സോളാർ പീഡനക്കേസ് ; ക്ലിഫ് ഹൗസിൽ അഞ്ചര മണിക്കൂർ തെളിവെടുപ്പ് നടത്തി സി.ബി.ഐ
തിരുവനന്തപുരം
സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അഞ്ചര മണിക്കൂർ തെളിവെടുപ്പ് നടത്തി സി.ബി.ഐ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡനക്കേസിലാണ് സി.ബി.ഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിക്കൊപ്പമായിരുന്നു തെളിവെടുപ്പ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുപ്പിന് അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പത്ത് മുതൽ പരിശോധനയ്ക്ക് പൊതുഭരണവകുപ്പ് അനുമതി നൽകിയത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തെളിവെടുപ്പിനായി ഒരു കേന്ദ്ര ഏജൻസി എത്തുന്നത്. അതും ഒരു പീഡന പരാതിയിൽ. സി.ബി.ഐ എത്തിയതിന് പിന്നാലെ ഒരു ഓട്ടോറിക്ഷയിൽ പരാതിക്കാരിയും ക്ലിഫ് ഹൗസിലെത്തി. 2012 ഓഗസ്റ്റ് പത്തൊൻപതിന് ക്ലിഫ് ഹൗസിലെത്തിയപ്പോൾ ഡൈനിങ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇപ്പോൾ ജീവനക്കാർ ആണ് ഇൗ മുറിയിൽ താമസിക്കുന്നത്.
നാല് വർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സി.ബി.ഐക്ക് കൈമാറിയത്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽ കുമാർ, ഹൈബി ഈഡൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരേയാണു സി.ബി.ഐ കേസ്. മുൻ മന്ത്രി അനിൽ കുമാറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസം മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തും. മന്ത്രിയായിരിക്കെ അനിൽ കുമാർ അവിടെയാണു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ താമസിച്ചിരുന്ന എം.എൽ.എ ഹോസ്റ്റലിലും അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചു എന്ന് പറയുന്ന മാസ്‌കറ്റ് ഹോട്ടലിലും സി.ബി.ഐ സംഘം തെളിവെടുപ്പു നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."