നന്മകളുടെ റമദാൻ
വെള്ളിപ്രഭാതം
തൻസീർ ദാരിമി കാവുന്തറ
ഇസ് ലാമിക നിഷ്ഠകളുടെ വാർഷികോത്സവമായ റമദാനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. ആത്മാനന്ദത്തിന്റെ അനുഭൂതികളാണ് റമദാനിന്റെ ഉള്ളടക്കം. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നാണ് ആരാധനകൾ ഉയിരെടുക്കുന്നത്. വിശ്വാസികൾ ആത്മീയോന്നതിയും മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവിതത്തിലെ വിശുദ്ധിയും കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനാനുഷ്ഠാനത്തിലൂടെ ഇസ്‌ലാം ലക്ഷീകരിക്കുന്നത്.
മനുഷ്യരുടെ മാർഗദർശനത്തിനായി നൽകപ്പെട്ട അവസാന വേദഗ്രന്ഥം വിശുദ്ധ ഖുർആൻ ഇറങ്ങിയതാണ് റമദാനിന്റെ മുഖ്യവിശേഷം. ഖുർആന്റെ മുമ്പ് അവതരിക്കപ്പെട്ട ഗ്രന്ഥങ്ങളായ മൂസ(അ)ന്റെ തൗറാത്തും ഈസ (അ)ന്റെ ഇഞ്ചീലും ദാവൂദ്(അ)ന്റെ സബൂറും അവരിലേക്ക് ഇറക്കപ്പെട്ടത് റമദാനിൽതന്നെ. തൗറാത്ത് റമദാൻ ആറിനും ഇഞ്ചീൽ പന്ത്രണ്ടിനും സബൂർ പതിനെട്ടിനും.
ദൈവിക വിളിക്കുത്തരമായി പകലിലെ അന്നപാനീയങ്ങളും വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചുകൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു. ആരാധനകളും ദാനധർമങ്ങളും വർധിപ്പിക്കുകയും തെറ്റായ വാക്കുകളിൽനിന്നും പ്രവൃത്തികളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുമ്പോഴാണ് വ്രതാനുഷ്ഠാനം സാർഥകമാവുന്നത്. ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമിക മൂല്യങ്ങളും ദൈവികാധ്യാപനങ്ങളും മറന്നുപോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചുകൊണ്ട് തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവയ്ക്കാനും ഓർമിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്‌ലാമിക പാഠം ലോക മുസ്‌ലിംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണിത്.
ഒരു മാസം നീണ്ടുനിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമിക, ആത്മീയ ഊർജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞകാലങ്ങളിൽ വന്ന വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാധ്യമാകണം. അരുതായ്മകളിൽനിന്നും അധാർമികതയിൽനിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച ദൈവികബോധത്തോളം ശക്തമായ മറ്റൊന്നുമില്ല. ശഹ്‌റുൽ ഖുർആൻ (ഖുർആന്റെ മാസം), ശഹ്‌റുസ്സ്വബർ(സഹനത്തിന്റെ മാസം), ശഹ്‌റുൽ മുവാസാത്വ് (സഹാനുഭൂതിയുടെ മാസം) നബിമൊഴികളിൽ വിശുദ്ധ മാസത്തിന് വിശേഷണങ്ങളേറെയുണ്ട്.
