ബന്ധുക്കള്‍ ശത്രുക്കള്‍
മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകുമെന്നു പറയാറുണ്ട്. സത്യത്തില്‍ അത് മൃഗങ്ങളെ അപമാനിക്കലാണ്. മൃഗങ്ങളൊരിക്കലും സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലില്ല. ഇത്തിരിപൊന്നിനും ഒത്തിരി പണത്തിനുമായി സഹോദരനെ കൊന്നു കുഴിച്ചുമൂടില്ല. സ്വന്തം ചോരയെ പുഴയിലെറിയില്ല. അപ്പോള്‍ അധ:പതിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. ആ മഹാപാപം വെറുതെ മൃഗങ്ങളുടെ ചുമലില്‍ ചാരേണ്ടതുണ്ടോ?
സ്വപ്‌നം കണ്ട ജീവിതം കൈയ്യെത്തിപ്പിടിക്കാന്‍ വാശിപിടിക്കുന്നവരുടെ തീരുമാനങ്ങള്‍ ഉണ്ടാക്കിതീര്‍ത്തേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നേയില്ല. അതുണ്ടാക്കിവയ്ക്കുന്ന മാനസികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകളെക്കുറിച്ച് ആലോചിക്കാനും മെനക്കെടില്ല. വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍ പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പം ഒരു താല്‍ക്കാലിക സംവിധാനമാവുന്നുണ്ടോ? ബന്ധങ്ങളുടെ വിലയറിയാത്ത മക്കളും മാതാപിതാക്കളും സഹോദരങ്ങളും ഈ സമൂഹത്തെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോകുന്നത്?
എത്രവേണമെങ്കിലുമുണ്ട് നൊന്തുപെറ്റ അമ്മമാര്‍ തന്നെ കുഞ്ഞുങ്ങളെയും കൂടെപ്പിറപ്പുകളേയും കൊന്നുതള്ളിയ സംഭവങ്ങള്‍. പിതാവും ബന്ധുക്കളും ചവിട്ടിയരച്ചവരുടെ കഥകള്‍. സ്‌നേഹവും സുരക്ഷയും അന്നവും അഭയവും നല്‍കി സംരക്ഷിച്ച് പോരേണ്ടവര്‍ തന്നെ ശിക്ഷകരും ആരാച്ചാരുമാരുമാകുന്ന കഥകളിലെ ഇരകള്‍ക്ക് പറയാനുള്ളത് സമാന അനുഭവങ്ങള്‍. എന്നിട്ടും സമൂഹത്തിന് ഇതൊന്നും ഒരു പാഠമേയാകുന്നില്ല.
സീന്‍ ഒന്ന്
വൈഗ/സനു മോഹന്‍
വൈഗ ഒരു നദിയുടെ പേരാണ്. തമിഴ്‌നാടിന്റെ പശ്ചിമഘട്ട നിരയില്‍ പെരിയാര്‍ സമതലത്തില്‍ ഉത്ഭവിച്ച് 240 കിലോമീറ്റര്‍ നീളത്തിലൊഴുകുന്നൊരു നദി. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മധുര നഗരം വൈഗ നദിയുടെ തീരത്തായിരുന്നു സ്ഥിതിചെയ്യുന്നത്. കേരളത്തിലെ മാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളിലായി ഉള്ളുലയ്ക്കുന്നൊരു വാര്‍ത്തയായിരുന്നു വൈഗയെന്ന പതിമൂന്നുകാരിയുടെ ദാരുണമായ കൊല. അവളുടെ പുഞ്ചിരിക്കുന്ന സുന്ദരമുഖത്തേക്കുനോക്കി എങ്ങനെയൊരാള്‍ക്കവളെ കൊലപ്പെടുത്താനാകുമെന്നു ചോദിക്കാത്തവരുണ്ടാകില്ല. എന്നാല്‍ അവളെ ഈ ഭൂമുഖത്തുനിന്നേ ചവിട്ടിമെതിച്ച് പുഴയിലെറിഞ്ഞത് സ്വന്തം പിതാവുതന്നെയായിരുന്നുവെന്നറിഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ ഞെട്ടലാണ് മലയാളികള്‍ക്കുണ്ടായത്. വൈഗയുടെ അന്ത്യവും മറ്റൊരു നദിയിലായി.
