രക്തത്തില്‍ മുക്കിയ ഭാഷാസമരം
കേരള ചരിത്രത്തില്‍ തുല്യതയില്ലാത്ത ഭാഷാസമരം മലപ്പുറത്തിന്റെ മണ്ണില്‍ അരങ്ങേറിയത് ഒരു റമദാന്‍ 17നായിരുന്നു. 1980 ജൂലൈ 30നു മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ യുവാക്കള്‍ പൊലിസിന്റെ വെടിയുണ്ടകളേറ്റ് വീണ ദിനം. സമരമുഖത്തുനിന്നു രക്തംപുരണ്ട വസ്ത്രം മാറാതെയാണ് പിറ്റേന്ന് കെ.പി.എ മജീദ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടത്. നിയമസഭ നിര്‍ത്തിവയ്ക്കുകയും സഭ പിരിഞ്ഞ് ലീഗ് നേതാക്കള്‍ മലപ്പുറത്തേക്കു കുതിക്കുകയും ചെയ്തു. സി.എച്ച് മുഹമ്മദ് കോയ ആ സംഭവത്തെ നിയമസഭയില്‍ വിശേഷിപ്പിച്ചത് 'മലപ്പുറത്തുനിന്ന് അടിച്ചുവീശുന്ന കാറ്റിനു കരിഞ്ഞ മനുഷ്യ മാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമാണുള്ളത് ' എന്നാണ്.
ഒരു ഭാഷ പഠിക്കാന്‍ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടി, അല്ലെങ്കില്‍ നിലവിലുള്ള അവകാശം കവരാന്‍ വന്നവരെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു അറബിഭാഷാ സമരം. നെഞ്ചില്‍ സൂക്ഷിക്കുന്ന തൗഹീദിന്റെ ബലവും ബദ്‌റിന്റെ ത്യാഗ സ്മരണകളും മഹാപുരുഷ പരമ്പരയുടെ പോരാട്ടവീര്യവും ചേര്‍ന്ന് ആദര്‍ശബന്ധുരമായിരുന്നു ആ സമരം. അധികാരത്തിന്റെ ബലത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷത്തിനെതിരേ നടത്തിയ പ്രത്യയശാസ്ത്ര യുദ്ധത്തെയാണ് ഭാഷാധ്യാപക സംഘടനയായ കെ.എ.ടി.എഫും യൂത്ത് ലീഗും അന്നു പരാജയപ്പെടുത്തിയത്. അറബിഭാഷാ പഠനത്തിലൂടെ കേരളത്തില്‍ രൂപപ്പെട്ട സാസ്‌കാരിക പരിസരത്തെയാണ് അന്നത്തെ ഭരണകൂടം ഉന്നംവച്ചത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മതിലുകള്‍ തകര്‍ത്ത് മുസ്‌ലിം സാമൂഹിക ജീവിതത്തിനകത്തു നുഴഞ്ഞുകയറാന്‍, അറബിഭാഷയുടെ വ്യാപനത്തിനു പങ്കുണ്ടെന്ന് സി.പി.എം തിരിച്ചറിഞ്ഞു. നാടെങ്ങും പരന്നുകിടക്കുന്ന മദ്‌റസകളും ദര്‍സുകളും അറബിക് കോളജുകളും അതിനൊപ്പം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നാംതരംതൊട്ട് ബിരുദാനന്തര ബിരുദം വരെയുള്ള അറബി പഠന സൗകര്യവും മതവിരുദ്ധ ചിന്തയ്ക്കു കയറിയിരിക്കാനുള്ള ഇടം നഷ്ടപ്പെടുത്തുകയായിരുന്നു.
1967ല്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റപ്പോള്‍ അതുവരെ സ്‌പെഷലിസ്റ്റ് അധ്യാപകരായിരുന്ന അറബി, ഉറുദു, സംസ്‌കൃതം അധ്യാപകരെ ഭാഷാധ്യാപകരായി അംഗീകരിച്ചു. അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കി. മുസ്‌ലിം പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ അറബി അധ്യാപകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.
അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍... പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നാമെങ്കിലും നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ ഉത്തരവുകള്‍ പിന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്നത്. അറബി, ഉറുദു, സംസ്‌കൃതം ഭാഷകളെ തന്ത്രപൂര്‍വം വിദ്യാലയങ്ങളില്‍നിന്നു പുറത്താക്കാന്‍ ഈ ഉത്തരവുകള്‍ക്കു സാധിക്കുമായിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി എം.എസ്.എഫും കെ.എ.ടി.എഫും വ്യത്യസ്ത ദിവസങ്ങളില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. കെ.എ.ടി.എഫ് ധര്‍ണയില്‍ സി.എച്ച് നടത്തിയ സുധീരമായ പ്രസംഗത്തിനു കേരളം ചെവികൊടുത്തു.
തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഘട്ടംഘട്ടമായി ജൂലൈ 30ന് കലക്ടറേറ്റ് പിക്കറ്റിങ് തീരുമാനിച്ചു. ആ ദിവസം റമദാന്‍ 17 ആണ്. അതിരാവിലെ തന്നെ കൊടികെട്ടിയ വാഹനങ്ങള്‍ മലപ്പുറം കലക്ടറേറ്റിനെ ലക്ഷ്യംവച്ചു. രാവിലെ 8.30ന് കോട്ടപ്പടി മൈതാനിയില്‍നിന്ന് ജാഥ ആരംഭിച്ചു. മുദ്രാവാക്യങ്ങളുമായി, ഒരു പ്രകോപനവുമില്ലാതെ പ്രകടനം മുന്നോട്ടുനീങ്ങി. സിവില്‍ സ്റ്റേഷനു മുന്നില്‍ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ നിറഞ്ഞു. പിക്കറ്റിങ് സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വളരെ കുറച്ച് പൊലിസുകാരും മാത്രമായിരുന്നു അവിടെ. വളരെ സമാധാനപരമായി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചുകൊണ്ടിരുന്നു. അപ്പോഴും കലക്ടറേറ്റിലേക്കുള്ള പ്രകടനം അവസാനിച്ചിരുന്നില്ല. സമയം 11.25 ആയപ്പോള്‍ മലപ്പുറം ഭാഗത്തുനിന്ന് ഒരു പൊലിസ് ജീപ്പ് ചീറിവന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. വാസുദേവ മേനോനായിരുന്നു അത്. പിക്കറ്റിങ്ങുകാര്‍ക്കിടയിലൂടെ സിവില്‍ സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. ഡിവൈ.എസ്.പി ജീപ്പില്‍നിന്ന് ചാടിയിറങ്ങി പ്രവര്‍ത്തകരെ പിടിച്ചുതള്ളി ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചു. ഇതിനിടെ സായുധ പൊലിസ് വ്യൂഹം എത്തി.
പിന്നാലെ വെടിവയ്പും ക്രൂരമായ അതിക്രമങ്ങളുമുണ്ടായി. കരുതിവച്ച ഉണ്ടകള്‍ മുഴുവന്‍ തീര്‍ത്താലും ഈ പുരുഷാരം പിന്തിരിയില്ലെന്ന് ബോധ്യമായ പൊലിസ് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ മയ്യിത്തുകള്‍ ആശുപത്രിയില്‍ എത്തിക്കാനോ പോലും പൊലിസ് അനുവദിച്ചില്ല. ഈ കൊടുംക്രൂരതക്ക് തെളിവുണ്ടാക്കുകയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ജില്ലയിലെങ്ങും പിറ്റേന്ന് പുലരുവോളം പൊലിസിന്റെ പടയോട്ടമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും കൈയേറാനും തീയിട്ട് നശിപ്പിക്കാനും മഫ്തി പൊലിസുകാര്‍ രംഗത്തെത്തി. ജനം പ്രകോപിതരായിരുന്നു എന്ന് വരുത്തിത്തീര്‍ക്കലായിരുന്നു ലക്ഷ്യം.
പിറ്റേന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേല്‍ സ്പീക്കര്‍ ചര്‍ച്ച അനുവദിച്ചില്ല. സഭ നിര്‍ത്തിവച്ചതോടെ യൂത്ത് ലീഗ് രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. അക്കമഡേഷന്‍ നിര്‍ത്തിവച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ ക്വാളിഫിക്കേഷന്‍ കാര്യത്തിലും അയവു വരുത്തി. സെപ്റ്റംബര്‍ 19ന് എല്ലാ ഉത്തരവുകളും പിന്‍വലിച്ച് സര്‍ക്കാര്‍ പത്തിതാഴ്ത്തി.
(കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."