പാലക്കാട്ടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍; ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറുപേര്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പാലക്കാട്ടെ രണ്ടു കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും. ഉത്തര മേഖലാ ഐ.ജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കും. കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡി.ജി.പി അറിയിച്ചു.
അതേ സമയം 24 മണിക്കൂറുകള്‍ക്കിടെ രണ്ട് ജീവനുകള്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് പാലക്കാട് നഗരം.
ഇന്നലെ ഉച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം.
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45)ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്.
അതേ സമയം എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറുപേരായിരുന്നു കൊലയാളി സംഘത്തിലുണ്ടായിരുന്നത്.
മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ സംഘം തിരിച്ച് പോകുകയുമായിരുന്നു. തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റിരുന്നു.
സുബൈര്‍ വധത്തില്‍ നാലുപേരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവരില്‍ സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി ഒരാള്‍ മാത്രമാണ് പിടിയിലാകാനുണ്ടാകുക. സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്.
അതേ സമയം ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ പൊലിസുകാരെയും ജില്ലയില്‍ വിന്യസിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."