തികഞ്ഞ വിജയ പ്രതീക്ഷ; തൃക്കാക്കരയും മാറിച്ചിന്തിക്കും ഡോ. ജോ ജോസഫ്
കൊച്ചി
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. യു.ഡി.എഫ് കോട്ടയായിരുന്ന പാലാ മണ്ഡലം മാറിച്ചിന്തിച്ച പോലെ തൃക്കാക്കരയും മാറിച്ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.പഠിക്കുന്ന കാലത്ത്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിൽ താൻ അംഗത്വമെടുത്തിരുന്നില്ലെങ്കിലും ചെറുപ്പം മുതൽ ഇടത് മനോഭാവമുള്ളയാളായിരുന്നു. തൻ്റെ പിതാവ് സി.പി.ഐക്കാരനായിരുന്നു. താൻ അടുത്തകാലത്ത് സി.പി.എം അംഗത്വമെടുത്തിട്ടുണ്ട്. പാർട്ടിയുടെ ആരോഗ്യ പ്രവർത്തകരുടെ വിഭാഗത്തിലാണ് തനിക്ക് അംഗത്വമുള്ളത്. ജനങ്ങളുടെ വേദനകൾ മനസിലാക്കുന്ന ഇടതുപക്ഷം ഹൃദയപക്ഷമാണ് എന്ന് തനിക്ക് ഉറപ്പുണ്ട്. താൻ ക്രൈസ്ത സഭയുടെ നോമിനിയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പഠിച്ചതും ജോലി ചെയ്യുന്നതും സഭയുടെ സ്ഥാപനത്തിലാണെങ്കിലും താൻ സഭയുടെ സ്ഥാനാർഥിയല്ല. എന്നാൽ, സാമുദായിക സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയില്ല.ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളേക്കാൾ മുന്നിലാണ് കേരളം. എന്നാൽ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഇനിയും മുന്നേറാനുണ്ട്. അതുകൊണ്ടുതന്നെ കെ റെയിൽപോലുള്ള പദ്ധതികൾ കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഡോ. ജോ ജോസഫിനെ തെരഞ്ഞെടുപ്പ് മൽസരത്തിന് വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ലിസി ആശുപത്രി ഡയറക്ടർ ഫാ.പോൾ കരേടൻ ,ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപുറം എന്നിവർ അഭിപ്രായപ്പെട്ടു.മന്ത്രി പി. രാജീവ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, എം. സ്വരാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."