HOME
DETAILS

ഇന്ത്യ ലോകഗുരുവാകും കൊവിഡ് വ്യാപനത്തിലെങ്കിലും

  
backup
April 26 2021 | 00:04 AM

854686515-2
 
 
ലോകത്ത് നിലവിലുള്ള ഏറ്റവും മോശപ്പെട്ട രണ്ടാം കൊവിഡ് തരംഗം ഇന്ത്യയിലാണെന്നും രോഗബാധയെക്കുറിച്ചുള്ള ഭയാനകമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ മൂടിവയ്ക്കുകയാണെന്നുമാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ടൈം വാരിക ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ അഞ്ചിലൊന്നേ സമ്മതിക്കുന്നുള്ളൂവെങ്കിലും ഇന്ത്യയില്‍ പ്രതിദിനം 10,000 പേരെങ്കിലും കൊവിഡ് ബാധിതരായി മരിക്കുന്നുണ്ടെന്നാണ് വാരികയുടെ വിലയിരുത്തല്‍. അന്ത്യദിനത്തിന്റെ മാതൃകാ ചിത്രം എടുക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യയിലെ ആശുപത്രികളില്‍നിന്ന് ആകാവുന്നതാണെന്നും ടൈം പറയുന്നു. പൊതുജനാരോഗ്യ രംഗത്ത് ലോകചരിത്രം കണ്ട ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി ലോകചരിത്രം മോദിയെ കുറിച്ച് രേഖപ്പെടുത്തിവയ്ക്കുമെന്നാണ് 'ദ ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തത്. പരിശോധിക്കാന്‍ വേണ്ടത്ര ലാബുകളും സംവിധാനങ്ങളും മരുന്നുകളും ഓക്‌സിജനും ഇല്ലാത്ത ഇന്ത്യയില്‍നിന്ന് ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം 3,32,730ഉം 3,46,786ഉം പേര്‍ക്ക് രോഗബാധയേറ്റ കാര്യം വിദേശമാധ്യമങ്ങളിലുണ്ട്. അംഗീകരിക്കപ്പെട്ട കണക്കുകള്‍ മാത്രമായിരുന്നു അവ. മധ്യപ്രദേശ് സര്‍ക്കാര്‍ ഏപ്രില്‍ 21ന് പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് ഭോപ്പാലിലെ ശ്മശാനത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ ദഹിപ്പിച്ച ദിവസം യഥാര്‍ഥത്തില്‍ 94 ശവങ്ങള്‍ എരിഞ്ഞൊടുങ്ങിയെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്.   
  
കൊവിഡിനുമേല്‍ ഇന്ത്യ ജയം നേടിയ കാര്യം ലാഗോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ കഴിഞ്ഞ ജനുവരിയില്‍ തന്നെ മോദി പ്രഖ്യാപിച്ചിരുന്നല്ലോ. ഇന്ന് വീണ്ടും കേള്‍ക്കുമ്പോള്‍ എന്തൊരു പരിഹാസ്യമായ പ്രസംഗമായാണ് അത് മാറുന്നത്! ഒന്നാംഘട്ടത്തില്‍ കുത്തനെ ഉയര്‍ന്ന രോഗബാധ ക്രമേണ താഴേക്കുവന്നത് താന്‍ നേതൃത്വം നല്‍കിയ പാത്രം മുട്ടലും മൊബൈല്‍ ഫ്‌ളാഷ് തെളിയിക്കല്‍ മറ്റുമായ കൊവിഡ് 'ഉച്ചാടന' പരിപാടികളിലൂടെയാണെന്ന് സ്തുതിപാടകരുടെ താമ്രപത്രങ്ങള്‍ വായിച്ച് പ്രധാനമന്ത്രി തീര്‍ച്ചയായും വിശ്വസിക്കുന്നുണ്ടാവണം. ഒറ്റ സംസ്ഥാനമായ ബംഗാളില്‍ ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയതും ലക്ഷക്കണക്കിനാളുകളെ ക്ഷണിച്ചുവരുത്തി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന കുംഭ മേള പൊടിപൊടിച്ചതുമൊക്കെ 'ഭാരതീയരുടെ സവിശേഷമായ ജീന്‍ ഗുണ'ങ്ങളില്‍ ഭരണകൂടത്തിനുള്ള ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാവണം. എന്നല്ല, കുംഭ മേളയില്‍ പങ്കെടുക്കുന്നത് കൊവിഡിനെതിരേയുള്ള പ്രതീകാത്മക പോരാട്ടമാണെന്ന് ഒരവസരത്തില്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഭക്തജനങ്ങളുടെ അര്‍മ്മാദത്തിന് പിന്നെയെന്ത് വേണമായിരുന്നു. പുറകെ നടന്ന തെരഞ്ഞെടുപ്പുകളുടെ ശേഷപത്രം ഇനിയും അറിയാനിരിക്കുന്നേയുള്ളൂ.
 
പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് ഗോമൂത്രം കുടിച്ച് കൊവിഡിനെ തുരത്താനായിരുന്നു തെരഞ്ഞെടുപ്പ് റാലികളില്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പങ്കെടുത്ത ഒരൊറ്റ തെരഞ്ഞെടുപ്പുറാലിയില്‍ പോലും ബംഗാളില്‍ പ്രധാനമന്ത്രി സ്വയം മാസ്‌ക് ധരിക്കുകയോ കൂട്ടം കൂടരുതെന്ന് ജനങ്ങളോട് ഉപദേശിക്കുകയോ ചെയ്തിരുന്നില്ല. എന്നല്ല, മുന്നൂറ് രൂപക്കും ഒരു പൊതി ചോറിനും വേണ്ടി തെരഞ്ഞെടുപ്പ് റാലികളില്‍ തിങ്ങിക്കൂടുന്ന പട്ടിണിപ്പാവങ്ങളെ നോക്കി പുളകംകൊള്ളുകയായിരുന്നു മോദി. മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെയും അവരെ സംരക്ഷിക്കുന്ന മമതാ ബാനര്‍ജിയെയും തുരത്തിയോടിക്കാനായിരുന്നു ഈ റാലികളില്‍ മോദിയുടെ ആഹ്വാനം. കൊവിഡ് വൈറസിനെയായിരുന്നില്ല.  
 
ബുദ്ധിയുള്ള ഭരണാധികാരികള്‍ ലോകത്തുടനീളം കൊവിഡിന്റെ രണ്ടാം വരവിനെ നേരിടാന്‍ തയാറെടുക്കുമ്പോഴാണ് മോദിയും കൂട്ടരും തെരഞ്ഞെടുപ്പുകള്‍ സമ്മാനിക്കാന്‍ പോകുന്ന ഹിന്ദുരാഷ്ട്ര അജന്‍ഡകളില്‍ അഭിരമിച്ച് മുന്നോട്ടുപോയത്. രാജ്യം കുട്ടിച്ചോറായാലും രാജ്യസഭ പിടിക്കലായിരുന്നു അവര്‍ക്ക് പ്രധാനം. കൊവിഡ് വാക്‌സിനുകള്‍ അംഗീകരിക്കപ്പെടുന്നതിനു പോലും മുമ്പേ തന്നെ ഫൈസര്‍ കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്ക മുന്‍കൂട്ടി ബുക്ക് ചെയ്തത് 40 കോടി ഡോസുകളാണ്. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ നവംബറില്‍ ബുക്ക് ചെയ്തത് 80 കോടിയും. വെറും 43.6 കോടിയാണ് യൂണിയന്റെ ജനസംഖ്യയെന്നോര്‍ക്കുക. മറുഭാഗത്ത് 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ആദ്യത്തെ ഓര്‍ഡര്‍ നല്‍കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്, അതും വെറും 16 കോടി ഡോസുകള്‍ക്ക്. ലോകഗുരുവായി സ്വയം അഭിരമിക്കുന്ന ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിലെ 'വല്ല്യായ്മ'ത്തരവും ഒപ്പം ബി.ജെ.പിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കളുടെ സമ്മര്‍ദവും കൂടിച്ചേര്‍ന്നുണ്ടാക്കിയ ദുരന്തമായിരുന്നു അത്. ഒന്നും രണ്ടുമല്ല വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്ക് പറയുന്നത് ഏപ്രില്‍ 25 വരെയായി 95 രാജ്യങ്ങളിലേക്ക് 662.69 ലക്ഷം ഡോസുകള്‍ ഇന്ത്യ കയറ്റി അയച്ചുവെന്നാണ്. ഇതില്‍ 37 ശതമാനം ഇന്ത്യ സമ്മാനമായാണ് വിവിധ രാജ്യങ്ങള്‍ക്ക് കൊടുത്തയച്ചതെന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ലോക മരുന്നുല്‍പാദന രംഗത്ത് ഇന്ത്യ നടത്തിയ ഈ 'കുതിച്ചു ചാട്ട'ത്തെ  ജര്‍മനി ഉള്‍െപ്പടെ വിവിധ ലോകരാജ്യങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോഴാണ് നാം ലോകത്തിന്റെ ഫാര്‍മസിയായി മാറിയെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി അവകാശപ്പെട്ടത്. നാലോ അഞ്ചോ ആഴ്ചകള്‍ക്കകം ലോകത്തിലെ ഏറ്റവും വലിയ മോര്‍ച്ചറിയായി ഇന്ത്യ മാറിയപ്പോള്‍ നേരത്തെ കൈയടിച്ച ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേ ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്തു.
 