നബി(സ്വ) റമദാൻ മാസത്തെ അങ്ങേയറ്റം ആദരവോടെയാണ് സമീപിച്ചിരുന്നത്. ഒരു റമദാൻ സമാഗമത്തിന്റെ തൊട്ടുമുമ്പ് അവിടുന്ന് ചെയ്ത പ്രസംഗത്തിന്റെ സാരാംശം ഇപ്രകാരമാണ്; 'ജനങ്ങളെ അല്ലാഹുവിന്റെ മാസം അനുഗ്രഹവും കാരുണ്യവും പാപവിമുക്തിയുമായി നിങ്ങളെയിതാ സമീപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളിൽ ഏറ്റവും അനുഗൃഹീതമായത് ഇതാണ്. പകലുകളിൽ സർവപുണ്യം, ഇതിലുദിച്ച പകലുകളും, രാവുകളിൽ അത്യുന്നതം, ഇതിൽ വിരിഞ്ഞ മൂവന്തികളുമാണ്. മണിക്കൂറുകളുടെ കാര്യവും തഥൈവ. ഈ മാസത്തിൽ അല്ലാഹുവിന്റെ വിരുന്നിലേക്ക് നിങ്ങളിതാ ക്ഷണിക്കപ്പെടുകയാണ്. അവന്റെ സാദരത്തിന് നിങ്ങൾ വിധേയരാകട്ടെ. ഇതിൽ നിങ്ങളുടെ ശ്വാസോച്ഛാസങ്ങൾ തസ്ബീഹുകളാണ്. ഉറക്കം ആരാധനയാണ്. പ്രാർഥനകൾ സ്വീകാര്യം മാത്രമാണ്. നിങ്ങളുടെ നാഥനോട് ശുദ്ധഹൃദയത്തോടും ഉദ്ദേശ്യശുദ്ധിയോടും കൂടി ചോദിച്ചുകൊള്ളുക. വ്രതപാലനവും ഗ്രന്ഥപാരായണവും ഈ മാസത്തിൽ നിങ്ങൾക്ക് സാധിക്കുമാറാകട്ടെ, മഹത്തായ ഈ മാസത്തിൽ അല്ലാഹുവിന്റെ പക്കൽനിന്ന് പാപവിമുക്തി കിട്ടാത്തവരുണ്ടെങ്കിൽ അവർ മഹാഹതഭാഗ്യർ തന്നെ. അഗതികൾക്കും അനാഥകൾക്കും ദാനധർമങ്ങൾ ചെയ്യുക. വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, കുടുംബ ബന്ധം പുലർത്തുക, നാവിനെ സൂക്ഷിക്കുക, കണ്ണും കാതും അരുതായ്മകളിൽ നിന്നകറ്റി മാറ്റിക്കൊള്ളുക. അനാഥരോട് അനുകമ്പയുള്ളവരായാൽ നിങ്ങളുടെ മക്കൾ അനാഥരായാൽ അവർക്കും അനുകമ്പ ലഭിക്കും. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിൻ. നിസ്‌കാരസമയങ്ങളിൽ അവനോട് കൈയുയർത്തി പ്രാർഥിക്കുക. അതാണ് ഏറ്റവും അനുയോജ്യമായ സമയം. അല്ലാഹുവിന്റെ കടാക്ഷം താനുമായി സംഭാഷണം നടത്തിയവർക്കു മേൽ ചൊരിയപ്പെടുന്ന മുഹൂർത്തമത്രേ അത്.
വിളിക്കുന്നവരുടെ വിളിയാളങ്ങൾക്ക് പ്രത്യുത്തരം നൽകുന്നവനാണവൻ. ജനങ്ങളെ നിങ്ങളുടെ മനസ്സുകൾ പ്രവർത്തനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. നിങ്ങളുടെ മുതുകുകൾ പാപത്തിന്റെ ഭാരം താങ്ങുകയാണ്. നീണ്ട സുജൂദുകൾ വഴി അവയുടെ ഭാരം കുറയ്ക്കുക. സാഷ്ടാംഗം ചെയ്ത് നിസ്‌കരിക്കുന്നവരെ ശിക്ഷിക്കുകയില്ലെന്നും അവർക്ക് വിചാരണനാളിൽ നരകഭീതി ഒഴിവാക്കിക്കൊടുക്കുമെന്നും സർവശക്തൻ അവന്റെ അന്തസ് മുൻനിർത്തി ആണയിട്ടിരിക്കുന്നു. ഈ മാസത്തിൽ നിങ്ങളാരെങ്കിലും ഒരു സത്യവിശ്വാസിയെ നോമ്പ് തുറപ്പിച്ചാൽ അല്ലാഹുവിന്റെ അടുക്കൽ അതയാൾക്ക് ഒരു മോചനവും പാപങ്ങളിൽനിന്നുള്ള പാശ്ചാത്താപവുമാണ്. ഒരു ചീന്തു കാരക്ക കൊണ്ടെങ്കിൽ, അതില്ലെങ്കിൽ ഒരു മുറുക്ക് വെള്ളം കൊണ്ടെങ്കിലും നിങ്ങൾ നരകാഗ്നിയിൽനിന്ന് രക്ഷനേടാൻ യത്‌നിക്കണം. ഈ മാസത്തിൽ സ്വഭാവങ്ങൾ സൽഗുണങ്ങളിൽ സ്വാംശീകരിച്ചാൽ നാളെ തലനാരിഴ വിസ്താരമുള്ള സ്വിറാത്തിലൂടെ ഇമ വെട്ടും വേഗമോ ഇടിവെട്ടും വേഗമോ മിന്നൽ പിണറായോ കടന്നുപോകാം. അടിമത്തത്തിൽ കഴിയുന്നവരുടെ ദാസ്യഭാരം കുറച്ചുകൊടുത്താൽ അല്ലാഹുവിന്റെ അടുക്കൽ വിചാരണ ലഘുവായിരിക്കും. നിരുപദ്രവകാരികൾക്ക് ഒരിക്കലും അല്ലാഹുവിന്റെ കോപം കാണേണ്ടിവരില്ല. കുടുംബബന്ധം വിഛേദിക്കുന്നവർക്ക് അവന്റെ കാരുണ്യവർഷം എന്നെന്നും അന്യമായിരിക്കും. നിർബന്ധകർമ്മങ്ങൾക്ക് ഒന്ന് എഴുപതും എഴുപതിന് ആയിരവും പുണ്യങ്ങൾ. എത്രമേൽ മഹോന്നതം ഈ വിശ്വാസവസന്തം. എന്റെ മേൽ അധികമായി സ്വലാത്ത് ചെല്ലുന്നവർക്ക് വിചാരണാ നാളിൽ തുലാസിൽ കനം തൂങ്ങുന്ന ഉജ്വല വിഭവമാകും അത്. ഒരു സൂക്തം ഖുർആനിന് പലസൂക്തങ്ങൾ ഖുർആൻ ഓതിയ പുണ്യമാണ് ഈ രാപ്പകലുകളിൽ. ഈ മാസത്തിൽ സ്വർഗവാതിലുകൾ തുറന്നിടപ്പെടും. നിങ്ങളുടെ മുമ്പിൽ അവ ഒരിക്കലും അടഞ്ഞുപോകാതിരിക്കാനും അടച്ചിട്ട നരകവാതിലുകൾ ഒരിക്കലും തുറക്കപ്പെടാതിരിക്കാനും അല്ലാഹുവിനോട് പ്രാർഥിക്കുക. ചെകുത്താന്മാർ ബന്ധനം ചെയ്യപ്പെട്ട് വേതാളരാജ്യങ്ങൾ ശൂന്യമാക്കപ്പെടും. അവകൾക്ക് നിങ്ങളുടെമേൽ സ്വാധീനമുണ്ടാകാതിരിക്കാൻ നാഥനോട് തേടിപ്പറയുക. അല്ലാഹുവിന്റെ വിലക്കുകൾ ലംഘിക്കാതെ ജീവിക്കുക എന്നതാണ് ഈ മാസത്തിലെ ഏറ്റവും ഉത്തമ നടപടി'(മിശ്കാത്തുൽ മസ്വാബീഹ്).
മൃഗത്തിന്റെയും മാലാഖയുടെയും ഗുണങ്ങൾ മേളിച്ചതാണ് മനുഷ്യന്റെ അസ്തിത്വം.
മൃഗമായി നിപതിക്കാനും മാലാഖയായി പറന്നുയരാനും മനുഷ്യനു സാധിക്കും. മൃഗതുല്യമായ പതിമൂന്ന് തരം മനോവൃത്തികൾ മനുഷ്യനിലും നടക്കുന്നുവത്രേ. രാഗം, ദേഷ്യം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ, ദംഭം, ദർപ്പം, അഹങ്കാരം എന്നിവയാണവ. രാഗം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു. ദേഷ്യം പ്രതികാരദാഹത്തെ സൂചിപ്പിക്കുന്നു. കാമം നിരർഥകമായ മോഹങ്ങളെയും ആർത്തികളെയും പണിയുന്നു. ക്രോധം എടുത്തുചാട്ടത്തിന്റെ മൂലഹേതുവാണ്. എല്ലാം തനിക്കാകണമെന്ന ആർത്തിവിചാരമാണ് ലാഭം. ധർമാധർമങ്ങൾ മാനിക്കാതെ ധനപ്രമത്തത ബാധിച്ച് ചിന്തകൾക്ക് തിമിരം ബാധിക്കലാണ് മോഹം. സമ്പത്തുകൊണ്ട് വിചാരിച്ചതെന്തും നടക്കുമെന്ന ധാരണയാണ് മദം. മറ്റുള്ളവർ നന്നാകുന്നതിലുള്ള അസഹ്യതയാണ് മാത്സര്യം. തന്നെ ബാധിച്ച കഷ്ടപ്പാടുകൾ എന്തേ മറ്റുള്ളവർക്ക് ബാധിക്കാത്തത് എന്ന വിചാരമാണ് ഈർഷ്യ. അപരന് ഗുണം പിടിക്കുന്നത് അസഹ്യമായിക്കണ്ട് ദേഷ്യപ്പെടലാണ് അസൂയ. എല്ലാവരും തന്നെ പ്രകീർത്തിക്കണമെന്ന വിചാരമാണ് ദംഭം. തനിക്ക് തുല്യം മറ്റൊന്നുമില്ല എന്ന തോന്നലാണ് ദർപ്പം. എന്തിനും ഞാൻ മതിയെന്ന നാട്യമാണ് അഹങ്കാരം. ഇവകളുടെ വിപാടനമായിരിക്കട്ടെ ഓരോ ഉപാസകന്റെയും ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."