കൊച്ചി: വ്യാപാരിയെ മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷൻ കൗൺസിലറായ ടിബിൻ.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്.
എളമക്കര ജവാന്‍ ക്രോസ് റോഡില്‍ 'കോസ്മിക് ഇന്നവേഷന്‍സ്' നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പത്തുപേര്‍ സംഭവത്തില്‍ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. ഏഴുപേര്‍ക്കായി അന്വേഷണം നടത്തിവരുകയാണ്.