തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്‍, തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്ന് കെ.വി തോമസിൻ്റെ തുറന്നു പറച്ചില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ. സുധാകരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
‘ദേശീയ തലത്തില്‍ ബിജെപിയിതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് എന്നെ അറിയിച്ചു. ഡല്‍ഹിയില്‍വച്ച് കേരളത്തില്‍നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ കണ്ട്, തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്’ – കെ.വി തോമസ് പറഞ്ഞു.