കേസിലെ പ്രതിയായ സനുമോഹനുമായി പൊലിസ് തെളിവെടുപ്പ് തുടരുകയാണ്. നാലു സംസ്ഥാനങ്ങളിലാണ് പൊലിസ് ഇയാളെ കൊണ്ടുപോയത്. കുടുംബവുമൊത്തു താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റ്‌സിലും മകളെ ജീവനോടെ വലിച്ചെറിഞ്ഞ മുട്ടാര്‍പുഴയിലെത്തിച്ചും തെളിവെടുത്തു. തെല്ലും കുറ്റബോധമില്ലാതെയായിരുന്നു പ്രതിയുടെ നില്‍പ്പ്. ഫ്‌ളാറ്റിലെ താമസാക്കാര്‍ക്കു മുന്നില്‍ നില്‍ക്കുമ്പോഴും യാതൊരു കൂസലുമുണ്ടായിരുന്നില്ല.
മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കീറിമുറിക്കുമ്പോഴും കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ ത്രില്ലര്‍ സിനിമ കണ്ടാസ്വദിക്കുകയായിരുന്നു സനു മോഹന്‍.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വിതുമ്പലോടെ കാത്തിരിക്കുമ്പോഴാണ് സനു മോഹന്‍ സിനിമാക്കഥയില്‍ മുഴുകിയത്. മകളെ പുഴയിലെറിഞ്ഞ് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ എല്ലാ സുഖങ്ങളിലും മുഴകി ജീവിക്കുകയായിരുന്നു ഇയാള്‍.
ചെലവഴിച്ചത് ഏറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായിരുന്നു. മകളെ കൊലപ്പെടുത്തിയതോ, പുഴയില്‍ ഉപേക്ഷിച്ചതോ, പിന്നീട് എന്തു സംഭവിച്ചുവെന്നതോ ഇയാളെ ഒരിക്കലും അലട്ടിയതേയില്ല. പലപ്പോഴും ഒരു സൈക്കോ ക്രിമിനലിനെപ്പോലെയാണ് പെരുമാറിയതെന്നും പൊലിസ് പറയുന്നു.
സീന്‍ രണ്ട്
സുബീറ/അന്‍വര്‍
മൂന്നര പവനുവേണ്ടി ഒരു പാവം പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നു കുഴിച്ചുമൂടിയ മലപ്പുറം വളാഞ്ചേരിയിലെ അന്‍വര്‍ എന്ന സൈലന്റ് കില്ലറുടെ കണ്ണില്ലാത്ത ക്രൂരതയിലൂടെ പുറത്തുവന്നത് മറ്റൊരു ഭീഭത്സ മുഖമാണ്. കഞ്ഞിപ്പുരയില്‍ നിന്നു ഇരുപത്തൊന്നുകാരിയായ ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ കാണാതായെന്ന വാര്‍ത്തക്ക് ഇങ്ങനെയൊരു പര്യവസാനം ആരും പ്രതീക്ഷിച്ചതേയല്ല. സുബീറയെ കണ്ടെത്താന്‍ തെരച്ചിലിനു നേതൃത്വം നല്‍കി പ്രതി അന്‍വര്‍ മുന്നില്‍ നിന്നു. ആക്ഷന്‍ കൗണ്‍സിലിലും പ്രവര്‍ത്തിച്ചു. പൊലിസിനെ സഹായിക്കാന്‍ കൂടെച്ചെന്നു. സംശയങ്ങള്‍ക്ക് ഇടംനല്‍കാത്ത വിധമായിരുന്നു പെരുമാറ്റം. ഒരു സൈലന്റ് ക്രിമിനല്‍ മനസിന്റെ ഉടമയെ ആര്‍ക്കും കണ്ടെത്താനായില്ലെന്നതാണ് ആശ്ചര്യകരം. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായിരുന്നു അന്‍വര്‍.
