'നീ 'വെറും' പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; 'പ്രതിഷേധം' പറയാതെ പറഞ്ഞ് രേണു രാജിന്റെ എഫ്.ബി പോസ്റ്റ്
കൊച്ചി: സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ 'പ്രതിഷേധ സ്വര'ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ''നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം'' എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടര്‍ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് വനിതാ ദിനമായ ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് ജില്ലാ കലക്ടറായാണ് സ്ഥലംമാറ്റം. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടര്‍.
മറ്റു ചില ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സ്ഥാന ചലനമുണ്ടായിട്ടുണ്ട്. കോഴിക്കോട് ഉള്‍പെടെ അഞ്ചു ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റമുണ്ടായത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു രേണു രാജിന്റെ സ്ഥലംമാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരിശ്രമിക്കുന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."