കൊവിഡ് ചികിത്സാ രംഗത്ത് അനിവാര്യമായ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നിട്ടും ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രമുള്ള കാലയളവില്‍ 4502 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കിട്ടുമെങ്കില്‍ സോമാലിയയില്‍ നിന്നുപോലും ഓക്‌സിജന്‍ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലേക്ക് മോദി സര്‍ക്കാര്‍ എത്തിപ്പെടുകയും ചെയ്തു. ബജറ്റ് വകയിരുത്തിയതനുസരിച്ച് വെറും 210 കോടി രൂപ ചെലവില്‍ രാജ്യത്തിന്റെ 150 ജില്ലാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങാമായിട്ടും എന്തുകൊണ്ട് ഈ ദുരന്തം. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതിലപ്പുറം ഇത്തരം പദ്ധതികള്‍ക്ക് ആയുസുണ്ടാവാത്തതു തന്നെ കാരണം. പല പ്രഖ്യാപനങ്ങളും പിന്നീട് സ്വകാര്യമേഖലയുമായി സഹകരിച്ചു വേണമായിരുന്നു നടപ്പാക്കാന്‍. അനുവദിച്ച 14 കേന്ദ്രങ്ങളില്‍ ഒരെണ്ണം പോലും സ്ഥാപിക്കാതെ യു.പി മുഖ്യമന്ത്രി രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനവധാനതയുടെ ഈ പട്ടികയില്‍ നിറയെയും ക്രൂരമായ ഫലിതങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ കൊറോണ വൈറസിന് രൂപമാറ്റം സംഭവിച്ച കാര്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നിട്ടാണ് ലാഗോസ് ഉച്ചകോടിയില്‍ ഇന്ത്യ കൊവിഡിനെ തോല്‍പ്പിച്ചുവെന്ന് മോദി ബഡായി അടിച്ചത്. ഒക്ടോബറില്‍ കണ്ടെത്തിയിട്ടും ഈ പുതിയ വകഭേദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇക്കഴിഞ്ഞ മാസം മാത്രമാണ് രാജ്യം തുടക്കം കുറിച്ചതെന്നോര്‍ക്കുക. ബജറ്റില്‍ എഴുതിവച്ചതല്ലാതെ തെരഞ്ഞെടുത്ത എട്ട്  ലാബുകള്‍ക്ക്  പ്രഖ്യാപിച്ച 115 കോടി പോലും കൊടുക്കാനില്ലാത്ത മോദി സര്‍ക്കാരിന് എന്ത് മുന്നൊരുക്കം ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കേണ്ടത്?
 