പ്രതിയുടെ വികൃതമുഖം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഈ ഗ്രാമം. ഈ കുടുംബവും. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൊലിസിന്റെ സംശയമുന ഇയാളിലേക്ക് നീണ്ടിരുന്നു. എന്നാല്‍ ഫര്‍ഹത്തിന്റെ ബന്ധുക്കള്‍ക്കപ്പോഴും സംശയം തോന്നിയില്ല. പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ ഉറപ്പില്ലാതെ അങ്ങനെ ചെയ്യരുതെയിരുന്നു വീട്ടുകാര്‍ പറഞ്ഞത്.
അന്‍വര്‍ ഈ ക്രൂരകൃത്യം നടത്തിയത് മൂന്നരപ്പവന്‍ സ്വര്‍ണാഭരണത്തിനുവേണ്ടിയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. കല്ലുവെട്ടു കുഴിയില്‍ പെട്ടെന്ന് മണ്ണിട്ട് നികത്തിയതാണ് സംശയങ്ങള്‍ക്കു കാരണമായത്. കോഴിവേസ്റ്റ് കൊണ്ടുവന്നിട്ടതിനാല്‍ നല്ല മണമുണ്ടെന്നും പെട്ടെന്ന് തന്നെ മണ്ണ് വേണമെന്നും പ്രതി ജെ.സി.ബി ഡ്രൈവറോട് പറഞ്ഞിരുന്നു. ഇവിടെ മണ്ണ് നീക്കി പരിശോധന നടത്തുമ്പോള്‍ 'ഇന്ന് നോമ്പൊക്കെ തുറന്നുകഴിഞ്ഞ് നാളെ മാന്താം' എന്ന പ്രതികരണവും സംശയം ഇരട്ടിപ്പിച്ചു. പക്ഷേ, പൊലിസ് തിരച്ചില്‍ നിര്‍ത്തിയില്ല. കൂലിപ്പണിക്കാരനായിരുന്ന അന്‍വറിന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. അത് തീര്‍ക്കാനായിരുന്നു ഈ കടുംകൈ.
സീന്‍ മൂന്ന്
ഷാജി പീറ്റര്‍/ സജിന്‍
രണ്ടര വര്‍ഷം മുന്‍പാണ് കൊല്ലം അഞ്ചലിലെ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍ ഷാജി പീറ്ററി(44)നെ കാണാതാകുന്നത്. കാണാതായെന്ന് പറഞ്ഞത് മറ്റാരുമല്ല. പെറ്റമ്മയും സഹോദരനും സഹോദരഭാര്യയും തന്നെയാണ്. അപ്പോള്‍ പലപ്പോഴും ഊരുതെണ്ടുന്ന ഷാജി പീറ്ററിനെക്കുറിച്ച് അങ്ങനെതന്നെയേ നാട്ടുകാരും വിചാരിച്ചുള്ളൂ. പക്ഷേ, രണ്ടര വര്‍ഷത്തിനുശേഷമതാ സിനിമാക്കഥപോലെ ചില സംഭവങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു. മാതാവും സഹോദരനും ഭാര്യയും പൊലിസ് കസ്റ്റഡിയിലാകുന്നു. പൊലിസും ഫോറന്‍സിക് വിദഗ്ധരും പറന്നെത്തുന്നു. കാണാതായെന്ന് പറയുന്നയാളിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നു.
2018ലെ തിരുവോണനാളില്‍ കൊട്ടാരക്കരയില്‍ താമസിക്കുന്ന സജിനും ഭാര്യയും ഭാരതീപുരത്തെ കുടുംബവീട്ടില്‍ വിരുന്നിനെത്തി. ഉച്ചയൂണിന് ശേഷം ജ്യേഷ്ഠാനുജന്മാര്‍ മദ്യപിച്ചു. അല്‍പം അതമിതമായിപ്പോയി. അവിവാഹിതനായ ഷാജി പീറ്റര്‍ സജിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെത്രെ. വാക്കേറ്റം മൂത്തു. അടിപിടി മുറുകി. ഷാജി പീറ്റര്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ടു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തിലായിരുന്നില്ലെന്നുമാണ് സജിന്‍ പീറ്ററുടെ കുറ്റസമ്മതമൊഴി.
