവെന്നെല്ലാം വാദിക്കുന്ന സി.പി.എം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉതകുന്ന ഒരു പദ്ധതിക്കും ഒപ്പമില്ലെന്നതാണ് ബജറ്റിലെ മുന്നോക്ക കൂറിലൂടെ അടിവരയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."