സി.പി.എം ജനകീയ പ്രതിരോധ യാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. കാസര്‍കോട് കുമ്പളയില്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.
ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയില്‍ നിന്ന് തുടങ്ങുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്‍ച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടിയാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കു ശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വര്‍ധനവ് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും യാത്രയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.
പി കെ ബിജുവാണ് ജാഥാ മാനേജര്‍. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്ക് സി തോമസ് എന്നിവരും ജാഥയിലെ സ്ഥിരാംഗങ്ങളാണ്.
മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ കൂടാതെ പൗരപ്രമുഖരുമായി എം.വി.ഗോവിന്ദന്‍ നടത്തുന്ന പ്രത്യേക ചര്‍ച്ചകളും യാത്രയുടെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."