ഷാജി മരിച്ചതോടെ മൂവരും ചേര്‍ന്ന് വീടിനു സമീപം കുഴിച്ചിടുകയായിരുന്നു. പിന്നീട് ഷാജിയെ അന്വേഷിച്ച് വന്നവരോട് ഷാജി നാടുവിട്ടെന്നും മലപ്പുറത്തുണ്ടെന്നുമായിരുന്നു പൊന്നമ്മ പറഞ്ഞിരുന്നത്. ഒടുവില്‍ പുറത്തുവന്നത് നാടിനെ നടുക്കിയതും അത്യപൂര്‍വവുമായ കേസാണ്.
ഷാജിയുടെ മാതാവ് പൊന്നമ്മ (62), സഹോദരന്‍ സജിന്‍ പീറ്റര്‍ (40), ഭാര്യ ആര്യ (35) എന്നിവരെയാണ് ഏരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം പൊലിസില്‍ വിവരമറിയിച്ച ബന്ധു, സജിന്‍ പീറ്ററില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പുറത്തുപറയുമെന്നും ഭീഷണിമുഴക്കി. ഇതേച്ചൊല്ലി സജിയും ബന്ധുവും തര്‍ക്കമായതോടെയാണ് ഇയാള്‍ വിവരം പൊലിസിലറിയിച്ചതെന്നുമാണ് മറ്റൊരു കഥ.
തിരിച്ചറിയാനാവില്ല, വ്യക്തിത്വ വൈകല്യം
ഡോ. പി.എന്‍ സുരേഷ് കുമാര്‍
സൈക്യാട്രിസ്റ്റ്, കെ.എം.സി.ടി മെഡിക്കല്‍ കോളജ്
സ്വന്തം കൂടെപ്പിറപ്പുകളേയും മക്കളേയുമൊക്കെ മന:സാക്ഷിക്കുത്തില്ലാതെ കൊല്ലാന്‍ സാധിക്കണമെങ്കില്‍ അവരില്‍ തീര്‍ച്ചയായും ഒരു സ്വഭാവവൈകല്യമുണ്ടായിരിക്കണം. പ്രതികള്‍ക്ക് പണത്തിനു വളരെ അത്യാവശ്യം വന്ന സാഹചര്യത്തിലാണ് ഇവിടെ രണ്ടു കുറ്റകൃത്യങ്ങളും നടന്നിരിക്കുന്നത്.
വ്യക്തിത്വവൈകല്യ രോഗം എന്നു പറയാനുള്ള തെളിവുകള്‍ ഇവിടെ ഇല്ലെങ്കിലും ഇതിന്റെയെല്ലാം പിന്നിലെ ചേതോവികാരമായത് ഒരു ആന്റി സോഷ്യല്‍ പെഴ്‌സണാലിറ്റി എലമെന്റ് (വ്യക്തിത്വ സാമൂഹ്യവിരുദ്ധ ഘടകം) ആണെന്ന് മനസിലാകും. മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് നമ്മുടെ തലച്ചോറില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്രീഫ്രോണ്ടല്‍ ലോബ് ആണ്. ഈ പ്രീഫ്രോണ്ടല്‍ ലോബാണ് മനുഷ്യന് വിവേചനവും വിവേകവും ബുദ്ധിയും എല്ലാം നല്‍കുന്നത്. എന്നാല്‍ വ്യക്തിത്വ വൈകല്യമുള്ള ആളുകളില്‍ ഇവയുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനം കാണും. പ്രീഫ്രോണ്ടല്‍ ലോബാണ് മനുഷ്യനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. മനുഷ്യ മനസിന്റെ സെന്‍സര്‍ ബോര്‍ഡാണിത്. ഇതിന്റെ പ്രവര്‍ത്തനം കുറയുമ്പോള്‍ അവര്‍ ചെയ്യുന്നത് തെറ്റാണെന്നു തിരിച്ചറിയാനാവില്ല. ചെയ്താല്‍ തന്നെ കുറ്റബോധം കാണില്ല. ഇതോടൊപ്പം ലഹരികൂടി ഉപയോഗിക്കുന്നവരാണെങ്കില്‍ ആ സമയത്ത് എന്തു കുറ്റകൃത്യം ചെയ്യാനും ഇവര്‍ക്കു മടിയും കാണില്ല.
ജീവിതത്തിലെ യാന്ത്രികമായ ബഹിര്‍സ്ഫുരണമായും നമുക്കിതിനെ വ്യാഖ്യാനിക്കാം. നമ്മുടെ നിയമവ്യവസ്ഥിതി ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. നിയമത്തിന്റെ പഴുതുകളിലൂടെ എന്തുക്രൂരകൃത്യം ചെയ്താലും രക്ഷപ്പെടാമെന്ന ധാരണ ജനങ്ങളിലുണ്ടായിട്ടുണ്ട്. എത്രവലിയ കുറ്റകൃതം ചെയ്താലും അവര്‍ക്ക് ഉടനെ അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള നിയമവ്യവസ്ഥിതിയും നമ്മുടെ നാട്ടിലില്ല. കുറ്റകൃത്യം നടന്ന് പത്തും പതിനഞ്ചും വര്‍ഷം വരേ കാത്തിരിക്കണം വിധി വരാന്‍. പല കേസുകളും തള്ളിപ്പോകുന്നു. പ്രതികളും ഇരകളും മരിച്ചുപോകുന്നു. അഭയ കേസുപോലെ വര്‍ഷങ്ങളെടുക്കുന്ന കേസുകളാണ് അധികവും. ഇവിടെ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ അടിയന്തരമായി വരണം. വളരെ പെട്ടെന്ന് ശിക്ഷ ലഭിക്കുമെന്ന ബോധം സമൂഹത്തിനുണ്ടാക്കി കൊടുക്കണം. എങ്കില്‍ മാത്രമേ ഒരുപരിധിവരേ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരാന്‍ സഹായകമാവൂ.
ഇരകളെ അന്വേഷിച്ചുള്ള യാത്രകള്‍
ഡോ. ടി.എം രഘുറാം
സൈക്യാട്രി വിഭാഗം മേധാവി,
എം.ഇ.എസ് മെഡിക്കല്‍ കോളജ്
ജനസംഖ്യയില്‍ പത്തു ശതമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്. ഇവരെ തിരിച്ചറിയാനോ മൃഗീയവാസനകളെ കണ്ടെത്താനോ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. ഏതുതരം മാനസിക രോഗമായാലും തിരിച്ചറിയപ്പെടുന്നു. അവയ്ക്ക് ചികിത്സാ രീതികളും നിലവിലുണ്ട്. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കുന്നില്ല. ഈ സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ള പത്തുശതമാനത്തെ എപ്പോഴും കയറൂരിവിട്ടിരിക്കുന്നു. ഇവര്‍ക്കു കുറ്റബോധമില്ല.
അവരെ തിരുത്താനും ആവില്ല. കടുത്തശിക്ഷാ രീതികൊണ്ടുപോലും ഇത്തരം ക്രിമിനലുകളുടെ പെരുമാറ്റ രീതികള്‍ മാറ്റി എടുക്കാനും സാധിക്കില്ല.
മൂന്ന് പ്രമാദമായ കേസുകളാണ് ഈ ആഴ്ചയില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്തുകൊണ്ട് ഇത്തരം കേസുകള്‍ വര്‍ധിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തില്‍ എന്നും കുറ്റകൃത്യങ്ങള്‍ നടക്കുന്നു. പുതിയൊരു സംഗതിയല്ല. എന്നാല്‍ പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കൊറോണകാലത്ത് ധാരാളം കുറ്റകൃത്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എല്ലാവരും വീടുകളില്‍ അടഞ്ഞുകൂടിയിരിക്കുന്ന സമയത്തായിരുന്നു ഗാര്‍ഹികകുറ്റകൃത്യങ്ങളുടെ വേലിയേറ്റമുണ്ടായത്. കൊലയും കൊള്ളയും ലഹരിവസ്തുക്കളുടെ ഉപയോഗവും സ്ത്രീ പീഡനവും എല്ലാം ഉണ്ടായി. ഉത്ര വധം നമ്മള്‍ മറന്നിട്ടില്ല. സ്വന്തം സഹോദരന്റെ മകനെ പുഴയിലെറിഞ്ഞ വ്യക്തിയുടെ ക്രൂരത മറക്കാറായിട്ടില്ല. എല്ലാം പണത്തിനും പൊന്നിനും വേണ്ടിയായിരുന്നു. മറ്റു വഴികളാലോചിക്കാതെ എടുത്തുചാടിയുള്ള കുറ്റകൃത്യങ്ങളായിരുന്നു ഇവയെല്ലാം.
