ആകാശ് തില്ലങ്കേരി ക്രിമിനലെങ്കില്‍ എന്തിനാണ് സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്? വിഡി സതീശന്‍
കണ്ണൂര്‍: ആകാശ് തില്ലങ്കേരി ക്രിമിനല്‍ എന്നു പറയുന്ന പാര്‍ട്ടി നേതൃത്വം പിന്നെ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന്റെ മുന്‍പില്‍ സി.പി.എം പേടിച്ചു നില്‍ക്കുകയാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരിയില്‍ ചേര്‍ന്ന സി.പി.എം യോഗത്തില്‍ ആകാശിനെതിരെ ഒരക്ഷരം മിണ്ടരുതെന്നാണ് തീരുമാനമെടുത്തത്. സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയപ്പെടുന്നത് എന്തിനാന്നെന്ന് വ്യക്തമാക്കണം. രണ്ടു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്.
ആകാശ് തില്ലങ്കേരിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുകയാണ് സി.പി.എം. ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തുന്നതു പോലെ തന്നെ മറുവശത്ത് സ്വപ്നാ സുരേഷും സി.പി.എമ്മിനെ ഭീഷണിപ്പെടുത്തുകയാണ്. ഒരു പാര്‍ട്ടി എല്ലാ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭാഗമാവുകയാണ്. ബംഗാളില്‍ 33 വര്‍ഷക്കാലം ഭരിച്ചപ്പോഴുണ്ടായ അവസാന കാലത്തിലെ പോലെയാണ് സി.പി.എം ഇപ്പോള്‍ കേരളത്തിലുള്ളത്. ഒരു ഭീകര സംഘടനയെ പോലെയാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ആളുകളെ വെറുതെ ഭയപ്പെടുകയാണ്. ജനങ്ങളെ പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കുകയാണ് വേണ്ടത്. ആംബുലന്‍സ് ഉള്‍പെടെ 40 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നതെന്നും വെള്ള കുപ്പായം ഇട്ടയാളുകളെ മുഴുവന്‍ അറസ്റ്റു ചെയ്യുകയാണെന്നും സതീശന്‍ ആരോപിച്ചു.
വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തില്ലങ്കേരിയില്‍ സി.പി.എം പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗമാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് മേല്‍ ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം. തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."