ലോക്‌സഭ തെരഞ്ഞെടുപ്പ്: ഉത്തരേന്ത്യയില്‍ വെള്ളം കുടിക്കും, പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണയം പാളി; ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേ
ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമായി ബി.ജെ.പി ആഭ്യന്തര സര്‍വേ. രാജസ്ഥാനിലും ഹരിയാനയിലും വിജയം ആവര്‍ത്തിക്കാനാകില്ലെന്നും ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സരം കടുപ്പമാകുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. പല സീറ്റുകളിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീപോള്‍ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്.
രാമക്ഷേത്ര നിര്‍മാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചുവെന്ന് 48ശതമാനം അഭിപ്രായപ്പെടുമ്പോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. ഇന്ത്യ മതേതരത്വ രാജ്യമായി നിലനില്‍ക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്. സര്‍വേയില്‍ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ഇവര്‍ പ്രതികരിച്ചത്. അതില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും.
എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.11 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങള്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
19 സംസ്ഥാനങ്ങളില്‍ 100 പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സര്‍വേ നടന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടര്‍മാരുടെ പ്രധാന ആശങ്കകള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണെന്ന് സി.എസ്.ഡി.എസ് സര്‍വേ ഫലം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ തൊഴിലില്ലായ്മയുണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62ശതമാനമാണ്. പണപ്പെരുപ്പം വര്‍ധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അഴിമതിയില്‍ വര്‍ധനയുണ്ടായെന്ന് 55ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വര്‍ധിച്ചുവെന്ന് 48 ശതമാനം പറയുമ്പോള്‍ 35% തകര്‍ച്ച നേരിട്ടുവെന്ന് അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."