കൊറോണ സാഹര്യവും ഈ അവസ്ഥക്കു കാരണമായിട്ടുണ്ട്. ലോകം ഒറ്റപ്പെട്ടപ്പോള്‍ വരുമാനമില്ലാതായി. ഇതു മുന്‍പ് കാണാത്ത സാഹചര്യമാണ്. കുറച്ചു കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്ന പ്രത്യാശയായിരുന്നു. എല്ലാവരും വീട്ടില്‍ ഒറ്റക്കിരിക്കുന്നു. വരുമാനം ഇല്ലാതായി. ഹോട്ടലും ചെറിയ സംരംഭങ്ങളുമെല്ലാം അടഞ്ഞുകിടന്നു. സാമ്പത്തികമായ അരാജകത്വം. എല്ലാവരും വീട്ടില്‍ വീര്‍പ്പുമുട്ടേണ്ട അവസ്ഥ. ഭാര്യയും മക്കളും ഭര്‍ത്താവും നാലുചുവരുകള്‍ക്കിടയില്‍ ഒതുങ്ങികൂടിയപ്പോള്‍ പരസ്പര ഭിന്നതകളും കലഹവും കൂടി.
മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാം കൊവിഡ് കാലത്ത് കൂടുകയായിരുന്നു. ഒരിക്കലും മദ്യപിക്കാത്തവരും മദ്യപിച്ചു തുടങ്ങി. ബോറഡിമാറ്റാന്‍ തുടങ്ങിയവരായിരുന്നു പലരും. കഞ്ചാവ് വലി തുടങ്ങി. എന്റെ അടുക്കല്‍ വന്ന ഒട്ടേറെ രോഗികള്‍ ഇതു സമ്മതിക്കുന്നു. പലതരം സംഘര്‍ഷങ്ങളില്‍ നിന്നുകൂടിയായിരുന്നു ലഹരിയുടെ വഴികളിലേക്കു അവര്‍ പോയത്. പരലുടേയും മനസിന്റെ സമനില തെറ്റിക്കുന്ന ഘടകങ്ങള്‍ ഇതൊക്കെതന്നെയാണ്. പീഡനക്കേസുകളും കൊവിഡ് കാലത്ത് കൂടിയിട്ടുണ്ട്. പൊലിസും നിയമവും കൊവിഡില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴാണ് വേട്ടക്കാര്‍ക്കു കൂടുതല്‍ അവസരങ്ങളൊത്തുവന്നത്.
കൊവിഡ് വീണ്ടും രണ്ടാം തരംഗമായി വന്നു ഭീതിപ്പെടുത്തുന്നു. ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ക്കുള്ള സാഹചര്യം കൂട്ടുകയാണിത്. അത്തരമൊരവസ്ഥയിലാണ് വീണ്ടും ഒറ്റപ്പെടലും സാമ്പത്തിക അരക്ഷിതത്വവും വന്നുചേരുന്നത്. കുറ്റകൃത്യങ്ങള്‍ വന്നു ചേരുന്നത്. വ്യക്തിത്വവൈകല്യമുള്ള മനുഷ്യരാണിതെല്ലാം ചെയ്യുന്നത്. ഇവരുടെ പെരുമാറ്റ രീതികള്‍ വിചിത്രമാണ്. ചെയ്യുന്നത് തെറ്റാണെന്ന തോന്നലേയില്ല. മന:സാക്ഷിയുമില്ല ഇവര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."