ഏതൊക്കെയോ കോര്‍പറേറ്റ് കമ്പനികള്‍ ഇന്ത്യയുടെ മന്ത്രാലയങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് ആരും സംശയിച്ചു പോകുന്ന വിധമാണ് ഈ ചട്ടമ്പിത്തരങ്ങളുടെ പോക്ക്. രാജ്യത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍നിന്ന് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, സ്വകാര്യമേഖലയില്‍ മാത്രമായിരുന്നു വാക്‌സിന്‍ നിര്‍മാണം മുന്നോട്ടുപോയത്. മുംബൈയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്‌കൈന്‍ ബയോ മെട്രിക് ഇന്‍സ്റ്റിറ്റ്യൂട്ട്, തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ പൊതുമേഖലയില്‍ സ്ഥാപിതമായ എച്ച്.എല്‍.എല്‍ ഇന്റഗ്രേറ്റഡ് വാക്‌സിന്‍ പ്ലാന്റ് എന്നിവയില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചുവെങ്കിലും നാലു മാസങ്ങള്‍ക്കു ശേഷവും ഒരു നടപടിയും ഉണ്ടായില്ല. ഇതിനകം 900 കോടിയിലേറെ ചെലവു വന്ന, യു.പി.എ കാലത്ത് തന്നെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ സ്ഥിതി ചെയ്യുന്ന എച്ച്.എല്‍.എല്‍ ഇന്റഗ്രേറ്റഡ് വാക്‌സിന്‍ പ്ലാന്റില്‍നിന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഒറ്റ ഡോസ് വാക്‌സിന്‍ പോലും പുറത്തിറക്കാനായിട്ടില്ല. പൊതുമേഖലയോടുള്ള അടിസ്ഥാനപരമായ വൈരാഗ്യവും ആരോഗ്യമേഖല സേട്ടുമാര്‍ക്ക് കാശുണ്ടാക്കാനുള്ള അക്ഷയഖനികളാണെന്ന ഉറച്ച ബോധ്യവുമാണ് മോദി സര്‍ക്കാരിനെ നയിച്ചുകൊണ്ടിരുന്നത്. തെലങ്കാനയിലെ ഭാരത് ബയോ ടെക് ശരാശരി മൂന്ന് ഡോളറിന് ലോകത്തുടനീളം കയറ്റുമതി ചെയ്ത വാക്‌സിന്‍ 150 രൂപക്ക് മൊത്തമായി കേന്ദ്രസര്‍ക്കാര്‍ വാങ്ങിക്കൂട്ടുകയും എന്നിട്ട് 400 രൂപക്ക് സംസ്ഥാനങ്ങള്‍ക്ക് വിറ്റ് ലാഭമുണ്ടാക്കാനും ശ്രമിച്ചതോടെ കത്തുന്ന പുരയില്‍ നിന്നും കഴുക്കോലൂരുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചോറു മാത്രമല്ല ചപ്പാത്തി തിന്നുന്നവര്‍ക്കു കൂടി ബോധ്യംവന്നു. നാണം കെട്ട് ഈ കച്ചവടത്തില്‍നിന്നു ഒടുവില്‍ പിന്‍മാറിയെങ്കിലും. ഈ മറിച്ചുവില്‍പ്പനയിലൂടെ 1,11,100 കോടി മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. 
 
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലാഗോസിലെ ഉച്ചകോടിയില്‍ നടത്തിയ ഗീര്‍വാണ പ്രസംഗത്തില്‍ മോദി അവകാശപ്പെട്ട കാര്യങ്ങള്‍ ഇന്ത്യയിലായിരുന്നില്ല നടപ്പിലായത്. 200ലേറെ രാജ്യങ്ങളുടെ പൗരന്മാര്‍ അധിവസിക്കുന്ന, പ്രതിദിനം 590 വിമാനങ്ങള്‍ പറന്നിറങ്ങുന്ന രാജ്യമായ യു.എ.ഇയെ ഉദാഹരണമായി എടുക്കുക. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കൊവിഡിന്റെ രണ്ടാം തരംഗം യു.എ.ഇയില്‍ അനുഭവപ്പെടുന്നുണ്ട്. ശരാശരി 2000ത്തിനുള്ളിലേക്ക് രോഗബാധിതരുടെ എണ്ണം ഒതുക്കി നിര്‍ത്താന്‍ അവിടത്തെ സര്‍ക്കാരിനായി. ലക്ഷക്കണക്കിന് യാത്രക്കാര്‍ പറന്നിറങ്ങുന്ന വിമാനത്താവളങ്ങളില്‍ സൗജന്യമായി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഏര്‍പ്പെടുത്തിയും പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കിയും അതിവേഗമാണ് ഈ കൊച്ചു രാജ്യം സമ്പൂര്‍ണ ആര്‍ജിത പ്രതിരോധത്തിലേക്ക് മുന്നേറുന്നത്. ബ്രിട്ടനില്‍ വാക്‌സിനേഷനു വേണ്ടി ഭരണകൂടം പൗരന്‍മാരെ അങ്ങോട്ടു തേടിയെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത മരുന്ന് കുത്തിവച്ചാണ് ജര്‍മനി സമ്പൂര്‍ണ പ്രതിരോധത്തിലേക്ക് അടുക്കുന്നത്. മോദി അവകാശപ്പെട്ടതു പോലെ ലോകാരോഗ്യ സംഘടനയുടെ ആശ്വാസമായല്ല ഇന്ത്യ മാറിയത്, തലവേദനയായാണ്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago